വളാഞ്ചേരി: ദേശീയപാത 66ലെ അപകട മേഖലയായ വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടാങ്കറാണ് അപകടത്തിൽപെട്ടത്. ലോറി ഡ്രൈവർക്കു പരിക്കേറ്റു. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ചോർച്ചയില്ലാത്തതിനാൽ ദുരന്തം ഒഴിവായി.
ഇന്നലെ വൈകുന്നേരേം നാലു മണിയോടെയാണ് മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന ഗ്യാസ് ടാങ്കർ വട്ടപ്പാറ പ്രധാനവളവിനു തൊട്ടു താഴെയായി മറിഞ്ഞത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെ തുടർന്നു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
വാഹനങ്ങൾ കഞ്ഞിപ്പുര, മൂടാൽ വഴി തിരിച്ചു വിട്ടു. വളാഞ്ചേരി സിഐ ടി. മനോഹരൻ, എസ്ഐ കെ.ആർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഹൈവേ പോലീസും സ്ഥലത്തെത്തി. പൊന്നാനി ഫയർ സ്റ്റേഷൻ ഓഫീസർ നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.
ചേളാരി ഐഒസി പ്ലാന്റിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി. രാത്രിയോടെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്തി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
Read Also: വളാഞ്ചേരി വട്ടപ്പാറയിൽ ഗതാഗതം പുന:സ്ഥാപിച്ചു


