Trending Topic: Latest

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി | Video

0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്ത് എത്തിച്ചേർന്ന പ്രധാനമന്ത്രി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. തുടർന്ന് രാവിലെ തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ  വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ,  അടൂർ പ്രകാശ്, എ.എ. റഹിം, എം.വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.  പ്രധാനമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി എന്നിവരാണ് ചടങ്ങില്‍ സംസാരിച്ചത്. നരേന്ദ്ര മോദിക്കടക്കം 17 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.‍ഡി. സതീശനും വേദിയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് ചടങ്ങിൽ നിന്നും വിട്ടു നിന്നു. 

ചടങ്ങില്‍ പ്രധാനമന്ത്രിയെ അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനി പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുറമുഖ നിർമാണത്തിന് വഹിച്ച പങ്കിന് നന്ദി സൂചകമായി മെമന്റോയും കൈമാറി. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവനായിരുന്നു സ്വാഗത പ്രസംഗം. ഒന്നും അസാധ്യമല്ല എന്ന നെപ്പോളിയന്‍റെ വാചകം ഓർമിപ്പിച്ചാണ് വി.എന്‍. വാസവന്‍ സ്വാഗത പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ ഇച്ഛാശക്തിയാണെന്നും എല്‍ഡിഎഫ് വന്നു എല്ലാം ശരിയാക്കും എന്ന വാഗ്ദാനം അർഥപൂർണമാക്കിയെന്നും വാസവന്‍ പറഞ്ഞു.  'കാലം കരുതിവെച്ച കർമയോഗി, തുറമുഖത്തിന്‍റെ ശില്‍പ്പി' എന്ന് വിശേഷിപ്പിച്ചാണ് മുഖ്യമന്ത്രിയെ മന്ത്രി സ്വാഗതം ചെയ്തത്. മുഖ്യമന്ത്രിയാണ് ചടങ്ങിന് അധ്യക്ഷം വഹിച്ചത്. 

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗം ആരംഭിച്ചത്. രാജ്യം ഐക്യത്തോടെ നില്‍ക്കേണ്ടതിന്‍റെ സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ നമ്മള്‍ അതും നേടി. വിഴിഞ്ഞം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറി. അദാനി ഗ്രൂപ്പ് ഈ പോർട്ടിന്‍റെ നിർമാണത്തിന് നല്ല സഹകരണമാണ് നല്‍കിയത്. ഇത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മില്യേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്‍റെ മഹാകവാടം തുറക്കലാണ്. ചരിത്രത്തിന്‍റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ചത്, മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തില്‍ തുറമുഖ നിർമാണം നടക്കുന്നത്. ചെലവിന്‍റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. 2028 ല്‍ തുറമുഖ നിർമാണത്തിന്‍റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

1996ലെ എല്‍ഡിഎഫിന്‍റെ പദ്ധതിയാണ് ഇപ്പോള്‍ പൂർത്തിയായിരിക്കുന്നതെന്നും ഇടക്കാലത്ത് വലിയ പ്രതിസന്ധികള്‍ നേരിട്ടുവെന്നും പിണറായി പറഞ്ഞു. വികസനകാര്യത്തില്‍ രാഷ്ട്രീയ വേർതിരിവ് വേണ്ട എന്നാണ് തങ്ങളുടെ നിലപാട്. 5000ത്തോളം തൊഴിലവസരങ്ങളാണ് തുറമുഖത്ത് ഒരുങ്ങുന്നത്. അത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരിക്കല്‍ കൂടി അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് എത്താന്‍ സാധിച്ചതില്‍ നന്ദിയുണ്ടെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഇന്ന് ആദി ശങ്കര ജയന്തിയാണെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നതായി പറഞ്ഞു. വിഴിഞ്ഞം വികസനത്തിന്‍റെ നവമാതൃക. 8,800 കോടി മുതല്‍ മുടക്കിയാണ് പോർട്ട് സ്ഥാപിച്ചത്. നിലവിലുള്ള ക്ഷമതയില്‍ നിന്ന് മൂന്നിരട്ടിയായി വർധിപ്പിക്കും. അതുവഴി ലോകത്തിലുള്ള വലിയ കപ്പലുകള്‍ക്ക് രാജ്യത്തിലേക്ക് വരാന്‍ സാധിക്കും. 75 ശതമാനം ചരക്കുനീക്കവും രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലൂടെയാണ് ഇതുവരെ നടന്നത്. ഇതിലൂടെ വന്നിരുന്ന സാമ്പത്തിക നഷ്ടം ഇനി രാജ്യത്തിന് ഉപകാരപ്പെടും. ഇനി രാജ്യത്തിന്‍റെ പണം നമുക്ക് തന്നെ ഉപയോഗപ്പെടുത്താം.  പുറത്തേക്ക് ഒഴുകിയിരുന്ന പണം വിഴിഞ്ഞത്തേക്കും, കേരളത്തിലേക്കും അതുവഴി ജനങ്ങള്‍ക്കും എത്തുന്നത് വഴി പുതിയ സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് പ്രയോജനപ്പെടും. കേരളത്തിന്‍റെ വാണിജ്യ ചരിത്രത്തെ വാഴ്ത്തിയ മോദി രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരതയിൽ കേരളത്തിൻ്റെ പങ്ക് വളരെ വലുതാണെന്നും പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം വൻ മുന്നേറ്റമുണ്ടാക്കി. ഒരു കമ്യൂണിസ്റ്റ് സർക്കാരും ഇതിന് മുൻകൈ എടുക്കുന്നത് സന്തോഷകരമെന്നും കൂട്ടിച്ചേർത്തു. 

അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുമ്പോഴാണ് നാട് യഥാർഥത്തിൽ പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ തുറമുഖ, ഹൈവേ, റയിൽവേ, എയർപോർട്ട് വികസനത്തിന് കേന്ദ്രസർക്കാർ മുന്തിയ പ്രാധാന്യം നൽകി. സഹകരണ ഫെഡറലിസം പരാമർശിച്ച പ്രധാനമന്ത്രി കേരളത്തിൻ്റെ വികസനം രാജ്യത്തിൻ്റെ വികസനമാണെന്ന് ചൂണ്ടിക്കാട്ടി. സഹകരണ ഫെഡറലിസത്തിൽ അധിഷ്ടിതമായ വികസന ദർശനം തുടരുമെന്ന് പറഞ്ഞ മോദി കേന്ദ്രാവിഷ്കൃത പദ്ധതികൾ എണ്ണിപ്പറഞ്ഞു.

രാവിലെ 8.30 മുതൽ തന്നെ തുറമുഖത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. രാജ്യത്തെ ആദ്യ ട്രാൻസ് ഷിപ്മെന്റ് പോർട്ടിന്റെ കമ്മീഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. 5000തോളം പൊലീസുകാരെയാണ് വിഴിഞ്ഞത് വിന്യസിച്ചിരുന്നത്. വ്യോമ - നാവികസേനയുടെ പ്രത്യേക സുരക്ഷയും ഉണ്ടായിരുന്നു.  ആവർത്തിച്ച് വരുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തില്‍  തലസ്ഥാനത്ത് ഇന്നലെ മുതൽ തന്നെ ശക്തമായ നീരീക്ഷണവും സുരക്ഷയും ഒരുക്കിയിരുന്നു.

കഴിഞ്ഞ ജൂലൈയിൽ സാൻ ഫെർണാൺഡോ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് തുറമുഖത്തിന്‍റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്തത്.  ഡിസംബറിലാണ് തുറമുഖം പൂ‍ർണതോതിൽ പ്രവ‍ർത്തനം ആരംഭിച്ചത്. കമ്മീഷനിങ്ങിന് മുൻപ് തന്നെ ലോകത്തിലെ വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയിരുന്നു. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ആദ്യമായിട്ടാണ് ഈ കപ്പല്‍ നങ്കൂരമിട്ടത്. ഇത്തരത്തില്‍ കമ്മീഷനിങ്ങിനു മുൻപേ ചരിത്രം കുറിച്ച വിഴിഞ്ഞം തുറമുഖം പുതിയ വികസന പാതകളാണ് സംസ്ഥാനത്തിന് മുന്നിൽ തുറക്കുക.

Video:

Content Summary: Prime Minister dedicates Vizhinjam International Port to the nation

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !