മലപ്പുറം: സാമ്പത്തിക രംഗത്തെ ചൂഷണങ്ങൾക്കെതിരായ സംസ്ഥാനത്തിന്റെ കവചമാണ് കേരള ബാങ്കെന്ന് മന്ത്രി ഡോ. കെ.ടി.ജലീൽ. കേരള ബാങ്ക് രൂപീകരണത്തിന്റെ ജില്ലാതല ആഘോഷം മലപ്പുറം നഗരസഭ ടൗണ്‍ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവിയിൽ വരാൻ പോകുന്ന സാന്പത്തിക പ്രതിസന്ധികളിൽ തണലായി വർത്തിക്കാൻ കേരള ബാങ്കിനാകും. സംസ്ഥാനത്തിന് അനിവാര്യമായ സാന്പത്തിക ബദലാണ് സഹകരണ മേഖലയിലെ ഈ ചുവടുവയ്പ്പ്. കേരളീയരെ ഏറ്റവും വലിയ ബാങ്കിന്റെ ഉടമകളാക്കാനും രാഷ്ട്രീയത്തിനതീതമായി സഹകരണ പ്രസ്ഥാനങ്ങളെ പ്രതിസന്ധിഘട്ടങ്ങളിൽ സംരക്ഷിക്കാനും സംസ്ഥാന സർക്കാറിനായെന്നും മന്ത്രി പറഞ്ഞു.
ജോയിന്റ് രജിസ്ട്രാർ (ജനറൽ) ടി.മുഹമ്മദ് അഷ്റഫ് അധ്യക്ഷനായിരുന്നു. എംഎൽഎമാരായ വി. അബ്ദുറഹിമാൻ, പി.വി.അൻവർ, പെൻഷൻ ബോർഡ് ചെയർമാൻ സി.ദിവാകരൻ, സ്വാഗത സംഘം ചെയർമാൻ വി.പി.അനിൽ തുടങ്ങിയവർ സംസാരിച്ചു.
‘കേരള ബാങ്ക് സഹകരണ ബാങ്കിംഗ് രംഗത്തെ പുതുയുഗപ്പിറവി’ എന്ന വിഷയത്തിൽ മുൻ പെൻഷൻ ബോർഡ് ചെയർമാൻ പി.പി. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി.പൊതു സമ്മേളനത്തിനു മുന്നോടിയായി നടന്ന വിളന്പര ഘോഷയാത്ര വർണാഭമായി.
നാടൻ കലാ രൂപങ്ങളും വാദ്യ ഘോഷങ്ങളും മിഴിവേകിയ ഘോഷയാത്ര ജില്ലാ കളക്ടറുടെ ബംഗ്ലാവിനു മുന്നിൽ നിന്ന് ആരംഭിച്ച് ടൗണ്‍ഹാളിൽ സമാപിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നായി വനിതകളടക്കം ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.
