തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് (വ്യാഴം) വോട്ടെടുപ്പ് നടന്ന മലപ്പുറം ജില്ലയില്‍ പോളിങ് സമാധാനപരമായിരുന്നു. 122 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ 77.38 % പോളിങ് ആണ് രേഖപ്പെടുത്തിയത്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ച ഏഴു മുതല്‍ തന്നെ ജില്ലയില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് അവസാനിക്കുന്ന വൈകീട്ട് ആറിനും ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. വൈകീട്ട് ആറ് മണിക്ക് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും ടോക്കണ്‍ കൊടുത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാക്കി. മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ (പായിംപാടം) സ്ഥാനാര്‍ഥി മരണപ്പെട്ടതിനെ തുടര്‍ന്ന് ആ വാര്‍ഡിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ആ വാര്‍ഡ് കൂടാതെ 2788 വാര്‍ഡുകളിലേയ്ക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനവിധിയാണ് പൂര്‍ത്തിയായത്.
ജില്ലയില്‍ ആകെയുള്ള 36,18,851 വോട്ടര്‍മാരില്‍ 28,00207 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 12, 65288 പുരുഷന്‍മാരും 1534891 സ്ത്രീകളും 28 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് മഞ്ചേരിയിലാണ്. 82.93 %ആണ് പോളിങ്. ബ്ലോക്ക് പഞ്ചായത്തില്‍ 82.86 % പോളിങുമായി അരീക്കോടാണ് ഒന്നാമത്. ജില്ലയില്‍ ആകെയുള്ള 51 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരില്‍ 28 പേര്‍ വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ആരംഭിച്ച ആദ്യമണിക്കൂറില്‍ 8.87% പോളിങ് രേഖപ്പെടുത്തി. 9 മണിയോടെ് 18.5% , 10ന് 28.43%, 11ന് 38.1%, ഉച്ചയ്ക്ക് 12ന് 47.37% രേഖപ്പെടുത്തിയ പോളിങ് ഉച്ചയ്ക്ക് ശേഷം ദ്രുതഗതിയിലായി. രണ്ടിന് 62.41% വും മൂന്നിന് 68.29%, നാലിന് 73.22%, അഞ്ചിന് 76.41%, ആറിന് 77.25% വും പോളിങ് രേഖപ്പെടുത്തി.
15,260 ബാലറ്റ് യൂണിറ്റുകളും 5600 കണ്‍ട്രോള്‍ യൂണിറ്റുമാണ് ജില്ലയില്‍ വോട്ടെടുപ്പിനായി ഉപയോഗിച്ചത്. ചിലയിടങ്ങളില്‍ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകള്‍ തകരാര്‍, വൈദ്യുതി തടസം എന്നിവ നേരിട്ടെങ്കിലും ഉടന്‍ തന്നെ പരിഹരിച്ചു വോട്ടെടുപ്പ് പുനരാരംഭിച്ചു. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 20,848 പോളിങ് ഉദ്യോഗസ്ഥരെയും 7000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരുന്നത്.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമും വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചിരുന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരുന്നത്. കൂടാതെ 295 പ്രശ്ന ബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനായി ആസൂത്രണ സമിതി ഹാളില്‍ വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് മീഡിയാ സെന്ററും പ്രവര്‍ത്തിച്ചു.
പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ബാലറ്റ് യൂണിറ്റുകള്‍ ഇവിടെയുള്ള സട്രോങ് റൂമുകളില്‍ കനത്ത സുരക്ഷയില്‍ സൂക്ഷിക്കും. ഡിസംബര്‍ 13 നാണ് വോട്ടെണ്ണല്‍. 27 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് നഗരസഭ, ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് സജ്ജമാക്കിയത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുകന്നത് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലാണ്.
Content Summary: Local body elections: Voting in Malappuram district peaceful: 77.38% turnout
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !