സിനിമ ഒരു കല ആയിരിയ്ക്കുമ്പോൾത്തന്നെ, ആ കലയ്ക്ക്, ആസ്വാദകർക്കിടയിൽ പല തലങ്ങളിലുള്ള സ്വാധീനം ചെലുത്തുവാനുള്ള പ്രാപ്തിയുണ്ട്. ബയോഗ്രഫികൾ സൃഷ്ടിക്കപ്പെടുമ്പോൾ അവ തീർച്ചയായും പ്രേക്ഷകർക്ക് ഒരോർമ്മപുതുക്കൽ എന്നതിലുപരി, പ്രചോദനഘടകങ്ങളായി ഭവിക്കാറുണ്ട്. അത്തരുണത്തിൽ ജീവിച്ചിരിക്കുന്നവരും, മണ്മറഞ്ഞവരുമായ പ്രതിഭാശാലികളുടെ ഒട്ടനവധി ബഹുഭാഷാ ബയോഗ്രഫികൾക്ക് വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും ബയോഗ്രഫികളും സ്പോർട്സ് ബേസ്ഡ് സിനിമകളും മലയാളത്തിൽ തീരെ കുറവാണ്. ആദ്യമായിട്ടാണ് സൈക്ലിംഗ് കേന്ദ്രീകരിച്ച് ഒരു മലയാളചിത്രമൊരുങ്ങുന്നത്. 1992-ൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം 'ജോ ജീത്താ വഹി സിക്കന്തർ' എന്ന ബോളിവുഡ് ചിത്രം സൈക്കിൾ റേസിംഗ് കൊണ്ട് സമ്പന്നമായിരുന്നു. 2019-ൽ 'ഫൈനൽസി'ൽ എത്തുമ്പോൾ, സമകാലീന കേരളത്തിന്റെ കായികരംഗത്തോടുള്ള സമീപനം കൃത്യതയോടെ, പ്രേക്ഷകരിലെത്തിയ്ക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
ആലീസ് വർഗ്ഗീസ് എന്ന സമർത്ഥയായ കൗമാരക്കാരിയുടെ ജീവിതലക്ഷ്യം, സൈക്ലിംഗിൽ ലോകശ്രദ്ധ നേടിയെടുക്കുക എന്നതായിരുന്നു. പിതാവിന്റെയും, ബാല്യകാലസുഹൃത്ത് മാനുവലിന്റേയും പൂർണ്ണപിന്തുണയോടെ ആ ലക്ഷ്യത്തിലേയ്ക്ക് ആലീസ് കുതിക്കുകയാണ്. അതിനിടെ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുന്നു. 122 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചലച്ചിത്രം ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് വികസിക്കുന്നത്.
കുടുംബബന്ധങ്ങളുടെ ഊഷ്മളതയും വൈകാരികതയും പ്രണയവുമെല്ലാം ഇഴചേർത്ത ഒരു സമ്പൂർണ്ണ കുടുംബചിത്രമാക്കി ' ഫൈനൽസി' നെ മെനഞ്ഞെടുക്കുക എന്ന ഉദ്യമത്തിൽ നവാഗതനായ സംവിധായകൻ പി ആർ അരുൺ വിജയിച്ചു എന്നുപറയാം. അർഹിക്കുന്ന വേഗതയിൽ, റിയലിസ്റ്റിക് പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന ആദ്യപകുതി, വളരെ ആസ്വാദ്യകരമായിത്തീരുന്നു. ഇത്തരത്തിലൊരു ചിത്രത്തിനായി തൂലിക ചലിപ്പിക്കുമ്പോൾ കടന്നുകൂടിയേക്കാവുന്ന പ്രെഡിക്ടബിൾ ആയിട്ടുള്ള സംഭവങ്ങളെ ഒരു പരിധിവരെ ഒഴിവാക്കിക്കൊണ്ട്, ഗൗരവമാർന്നതും, തൃപ്തിനൽകുന്നതുമായ വിധത്തിൽ, ഒരു നവാഗതന്റേതായ യാതൊരുവിധ പതർച്ചകളുമില്ലാതെ തന്നെ സംവിധായകൻ അവതരണം മെച്ചപ്പെടുത്തി.
നാടിനഭിമാനമായി മാറുന്നവരാണ് കായികതാരങ്ങൾ. രാജ്യത്തിന്റെ കീർത്തി വിണ്ണോളമുയർത്തുന്നവർ. ആ ഒരു തലത്തിലേയ്ക്കുയർന്നുവരുവാൻ ഓരോരുത്തർക്കും പരിശ്രമം ആവശ്യമാണ്. അത്തരത്തിൽ കഠിനപ്രയത്നങ്ങളിലൂടെ ലക്ഷ്യത്തിലെത്തുവാൻ ശ്രമിച്ച ആലീസിന്റെ ജീവിതത്തിലൂടെ, പലപ്പോഴും ചർച്ചചെയ്യപ്പെടാതെ പോകുന്ന ചില ജീവിതങ്ങളെ, അവർ ആ മേഖലയിലേയ്ക്ക് എത്തിപ്പെടാനിടയായ സാഹചര്യങ്ങളെ, കഷ്ടപ്പാടുകളെയൊക്കെ ഈ ചിത്രത്തിലൂടെ നമുക്ക് പരിചയപ്പെടുത്തുകയാണ് സംവിധായകൻ.
ഒരു പിതാവിന്റെ ആംഗിളിൽ നിന്നും നോക്കിയാൽ ചിത്രം കുറേക്കൂടി അർത്ഥവത്താകുന്നു. രണ്ടാം പകുതിയിൽ പൊതുവായി ഇത്തരം സിനിമകളിൽ കണ്ടുവരുന്ന ക്ലീഷേകളെ ഭേദിച്ച്, സിനിമ മുന്നേറുന്നുണ്ടെങ്കിലും കഥാപാത്രം ലക്ഷ്യത്തിലെത്തിച്ചേരുവാൻ എടുക്കുന്ന വേഗതയിലും മറ്റും തെല്ല് അസ്വാഭാവികത കലർന്നിരുന്നു. ഇടയ്ക്ക് കുറച്ച് സമയം നടന്ന സംഭവങ്ങൾ കൃത്യമായി പ്രേക്ഷകനു വിശദീകരിക്കാതെ, 'മാസങ്ങൾക്ക് ശേഷം' എന്ന് എഴുതിക്കാണിച്ചുകൊണ്ട് ജമ്പ് ചെയ്യുകയായിരുന്നു.
സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മുൻ കോച്ച് വർഗ്ഗീസ് ആണ് ' ഫൈനൽസി 'ന്റെ നെടുംതൂൺ. ബെൻ ആയിരുന്നു ഒരു ഹാസ്യനടനും അപ്പുറം സുരാജിലെ നടനെ ഏറ്റവുമാദ്യം പൊതുസിനിമാപ്രേക്ഷകർക്ക് കാട്ടിക്കൊടുത്തത്. 'പേരറിയാത്തവ'നും 'ആക്ഷൻ ഹീറോ ബിജു'വിലെ കഥാപാത്രവും, 'കുട്ടൻ പിള്ളയുടെ ശിവരാത്രി'യും 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ഒക്കെ പോലെ, കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് സുരാജ് വെഞ്ഞാറമ്മൂട്. ഒരേസമയം മികച്ച കോച്ചായും, മകളുടെ ജീവിതലക്ഷ്യം നിറവേറ്റുന്നതിന്, താങ്ങും തണലുമായ പിതാവായും മികച്ച പ്രകടനംതന്നെ സുരാജ് കാഴ്ചവെച്ചു. പൊലീസ് സ്റ്റേഷനിലെ രംഗം ശ്രദ്ധേയമാണ്. 'കോച്ച് വർഗ്ഗീസ്' എന്ന കഥാപാത്രം ഭാവിയിൽ ഏറെ ചർച്ച ചെയ്യപ്പെടാനിടയുണ്ട്. 'അനുരാഗ കരിക്കിൻ വെള്ള'ത്തിനുശേഷം മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും രജിഷയെ ' ഫൈനൽസി' ലാണ് പിന്നീടൊരു നല്ല കഥാപാത്രമായി കാണുവാനായത്. ഒരു സൈക്കിളിസ്റ്റ് ആയ ആലിസിനെ തന്റെ സ്വാഭാവികമായ അഭിനയമികവ്‌കൊണ്ട് രജീഷ വിജയൻ ഭദ്രമാക്കി.
