പ്ലാസ്റ്റിക്ക്, ഡിസ്പ്പോസിബിൾ വസ്തുക്കൾ പൂർണ്ണമായി ഉപേക്ഷിച്ച് ഹരിതനിയമാവലി പാലിച്ച് നടത്തിയ കല്യാണം നാടിന് മാതൃകയായി. താഴെക്കോട് പഞ്ചായത്തിലെ മാട്ടറക്കൽ മാപ്പിള വട്ടപ്പറമ്പിൽ പാഞ്ചാലൻ- ശാന്തകുമാരി ദമ്പതികളുടെ മകൻ പ്രജിത്തും ഒറ്റപ്പാലം തോട്ടക്കര പൂളക്കാപ്പറമ്പിൽ കൃഷ്ണകുമാർ- രമ ദമ്പതികളുടെ മകൾ കൃഷ്ണപ്രിയയും തമ്മിലുള്ള വിവാഹ സൽക്കാരമാണ് ഇപ്രകാരം സംഘടിപ്പിച്ചത്.
പെരിന്തൽമണ്ണയിലെ ജീവനത്തിന്റെ സഹകരണത്തോടെയാണ് ഗ്ലാസ്സും പ്ലേറ്റും ചൂരൽ കൊട്ടകളുമൊക്കെ സംഘടിപ്പിച്ച് 1500 ലേറെ പേർക്ക് വിവാഹ സൽക്കാരം നടത്തിയത്. വധൂവരന്മാരെ അനുഗ്രഹിക്കാനും പ്രോത്സാഹിപ്പിക്കാനും ഗ്രാമ പഞ്ചായത്ത് അധികൃതരുമെത്തി. ഗ്രാമ പഞ്ചായത്തിന്റെ ഉപഹാരം താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റും, ജില്ലാ ശുചിത്വ മിഷന്റെ മംഗളപത്രം ജില്ലാ കലക്ടറും സമ്മാനിച്ചു.


