മലപ്പുറം: പ്രളയത്തിലകർപ്പെട്ടവർക്കുള്ള പുനരധിവാസവും സഹായങ്ങളും വേഗത്തിൽ നടപ്പാക്കണമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. കഴിഞ്ഞവർഷത്തെ പ്രകൃതിക്ഷോഭത്തിൽ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവർക്ക് ഒരു വർഷം കഴിഞ്ഞു വീണ്ടും പ്രളയം സംഭവിച്ചതിനു ശേഷമാണ് സർക്കാർ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കു ഇപ്പോൾ നൽകുന്ന സഹായം ഈ വർഷത്തെ പ്രളയത്തിൽ സംഭവിച്ച നഷ്ടങ്ങൾക്ക് നൽകുന്ന ദുരിതാശ്വാസമായി വ്യാഖ്യാനിക്കുകയും ആ രീതിയിൽ പ്രചാരണം നടത്തുകയുമാണ് ചെയ്യുന്നത്. ഈ വർഷത്തെ പ്രകൃതിക്ഷോഭത്തിൽ തകർന്ന വീടുകളുടെയും വാസയോഗ്യമല്ലാതായി മാറിയ വീടുകളുടെയും യഥാർഥ കണക്ക് ഇതുവരെയും തിട്ടപ്പെടുത്തുവാൻ അധികാരികൾക്കു കഴിഞ്ഞിട്ടില്ല. ഈ വിവരങ്ങൾ ആരായുന്പോൾ ഇപ്പോഴും ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
കൃത്യമായ കണക്ക് തയാറായിട്ടില്ല എന്നാണ് ഒൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിശദീകരണമെന്നു യോഗം ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ പരാജയവും പിടിപ്പുകേടുമാണ് ഇതു സൂചിപ്പിക്കുന്നത്. പ്രളയത്തിൽ വലിയ നഷ്ടം സംഭവിച്ചവർക്കു ഉദാരമതികളായ വ്യക്തികളും സംഘടനകളും നൽകുന്ന സഹായങ്ങൾ, സർക്കാർ അവർക്ക് നൽകാമെന്നു പ്രഖ്യാപിച്ച സഹായം നൽകുന്നതിനു തടസമാകരുതെന്നു യോഗം അഭ്യർഥിച്ചു.
പ്രളയത്തിൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് വ്യാപാരി- വ്യവസായി സമൂഹത്തിനുണ്ടായിട്ടുള്ളതെന്നും യോഗം വിലയിരുത്തി. സർക്കാരിന്റെ പുനരധിവാസ ദുരിതാശ്വാസ പദ്ധതികളിൽ നിന്നു വ്യാപാരികളെയും വ്യവസായികളെയും ഒഴിവാക്കരുതെന്നും അവരോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രകൃതിദുരന്തത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു മുസ്ലിംലീഗ് ഭൂമി നൽകിയും വീട് നിർമിക്കുന്നതിനു സഹായം നൽകിയും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിനും മുന്പന്തിയിൽ നിന്ന് പ്രവർത്തിക്കുവാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് എം.എ. ഖാദർ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ദേശീയ ട്രഷറർ പി.വി. അബ്ദുൾ വഹാബ് എംപി, സംസ്ഥാന ഭാരവാഹികളായ കെ. കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ രണ്ടത്താണി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, എന്നിവർ പ്രസംഗിച്ചു.