മുൻപ് ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, തന്റെ സിനിമാ പാരമ്പര്യം മൂലം മാത്രം തെരഞ്ഞെടുക്കപ്പെട്ട ഒരു നടൻ മാത്രമായിരുന്നു നിരഞ്ജൻ എന്ന് ആ സിനിമകളും കഥാപാത്രങ്ങളും തെളിയിച്ചിരുന്നെങ്കിൽ ' ഫൈനൽസി' ൽ അഭിനയിക്കാൻ കഴിവുള്ള, നിരഞ്ജൻ എന്ന നടനെ ദൃശ്യമാകുന്നുണ്ട്. വേഷവിധാനവും ശരീരഭാഷയുമെല്ലാം കഥാപാത്രത്തോട് നിരഞ്ജൻ എത്രമാത്രം ആത്മാർത്ഥത പുലർത്തിയിരുന്നു എന്നതിന്റെ തെളിവാണ്. മണിയൻ പിള്ള രാജുവിന്റെ മകൻ എന്ന സ്ഥാനത്തു നിന്നും നിരഞ്ജ് എന്ന നടനിലേയ്ക്ക് ഇദ്ദേഹത്തെ പറിച്ചുനടപ്പെട്ടെങ്കിൽ അത് സംവിധായകന്റെ കൂടി ശ്രമഫലമാകുന്നു. ഡഫേദാറിലെ കഥാപാത്രത്തിനുശേഷം ടിനി ടോമിനെ ഒരു മികച്ച വേഷത്തിൽ കാണുവാനിടയായി. ബാലതാരങ്ങളായി അഭിനയിച്ച രണ്ടു കുട്ടികളും നല്ല പ്രകടനങ്ങളായിരുന്നു. സോനാ നായർ, മുത്തുമണി തുടങ്ങിയവരും അത്യാവശ്യം നല്ല കഥാപാത്രങ്ങളായിരുന്നു.
ഒരു കായികതാരമാവുകയെന്നതാണ് നിങ്ങളുടെ ജീവിതലക്ഷ്യമെങ്കിൽ, വിദേശരാജ്യങ്ങളിൽ നിന്നാണ് നിങ്ങൾ അതിന് ശ്രമിയ്ക്കുന്നതെങ്കിൽ, നിങ്ങൾക്ക് ആ ലക്ഷ്യത്തിൽ എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിയ്ക്കും. നേരെ മറിച്ച്, നിങ്ങളൊരു ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് വൈതരണികൾ പിന്നിടേണ്ടിവരും. കാരണം, ഇവിടെ സ്പോർട്സ് കൈകാര്യം ചെയ്യുന്നത് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും അധികാരഹസ്തങ്ങളേന്തിയ ഭരണസംവിധാനങ്ങളാണ്. അവർ തീരുമാനിയ്ക്കും ഒരു താരത്തെ കായികരംഗത്ത് പരിപോഷിപ്പിയ്ക്കണോ അതോ മുരടിപ്പിയ്ക്കണോ എന്നത്. കഴിഞ്ഞ കുറേ ദശകങ്ങളായി നമ്മുടെ കായികരംഗത്ത് നിലനിൽക്കുന്ന അനാസ്ഥനിറഞ്ഞ സ്ഥിതിഗതികളെ, ഒരു സൈക്ലിംഗ് താരത്തിന് നേരിടേണ്ടിവന്ന ദുരന്തപൂർണ്ണമായ കഥാഗതിയോടെ ദൃശ്യാവിഷ്കരിച്ചിരിക്കുകയാണ്, ചിത്രത്തിന്റെ രചയിതാവ് കൂടിയായ സംവിധായകൻ. കായികമേഖലയെക്കുറിച്ച് യാതൊരുവിധ ഗ്രാഹ്യവുമില്ലാത്ത, കുറേ രാഷ്ട്രീയചട്ടുകങ്ങളുടെ അധികാരക്കസർത്തും ദുർവിനിയോഗങ്ങളും വെള്ളിത്തിരയിലുടനീളം കാണാൻ സാധിയ്ക്കും. അതോടൊപ്പം, പാത്രമറിഞ്ഞ് ദാനം ചെയ്യേണ്ടതാണ് ഏതൊരു വിദ്യയും എന്ന് പൂർണ്ണമായും ബോധ്യമാകും.
ഇന്നും സ്പോർട്സ് താരങ്ങൾ അനുഭവിയ്ക്കുന്ന, അങ്ങേയറ്റത്തെ അവഗണനയ്ക്ക് ആരൊക്കെയാണ് ഉത്തരവാദികൾ എന്ന് ആവിഷ്കർത്താവ് വ്യക്തമാക്കുന്നുണ്ട്. ബയോഗ്രഫി എന്ന നിലയിൽ ചിത്രം പ്രേക്ഷകരോടും യഥാർത്ഥ വ്യക്തിയോടും ഒരുപോലെ നീതിപുലർത്തി. സുദീപ് ഇളമൺ ആണ് ഛായാഗ്രഹകൻ. ഗംഭീര ഷോട്ടുകളായിരുന്നു ചിത്രത്തിനായി അദ്ദേഹം നൽകിയ സംഭാവന. പലപ്പോഴും ഒരു മലയാള സിനിമയ്ക്കുമപ്പുറത്തേയ്ക്ക് വിഷ്വൽസ് ചെന്നെത്തിയതായി കണ്ടിരുന്നു. ജിത്ത് ജോഷിയാണ് ചിത്രസംയോജനം. കൈലാസ് മേനോന്റെ ഗാനങ്ങൾ ശരാശരിനിലവാരം പുലർത്തിയെന്നേ പറയാനാവൂ. പശ്ചാത്തലസംഗീതം നന്നായിരുന്നു.
ഈ ചിത്രത്തിനായി പ്രചോദനമായ ഷൈനി സൈലസിനേക്കുറിച്ചുള്ള ലഘുവിവരണം ക്ലോസിംഗ് ക്രെഡിറ്റ്സിൽ കണ്ടത് തിയെറ്ററിൽ നിറഞ്ഞ കൈയ്യടി ഉണ്ടാക്കിയിരുന്നു. വാണിജ്യഘടകങ്ങളുള്ള ഒരു ചിത്രമായിരുന്നിട്ടുകൂടി, പ്രതികരിക്കുവാൻ കഴിയാത്ത ഒരു വിഭാഗമാളുകൾക്കായി ശബ്ദമുയർത്തുവാനായി സമയം കണ്ടെത്തി എന്നതാണ് ചിത്രത്തിന്റെ പ്രധാന നേട്ടം. സാധാരണ ജനത്തിന്റെ പ്രതികരണമായി, പ്രചോദനമായി ഒരുങ്ങിയ ഈ ചലച്ചിത്രം കുടുംബസദസ്സുകൾക്ക് ഏറെയിഷ്ടപ്പെടുമെന്നുറപ്പുണ്ട്. ഓണക്കാലത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ചതെന്ന നിലയിൽ പരിഗണിക്കപ്പെടുന്നതോടൊപ്പം, നിലവിൽ കായികമേഖല നേരിടുന്ന പ്രതിസന്ധിയുടെ ' ഫൈനൽസ്' ആയിത്തീരട്ടെ ഈ ചിത്രം എന്നും പ്രത്യാശിയ്ക്കാം.
മീഡിയവിഷൻ വിനോദം
Rating: 3/5
Star Cast: Rajisha Vijayan, Suraj Venjarammoodu, Niranjan
Director: P.R. Arun




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !