എടക്കര: പോത്തുകൽ പഞ്ചായത്തിലെ ദുരന്തഭൂമിയിൽ സന്ദർശക പ്രവാഹം. ഉരുൾപൊട്ടലുണ്ടായ കവളപ്പാറ, പാതാർ, അതിരുവീട്ടി, മുട്ടിപ്പാലം തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും, മറ്റ് ജില്ലകളിൽ നിന്നുള്ളവരും സന്ദർശനത്തിനെത്തുന്നത്. ഒരാഴ്ചയായി ഓണവധിയായതിനാലും മഴ കുറവായതിനാലും വൻതോതിൽ സന്ദർശകരെത്തുന്നത്.
ദുരന്തം നേരിട്ട പ്രദേശങ്ങളിലെത്തുന്ന സന്ദർശകർ കവളപ്പാറ ദുരന്തഭൂമിയിൽ സ്ഥാപിച്ച സ്തൂപത്തിൽ പുഷ്പാർച്ചന നടത്തുന്നുണ്ട്. പാതാർ, അതിരുവീട്ടി പ്രദേശങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളെപ്പോലെയായിട്ടുണ്ട്. വലിയ പാറക്കല്ലുകൾ നിറഞ്ഞ് പരന്നൊഴുകുന്ന ഇഴുവാത്തോടും പാതാർ അങ്ങാടിയും, തകർന്ന അതിരുവീട്ടി പാലവും സമീപത്തുണ്ടായിട്ടുള്ള വെള്ളച്ചാട്ടവുമെല്ലാം സന്ദർശകരെ ആകർഷിക്കുന്നു.
അതിരുവീട്ടി പാലത്തിന് മുകളിലായി ഉരുൾപൊട്ടലിൽ തകർന്ന ചാമപ്പാറ ശിവപാർവ്വതി ക്ഷേത്രവും പരിസരവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. കുടുംബസമേതമെത്തുന്ന ഇവർ സെൽഫിയെടുക്കലും മറ്റുമായി ആഘോഷിക്കുകയാണ്. സഞ്ചാരികളുടെ ഒഴുക്കിനെത്തുടർന്ന് കവളപ്പാറയിൽ കഴിഞ്ഞ ദിവസം ഒരു കിലോമീറ്ററിലേറെ വഹനഗതാഗതം തടസപ്പെട്ടിരുന്നു. പോത്തുകൽ പോലിസ് ഇടപെട്ടാണ് പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്. കാസർകോട് ജില്ലയിൽ നിന്നുള്ളവർ വരെ കവളപ്പാറയിലെത്തുന്നുണ്ട്.


