സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂരില്‍ തുടക്കം; ആദ്യ ദിവസം യാത്രയാകുന്നത് മൂന്ന് വിമാനങ്ങളിലായി 498 പേര്‍

0

കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകരുടെ ആദ്യസംഘം ഇന്ന്(തിങ്കള്‍) അര്‍ധരാത്രിക്കു ശേഷം കരിപ്പൂരില്‍ നിന്ന് യാത്രതിരിക്കും. ചൊവ്വാഴ്ച (21.05.2024) പുലര്‍ച്ചെ 12.05 നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ചൊവ്വാഴ്ച രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ 166 വീതം യാത്രക്കാരുമായി തിരിക്കും. ആകെ 498 ഹാജിമാരാണ് ആദ്യ ദിവസം കരിപ്പൂരിൽ നിന്ന് യാത്രയാകുന്നത്. 

ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമായി. ഇന്നലെ (തിങ്കള്‍) രാവിലെ മുതല്‍ തിര്‍ത്ഥാടകര്‍ ക്യാമ്പിലെത്തി തുടങ്ങി. വിമാനത്താവളത്തിലെ എയര്‍ലൈന്‍ കൗണ്ടറില്‍ ലഗേജുകള്‍ കൈമാറിയ ശേഷമാണ് ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക ബസുകളില്‍ ക്യാമ്പിലെത്തിയത്. ജൂണ്‍ 9 വരെയുള്ള 20 ദിവസം കോഴിക്കോട് എംബാര്‍ക്കേഷനിലെ ഹജ് ക്യാമ്പ് തുടരും. 


ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന കായിക - ന്യൂനപക്ഷ ക്ഷേമ -  ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ ആമുഖ പ്രസംഗം നടത്തി. എം.പി മാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, എം എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, പി.ടി.എ. റഹീം, മുഹമ്മദ് മുഹ്സിൻ, പി. അബ്ദുൽ ഹമീദ്, പി. ഉബൈദുല്ല, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹ്റ, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡൻ്റ് കെ. ബിന്ദു, വാർഡ് കൗൺസിലർ അലി വെട്ടോടൻ, എയർപോർട്ട് ഡയറക്ടർ ഇൻചാർജ് രാജേഷ്, ഡി.ജി.എം. സുനിത വർഗീസ്, സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ സകീർ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കടക്കൽ അബ്ദുൽ അസീസ് മൗലവി, സി.പി. ഉമർ സുല്ലമി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ. മോയിൻകുട്ടി മാസ്റ്റർ, ടി.പി. അബ്ദുള്ളക്കോയ, അബ്ദുല്ലത്തീഫ്, എ.കെ. അബ്ദുൽ ഹമീദ്, എഞ്ചിനീയർ മുഹമ്മദ് കോയ, ആരിഫ് ഹാജി, എം.സൈഫുദ്ദീൻ ഹാജി, പാലേരി ദിനേശൻ സംസാരിച്ചു.  ഹജ് കമ്മിറ്റി അംഗം അഡ്വ.പി. മൊയ്തീൻ കുട്ടി സ്വാഗതവും അംഗം മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

ഹജജ് കമ്മിറ്റി അംഗങ്ങളായ ഉമ്മർ ഫൈസി മുക്കം, ഡോ. ഐ.പി. അബ്ദുസ്സലാം, കെ.പി. സുലൈമാൻ ഹാജി, സഫർ കയാൽ, അക്ബർ പി.ടി., കെ.എം. മുഹമ്മദ് ഖാസിം കോയ, ഡോ.പി.എ. സയ്ദ് മുഹമ്മദ് പങ്കെടുത്തു.

തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 


സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി ഈ വര്‍ഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്. ആകെ തീര്‍ത്ഥാടകരില്‍ 7279 പേര്‍ പുരുഷന്മാരും 10604 പേര്‍ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള  എട്ട് കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടും. കോഴിക്കോട് (കരിപ്പൂര്‍) എംബാര്‍ക്കേഷന്‍ വഴി 10430 പേരും കൊച്ചി വഴി 4273,  കണ്ണൂര്‍ വഴി 3135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേര്‍ ബാംഗ്ലൂര്‍, അഞ്ച് പേര്‍ ചെന്നൈ, മൂന്ന് പേര്‍ മുംബൈ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുക. മൊത്തം തീര്‍ത്ഥാടകരില്‍ 1250 പേര്‍ 70 വയസ് കഴിഞ്ഞ റിസര്‍വ്ഡ് കാറ്റഗറിയില്‍ പെട്ടവരും 3582 പേര്‍ ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ നിന്നുളളവരും ശേഷിക്കുന്നവര്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവരുമാണ്. അവസാന വര്‍ഷം (2023) ല്‍  11252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. ഈ വര്‍ഷം 6516 എണ്ണം തീര്‍ത്ഥാടകരുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ക്യാമ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാര്‍ത്ഥന എന്നിവക്കായി പ്രത്യേകമായ ഹാളുകള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് യാത്രാരേഖകളും യാത്രാ നിര്‍ദ്ദേശങ്ങളും ക്യാമ്പില്‍ വെച്ച് നല്‍കും. വിമാനം പുറപ്പെടുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ് തീര്‍ത്ഥാടകരെ പ്രത്യേക ബസില്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കും. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കുടുതല്‍ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങള്‍ക്കുമായി എയര്‍പോര്‍ട്ടിലും ഹജ്ജ് ക്യാമ്പിലും പോലീസ് സേനയെയും പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ വിമാനം കയറുന്നത് വരെ വോളണ്ടിയര്‍മാരുടെ മുഴു സമയ സേവനം ഉണ്ട്. തീര്‍ത്ഥാടരുടെ അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനായി വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ 24 മണിക്കൂര്‍ സേവനവും ലഭ്യമാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് സേവനവും സജ്ജമാണ്.

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ 166 പേര്‍ക്ക് സഞ്ചരിക്കാവുന്ന 59 വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്നും ഇതുവരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കാത്തിരിപ്പ് പട്ടികയില്‍ നിന്നും ഇതിനം അവസരം ലഭിച്ചവര്‍ക്കുള്ള അധിക വിമാനവും ജൂണ്‍ 9 ന് മുമ്പുള്ള ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും. ദിനേന മൂന്ന് വിമാനങ്ങളാണ് കോഴിക്കോട് നിന്നും സര്‍വ്വീസ് നടത്തുക. ജൂണ്‍ എട്ടിന് നാല് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ജുലൈ ഒന്ന് മുതല്‍ 22 വരെയുള്ള കാലയളവില്‍ മദീന വഴിയാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 

മെയ് 26 നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ് നടത്തുക. കൊച്ചിയില്‍ നിന്നും ജൂണ്‍ ഒമ്പത് വരെ 17 സര്‍വ്വീസുകളും കണ്ണൂരില്‍ നിന്നും ഒമ്പത് വിമാനങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

Content Summary: State Hajj camp begins in Karipur.. 498 people will travel on the first day in three flights

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !