പ്രണയവഴിയിലെ തടസ്സങ്ങൾ അതിജീവിച്ച്‌ ഒടുവിൽ വിവാഹിതയായി.



പെരിന്തൽമണ്ണ: പ്രണയവഴിയിലെ തടസ്സങ്ങൾ അതിജീവിച്ച്‌ ഒടുവിൽ സാബിക്ക വിവാഹിതയായി.  പ്രണയിച്ചതിന്റെ പേരിൽ പിതാവടക്കമുള്ള ബന്ധുക്കൾ മാനസിക ചികിത്സാ കേന്ദ്രത്തിലെത്തിച്ച സാബിക്ക (27)യാണ്‌ തിങ്കളാഴ്‌ച വിവാഹിതയായത്‌.  തൃശൂർ വരന്തരപ്പള്ളി എടക്കങ്ങൽ അബ്ദുൽ ഗഫൂറി (32)ന് ഒപ്പമുള്ള   ജീവിതത്തിനാണ്‌  കോടാലി സബ് രജിസ്റ്റാറോഫീസില്‍ തുടക്കമായത്‌. 
 അബ്ദുൽ ഗഫൂറിന്റെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വധൂവരന്മാർക്ക്‌ ആശംസകൾ നേരാനെത്തി.   മതാചാരപ്രകാരമുള്ള നിക്കാഹ് പിന്നീട് നടക്കുമെന്ന്‌ അവർ അറിയിച്ചു.
ബിഡിഎസ് നാലാം വർഷ വിദ്യാര്‍ഥിനിയായ സാബിക്ക  ഗഫൂറുമായി  ഏഴുവർഷമായി പ്രണയത്തിലായിരുന്നു. ഇയാൾക്ക് സാമ്പത്തികശേഷി ഇല്ലെന്ന് പറഞ്ഞ് വീട്ടുകാർ വിവാഹത്തിന് അനുവദിച്ചില്ല. എന്നാൽ ഇരുവരും ഒരുമിച്ച് താമസിക്കുകയും സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർചെയ്യാൻ അപേക്ഷിക്കുകയുംചെയ്തു. ഇതറിഞ്ഞ്‌ പിതാവ്   വിവാഹം നടത്തിത്തരാമെന്ന് അനുനയത്തിൽ പറഞ്ഞ് നവംബർ നാലിന് സാബിക്കയെ ചെറുകരയിലെ വീട്ടിലെത്തിച്ച്‌ പിന്നീട്‌ മാനസിക ചികിത്സാ കേന്ദ്രത്തിലേക്ക് ബലമായി കൊണ്ടുപോകുകയായിരുന്നു. 
തുടർന്ന്  അബ്ദുൽ ഗഫൂർ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹര്‍ജി നൽകി. കോടതി രണ്ട് തവണ ആവശ്യപ്പെട്ടിട്ടും യുവതിയെ കുടുംബം ഹാജരാക്കിയില്ല.  പെരിന്തൽമണ്ണ എസ്ഐ മഞ്ജിത്ത് ലാലും സംഘവും നടത്തിയ അന്വേഷണത്തിലാണ് സാബിക്കയെ എറണാകുളത്തെ മാനസിക രോഗ ചികിത്സാ കേന്ദ്രത്തിൽ കണ്ടെത്തിയത്‌.  കോടതിയിൽ ഹാജരാക്കിയ  ഇവരെ  ഗഫൂറിനൊപ്പം വിട്ടയക്കുകയായിരുന്നു. 
 സാബിക്കയെ ബലമായി  മാനസിക ചികിത്സാകേന്ദ്രത്തിലാക്കിയെന്ന  പരാതിയിൽ ഉപ്പ ഏലംകുളം ചെറുകര വാഴത്തൊടി അലി, സഹോദരൻ ഷഫീഖ്, ബന്ധു നാട്ടുകൽ സ്വദേശി ഷഹീൻ എന്നിവർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. സംഭവത്തിൽ മാനസിക ചികിത്സാകേന്ദ്രം നടത്തിപ്പുകാർ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന്  പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.  ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടച്ചത് ഞെട്ടിക്കുന്നു: ഹൈക്കോടതി
കൊച്ചി

ദരിദ്രകുടുംബത്തില്‍നിന്നുള്ള യുവാവിനെ വിവാഹം കഴിക്കാനിരുന്ന യുവതിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചുപൂട്ടി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയും ബിഡിഎസ് വിദ്യാര്‍ഥിനിയുമായ യുവതിയെ മയക്കുമരുന്ന്‌ കുത്തിവച്ചും മാനസികമായും ശാരീരികമായും പീഡിപ്പിച്ച കുടുംബത്തിനും രണ്ട്‌ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച കോടതി, പെരിന്തല്‍മണ്ണ സിഐക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്നും വ്യക്തമാക്കി. പെണ്‍കുട്ടിയെ സമയത്തിന് കോടതിയില്‍ ഹാജരാക്കാത്തതിനാണ് സിഐക്കെതിരെ അന്വേഷണം. യുവതിയെ എത്രയുംവേഗം ഹാജരാക്കണമെന്ന് കോടതി നിരവധിതവണ നിര്‍ദേശിച്ചെങ്കിലും പൊലീസ് ചെയ്തില്ല. ആറിനകം ഹാജരാക്കിയില്ലെങ്കില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി നേരിട്ട് ഹാജരാകണമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍മാത്രമാണ് ഹാജരാക്കിയതെന്ന് ജസ്റ്റിസുമാരായ കെ ഹരിലാല്‍, സി എസ് ഡയസ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 
പ്രണയബന്ധത്തെ എന്തുവില കൊടുത്തും തകര്‍ക്കാനാണ് പീഡിപ്പിച്ചത്. ഇതെല്ലാം യുവതി വെളിപ്പെടുത്തി. ഇരുവരും ഒരുമിച്ച്‌ ജീവിക്കാന്‍ പോകുന്നത് തൃശൂരായതിനാല്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയെയും വരന്തരപ്പിള്ളി പൊലീസിനെയും കേസില്‍ കോടതി കക്ഷിചേര്‍ത്തു. ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചു.

Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !