പ്രമേഹത്തിൻ്റെ പിടിയില്‍ ലോകം; ജീവിതരീതി മാറ്റണമെന്ന് ലോകാരോഗ്യ സംഘടന

0

ഇന്ന് ലോകമെമ്ബാടുമുള്ള യുവാക്കളുടെയും പ്രായമായവരുടെയും ഇടയില്‍ ഒരുപോലെ കേള്‍ക്കുന്ന ഒരു വാക്കാണ് പ്രമേഹം അഥവാ ഷുഗര്‍ എന്നത്.

ആദ്യമൊക്കെ മധ്യവയസിലേയ്ക്ക് കടക്കുമ്ബോഴാണ് പ്രമേഹത്തിന്റെ കടന്നുവരവെങ്കില്‍ ഇപ്പോഴത് വളരെ ചെറുപ്രായത്തില്‍ തന്നെ പലരെയും ബാധിക്കുന്നു. മാറുന്ന ഭക്ഷണരീതികളും ജീവിത ശൈലികളും പാരമ്ബര്യ ഘടകങ്ങളും ഒരു പരിധി വരെ പ്രമേഹത്തിന് കാരണമാകുന്നുണ്ട്.

എന്താണ് പ്രമേഹം

ഇത് ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുന്ന ഒരു ഗുരുതര രോഗമാണ്. വളരെക്കാലം നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പര്‍ ഗ്ലൈസീമിയ) ആണ് പ്രമേഹം. ലോകമെമ്ബാടുമുള്ള 800 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രമേഹമുണ്ടെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ലോകം മുഴുവനും എടുക്കുകയാണെങ്കില്‍ 1990 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പ്രമേഹം ബാധിച്ചവരുടെ എണ്ണം ഇരട്ടിയിലധികമായിരിക്കുകയാണ്. ഈ കാലയളവില്‍ മുതിര്‍ന്നവരിലെ പ്രമേഹ നിരക്ക് ഏകദേശം 7 ശതമാനത്തില്‍ നിന്ന് 14 ശതമാനം ആയി ഇരട്ടിയായി വര്‍ധിച്ചു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ഏറ്റവും വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെന്നാണ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ആഗോള വിശകലനം റിപ്പോര്‍ട്ടില്‍ പറയുന്നത്.


ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച്‌ എന്‍സിഡി-റിസ്സിയിലെ ശാസ്ത്രജ്ഞര്‍ വിവിധ രാജ്യങ്ങളിലെ 18 ഉം അതില്‍ കൂടുതലോ പ്രായമുള്ള 140 ദശലക്ഷത്തിലധികം ആളുകളില്‍ നടത്തിയ 1,000-ലധികം പഠനങ്ങളിലൂടെയാണ് പ്രമേഹ വ്യാപനത്തിന്റെയും ചികിത്സയുടെയും കൃത്യമായ കണക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നത്.

ആഗോള പ്രമേഹ കേസുകളില്‍ പകുതിയിലേറെയും നാല് രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചാണെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഈ പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. 2022-ല്‍ പ്രമേഹബാധിതരില്‍ നാലിലൊന്ന് (212 ദശലക്ഷം) ഇന്ത്യയിലും 148 ദശലക്ഷം ചൈനയിലും 42 ദശലക്ഷം അമേരിക്കയിലും 36 ദശലക്ഷം പാക്കിസ്ഥാനിലും ആണ്. ഇന്തോനേഷ്യയിലും ബ്രസീലിലും യഥാക്രമം 25 ദശലക്ഷവും 22 ദശലക്ഷവും കേസുകളുണ്ട്.

പസഫിക് ദ്വീപുകള്‍, കരീബിയന്‍, മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ ചില രാജ്യങ്ങളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനസംഖ്യയില്‍ 25 ശതമാനം ത്തിലധികം പേര്‍ക്ക് പ്രമേഹമുണ്ടെന്ന് പഠനം കണ്ടെത്തി, അതേസമയം ഉയര്‍ന്ന വരുമാനമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ പ്രമേഹ നിരക്ക് ഉയര്‍ന്നത് അമേരിക്കയിലും (12.5 ശതമാനം), യുകെയിലും (8.8 ശതമാനം) ആണ്.

നേരെമറിച്ച്‌, 2022-ലെ പ്രമേഹ നിരക്ക് ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്ക് 2-4ശതമാനം വരെയും ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഉഗാണ്ട, കെനിയ, മലാവി, സ്‌പെയിന്‍, റുവാണ്ട എന്നിവിടങ്ങളിലെ പുരുഷന്മാര്‍ക്ക് 3-5ശതമാനം വരെയും കുറവാണ്.

വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി ആളുകള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ തടയുന്നത് ലോകമെമ്ബാടുമുള്ള മെച്ചപ്പെട്ട ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യയിലെ മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ ജോയിന്റ് ഫസ്റ്റ് രചയിതാവും പ്രസിഡന്റുമായ ഡോ.രഞ്ജിത് മോഹന്‍ പറയുന്നു.

”ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്കുള്ള സബ്സിഡികള്‍, സൗജന്യ ആരോഗ്യകരമായ സ്‌കൂള്‍ ഭക്ഷണം തുടങ്ങിയ നടപടികളിലൂടെ, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ സാധാരണക്കാര്‍ക്ക് വാങ്ങാനാവുന്ന തരത്തിലാക്കുക, വ്യായാമം ചെയ്യാനുള്ള അവസരങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ കൂടുതല്‍ നയങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ്. പൊതു പാര്‍ക്കുകളിലേക്കും ഫിറ്റ്നസ് സെന്ററുകളിലേക്കും സൗജന്യ പ്രവേശനം ഉള്‍പ്പെടെ നടക്കാനും വ്യായാമം ചെയ്യാനും സുരക്ഷിതമായ സ്ഥലങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളും പ്രമേഹം തടയുന്നതിനായി ഡോ രഞ്ജിത് ചൂണ്ടിക്കാട്ടി.

ഫലപ്രദമായ, പ്രമേഹ മരുന്നുകളുടെ ലഭ്യത ഉണ്ടായിരുന്നിട്ടും, ചികിത്സയുടെ അഭാവവും അശ്രദ്ധയും പലപ്പോഴും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നതായി പഠനം പറയുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും പ്രമേഹത്തിന് ചികിത്സ ലഭിക്കുന്നവരുടെ എണ്ണം മെച്ചപ്പെട്ടിട്ടില്ല. ലോകത്ത് പ്രമേഹമുള്ള ആളുകളില്‍ 445 ദശലക്ഷം ആളുകളും 30 വയസും അതില്‍ കൂടുതല്‍ പ്രായമുള്ളവരുമാണ്. ഇവര്‍ക്കും വേണ്ടത്ര ചികിത്സ ലഭിച്ചിട്ടില്ല.

‘കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രമേഹത്തില്‍ ഭയാനകമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് അമിതവണ്ണത്തിന്റെ വര്‍ദ്ധനവിനെ തുടര്‍ന്നാണ് ഉണ്ടായിരിക്കുന്നത്’, ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറയുന്നത്. ആഗോള പ്രമേഹ പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാക്കാന്‍ അടിയന്തിരമായി നടപടിയെടുക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്ന നയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയാണ് ഇത് സാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പ്രമേഹം ജീവിതശൈലീ രോഗമാണ്. അതുകൊണ്ടുതന്നെ, പ്രമേഹ നിയന്ത്രണത്തിന് രോഗി ജീവിതശൈലി ക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും അതിപ്രധാനമാണ്. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കലും അളവനുസരിച്ചുള്ള ഭക്ഷണക്രമവും അതിപ്രധാനമാണ്. അന്നജം അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാനം. പഞ്ചസാരയിലും അരി തുടങ്ങിയ ധാന്യങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ അന്നജം അടങ്ങിയിട്ടുള്ളത്. പ്രമേഹ രോഗികള്‍ പഞ്ചസാരയും മറ്റു മധുരപദാര്‍ഥങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണം.

പൊണ്ണത്തടിയാണ് പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ശരീര ഭാരം കൂടുതലുള്ളവരില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാത്തതാണ് കാരണം. അതിനാല്‍, നിത്യേനയുള്ള വ്യായാമം രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. വ്യായാമം ചെയ്യുമ്ബോള്‍ അധിക ഊര്‍ജത്തിനായി രക്തത്തിലെ ഗ്ളൂക്കോസ് ഉപയോഗിക്കപ്പെടുന്നു. പ്രമേഹ രോഗികള്‍ ദിവസേനെ 20 മുതല്‍ 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നത് നടത്തമാണ്.

പ്രമേഹത്തെ നിസാരമായി കാണരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അത് നിശബ്ദ മരണമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ പ്രമേഹത്തെ നിസാരവല്‍ക്കരിക്കാതെ ഗൗരവമായി തന്നെയെടുത്ത് ചികിത്സ തേടേണ്ടത് ആവശ്യമാണ്. അടുത്ത തലമുറയെ പ്രമേഹം പിടിമുറുക്കാതിരിക്കട്ടെ. അതിന് ഇന്നു തന്നെ ശ്രമങ്ങള്‍ തുടങ്ങാം.

Content Summary: The world is in the grip of diabetes; The World Health Organization calls for lifestyle changes

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !