ന്യൂഡല്‍ഹി: മുസ്‌ലിങ്ങളെ അപരവത്കരിക്കാനുള്ള ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വ ബില്ലിനെതിരെ ലീഗ് എം.പിമാരുടെ പ്രതിഷേധം. പാര്‍ലമെന്റ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ലീഗ് എം.പിമാര്‍ ധര്‍ണ നടത്തി. പൗരത്വ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനമാണ്. ലോക്‌സഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഞങ്ങളുടെ വാക്കുകളെ ചെറുക്കാനാവില്ല. മതേതര കക്ഷികള്‍ ബില്ലിനെ ഒരുമിച്ച് നിന്ന് എതിര്‍ക്കും. മുസ്‌ലിങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് പച്ചക്ക് പറഞ്ഞാണ് ബില്‍ കൊണ്ടുവരുന്നത്. ബില്‍ പാസായാല്‍ കോടതിയെ സമീപിക്കും. ബില്ലിനെതിരായ നീക്കങ്ങളെ ലീഗ് ഏകോപിപ്പിക്കും. രാജ്യസഭയില്‍ പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്തി ബില്‍ പരാജയപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് മോദി നടപ്പാക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
