'ഹാജറാ ഷഫിയാ നസീമാ സക്കീനാ നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ. എന്താ രസം... ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ'
ഭര്‍ത്താവ് മരിച്ച സ്ത്രീ യാത്രകളൊന്നും പോകാതെ പ്രാര്‍ത്ഥനയുമായി ഇരിക്കണമെന്ന സമസ്ത എ.പി വിഭാഗം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം. ഇബ്രാഹിം സഖാഫി പുഴക്കാട്ടേരിയാണ് പ്രസ്താവന കൊണ്ട് പുലിവാല് പിടിച്ചത്.
25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച കോഴിക്കോട് സ്വദേശിനി നബിസുമ്മ മക്കളോടൊപ്പം മണാലിയില്‍ ടൂര്‍ പോയതിനെയാണ് സഖാഫി വിമര്‍ശിച്ചത്. ഇതോടെ നവമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് സഖാഫിക്കെതിരെ ഉയരുന്നത്. നബിസുമ്മയുടെ മക്കളും സഖാഫിക്കെതിരെ രംഗത്ത് വന്നു.
മണാലിയിലെ മഞ്ഞില്‍ കളിക്കുന്ന നബീസുമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നിലത്ത് വീണുകിടന്ന് മഞ്ഞ് വാരിയെറിഞ്ഞ് 'ഹാജറാ ഷഫിയാ നസീമാ സക്കീനാ നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ. എന്താ രസം... ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ' എന്ന് നബീസുമ്മ പറയുന്നത് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ലോകത്തെമ്പാടുമുള്ള മലയാളികള്‍ പുഞ്ചിരിയോടെ ആസ്വദിച്ചു കണ്ട വീഡിയോ. പക്ഷെ, നബീസുമ്മ അന്യ സംസ്ഥാനത്ത് പോയി മഞ്ഞ് വാരിക്കളിച്ചത് ഇബ്രാഹിം സഖാഫി പുഴക്കാട്ടേരിക്ക് ഒട്ടും പിടിച്ചില്ല. ദിഖ്‌റും സ്വലാത്തും ചൊല്ലി വീട്ടിലിരിക്കേണ്ട പ്രായത്തില്‍ ടൂര്‍ പോയതും പോരാ, കൂട്ടുകാരികളെ കൂടി വിളിക്കുന്നു.. എന്നായിരുന്നു സഖാഫിയുടെ പ്രതികരണം.
പക്ഷെ സഖാഫിയുടെ സാരോപദേശം കേട്ട പലരും മൂക്കത്ത് വിരല് വെച്ചു. ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ പോറ്റി വളര്‍ത്തിയ നബിസുമ്മ, ഒരു ടൂര്‍ പോയതിനാണോ ഒരാള്‍ ഇത്രയും പറയുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചു.
സഖാഫിക്കെതിരെ നബീസുമ്മയുടെ മകളും പ്രതികരിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്നായിരുന്നു മകള്‍ ജിഫ്‌നയുടെ ചോദ്യം. ഉസ്താദിന്റെ വാക്കുകള്‍ ഉമ്മയ്ക്ക് ഏറെ പ്രയാസമുണ്ടാക്കിയെന്നും മകള്‍ പറയുന്നു. എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഉമ്മ കരയുകയാണെന്നും യാത്ര പോയതിന്റെ സന്തോഷം മുഴുവന്‍ പോയെന്നും മകള്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.
ഇതിനെതിരെയാണ് കാന്തപുരം വിഭാഗം നേതാവും സുന്നി വോയ്സിൻ്റെ എഡിറ്റർ ഇൻ ചാർജുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി അധിക്ഷേപവുമായി രംഗത്തെത്തിയത്. ‘25 വർഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം അങ്ങ് ദൂരെ മഞ്ഞിൽ കളിക്കാൻ പോയി, മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. പാത്തുമ്മാ വാ, കദീജാ വാ, ഇതാണ് ജീവിതം എന്നാണ് പറയുന്നത്’ എന്നായിരുന്നു വിമർശനം.
