അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് 40 പവൻ സ്വർണവും 10,000 രൂപയും കവർന്നു. മലപ്പുറം കാവുങ്ങൽ ബൈപ്പാസിന് സമീപം താമസിക്കുന്ന റിട്ട. പ്രഥമാധ്യാപകൻ പി.എസ്. പ്രകാശ്കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
പ്രകാശ്കുമാറും കുടുംബവും വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കോട്ടയത്തെ വീട്ടിലേക്ക് പോയതായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടു. അകത്തുകയറി പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ച സ്വർണവും മേശയിലെ പണവും മോഷ്ടിച്ചതായി കണ്ടെത്തി.
പരാതി നൽകിയതിനെത്തുടർന്ന് മലപ്പുറം സി.ഐ പി. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച് മറ്റൊരുവീടിന്റെ പിറികിലൂടെ ഒാടി റോഡിനുസമീപം നിന്നു. വനിതാ എസ്.ഐ ചന്ദ്രിക, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ ഹരിലാൽ, റോസ് ഫെർണാണ്ടസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സി.ഐ ഷിബുവിനാണ് അന്വേഷണച്ചുമതല.