പ്രസംഗത്തിനെതിരെ മകൾ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ‘‘25 വർഷം മുന്നെ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമില്ലേ? യാത്രകൾ പുതിയ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് പറയാറുണ്ട്. അതേ പോലെ പരന്നു കിടക്കുന്ന പടച്ചോന്റെ സൃഷ്ടികൾ കാണാനായി കഴിഞ്ഞ ഡിസംബർ മാസത്തിൽ ഞാനും എന്റെ ഉമ്മയും അന്യ സംസ്ഥാനമായ മഞ്ഞ് വീഴുന്ന മണാലിയിലേക്ക് പോയിരുന്നു. തീർത്തും ആനന്ദകരമായ യാത്രയ്ക്കിടയിൽ ആദ്യമായ് മഞ്ഞു കണ്ട ആഹ്ലാദത്തിൽ നിഷ്കളങ്കയായ എന്റുമ്മച്ചി മഞ്ഞിൽ അത്യാഹ്ലാദത്തോടെ സന്തോഷിക്കുകയും അതൊരു റീലായി പുറത്ത് വരുകയുമുണ്ടായി. അതിന് പിന്നാലെയായി തെറിയഭിഷേകവും, അടക്കം പറച്ചിലും നിരവധി ഞങ്ങളിലേക്ക് എത്തിയപ്പോഴും ഉമ്മാനെ സമാധാനിപ്പിച്ച് പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ട് വരാൻ എനിക്കന്ന് കഴിഞ്ഞിരുന്നു. എന്നാൽ അത് ഒരിക്കലും മതപരമായ രീതിയിലേക്ക് വളച്ചൊടിച്ച് ഗുരുതര പ്രശ്നമായി ചിത്രീകരിക്കപ്പെടുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.
ഒരു പ്രഭാഷണത്തിലൂടെ തകർത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ. എനിക്കൊരു വിഭാഗത്തോടും വെറുപ്പോ വിദ്വേഷമോ ഇല്ല. അതെ പോലെ ഞങ്ങളുടെ ശരിയും തെറ്റും ആരെയും ബോധിപ്പിക്കേണ്ടതുമില്ല.ആരോടും പ്രതികരിക്കാനോ മനസിലാക്കി തരാനോ എനിക്കുദ്ദേശമില്ല. എന്നാൽ കൂടിയും ആ പ്രസംഗം കാരണം ഇന്ന് എന്റുമ്മക്ക് മരണവീട്ടിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണ്. നിങ്ങളത് കൊണ്ട് എന്ത് നേടി?? അവരെ പിന്തുണക്കുന്നവർക്ക് അത് കൊണ്ട് എന്ത് കിട്ടി?
അതിലാ ഉസ്താദ് പറയുന്ന ഒരു കാര്യമുണ്ട് “ഇരുപത്തിയഞ്ച് വർഷമായി ഭർത്താവ് മരണപ്പെട്ട വലിയുമ്മാക്ക് ഏതെങ്കിലും മൂലയ്ക്കിരുന്ന് ദിക്റും സ്വലാത്തും ചൊല്ലിയാൽ പോരെ എന്ന്’’ എന്ത് കൊണ്ടാണ് അങ്ങനെയൊരു പരാമർശം നടത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല. എന്തേയ് ഒരു വിധവക്ക് ലോകം കാണാൻ വിലക്കുണ്ടോ?? അല്ലെങ്കിൽ ലോകം പുരുഷന് കാണാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ?? അല്ലെങ്കിൽ തന്നെ ആണുങ്ങൾക്ക് ഈ പറഞ്ഞ സ്വലാത്തൊന്നും ബാധകമല്ലെന്നാണോ??? ഇബാദത്ത് പടച്ചോനും പടപ്പും തമ്മിൽ ആവില്ലേ നിങ്ങക്കെന്തിനാ ഇത്ര ബേജാർ??? എന്റെ ഉമ്മാന്റെ അമലുകളും നന്മകളും പടച്ച റബ്ബിനറിയുന്നിടത്തോളം പടപ്പായ നമ്മൾ അതിൽ തല പുകക്കേണ്ടതുണ്ടോ?
ഉസ്താദ് പറഞ്ഞ പോലെ പത്തിരുപത്തിനാല് കൊല്ലത്തോളം എന്റുമ്മ ജീവിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തെ ദാരിദ്ര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. എല്ലാ കൂലിവേലകളും ചെയ്തിട്ടുണ്ട്. താൻ പൂർണഗർഭിണിയായ ദിവസം,അതായത് എന്നെ പ്രസവിക്കുന്നന്ന് പോലും എന്റെയുമ്മ ഞങ്ങളുടെ വിശപ്പടക്കാൻ, വീട് പണി നടക്കുന്ന സമയത്ത് പണിക്കാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാനുമായി എന്റെയുമ്മക്ക് പോവേണ്ടി വന്നിട്ടുണ്ട് ..
ഒരു സ്ത്രീ വിധവയാകുമ്പോൾ അവൾ കടന്നു പോകുന്ന സാഹചര്യം ഈ പറഞ്ഞ ആളുകൾക്ക് മനസ്സിലാകുമോ എന്നെനിക്ക് അറിയില്ല. മൂന്ന് പെൺമക്കളെയും, കാഴ്ചനഷ്ടപ്പെട്ട നടക്കാൻ കഴിയാത്ത ഉമ്മയെയും, വൃദ്ധയായ ബാപ്പയെയും ദിവസത്തിൽ ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാൻ സാധിച്ചെങ്കിലന്നോർത്ത് വീടുകൾ തോറും കൈ നീട്ടേണ്ടി വന്ന പെണ്ണിന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാവില്ല. ആയുസിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച എന്റുമ്മ ഇന്നൊന്ന് ഒരു യാത്ര പോയതാണോ നിങ്ങൾ കണ്ട കൊടും പാപം.
ഇവരെ അനുകൂലിക്കുന്ന മനുഷ്യരെ ഇനി നിങ്ങളോടാണ്..!!! പ്രയാസത്തിന്റെ പടുകുഴിയിൽ കൂപ്പ് കുത്തിയപ്പോഴും തളരാതെ എന്റുമ്മ അന്ന് പിടിച്ച് നിന്നത് ഞങ്ങൾ മക്കളെയോർത്താണ്...കാരണം ഒരു മനുഷ്യൻ ശരിക്കും യത്തീമാവുന്നത് ഉപ്പ മരിക്കുമ്പോഴല്ല ,അവന്റെ മാതാവിനെ നഷ്ടപ്പെടുമ്പോഴാണ്. ദുഃഖഭാരത്തിന്റെ അങ്ങേ തലയ്ക്കൽ ആയുസിന്റെ നല്ലൊരു ഭാഗവും നഷ്ടമായപ്പോൾ ഇന്നൊരു യാത്ര പോയതാണോ എന്റുമ്മ ചെയ്ത തെറ്റ്???? ഈ പ്രതിസന്ധി ഘട്ടത്തിലും മറ്റൊന്നും പ്രതീക്ഷിക്കാതെ കൂടെ നിന്ന നിൽക്കുന്ന ഒത്തിരി നല്ല മനുഷ്യരുണ്ട്.... ആ മനുഷ്യരോടാണിനി പറയാൻ ഉള്ളത്.. നന്ദിയുണ്ട് ഒരുപാട്..’ -എന്നായിരുന്നു ജിഫ്നയുടെ കുറിപ്പ്.
Content Summary: 'What's wrong with a woman going on tour after her husband dies'; Social media puts Ibrahim Saqafi on air
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !