സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായി മാറട്ടെ: മുഖ്യമന്ത്രിയുടെ ഓണാശംസ


സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായി  ഇത്തവണത്തെ ഓണാഘോഷം മാറട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു.

എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. എല്ലാവരും സമന്മാരായിരുന്ന, ആര്‍ക്കും തമ്മില്‍ വിവേചനമില്ലാതിരുന്ന ഒരു നല്ല കാലം പണ്ടുണ്ടായിരുന്നുവെന്ന് ഓണസങ്കല്‍പ്പം നമ്മോടു പറയുന്നു. നന്മയുടെയും സമത്വത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാലത്തിന്‍റെ പിറവിക്കായി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന സങ്കല്‍പ്പമാണിത്. പണ്ടെന്നോ ഒരു സമത്വ സുന്ദരമായ ലോകം ഉണ്ടായിരുന്നുവെന്ന ചിന്ത വീണ്ടും അത്തരമൊരു കാലത്തെയും ലോകത്തെയും രൂപപ്പെടുത്തുന്നതിന് വേണ്ട പ്രചോദനം പകരുമല്ലോ. കര്‍ക്കിടകം പഞ്ഞത്തിന്‍റെ മാസമാണ് എന്നാണ് കരുതപ്പെടുന്നത്. ആ കര്‍ക്കിടകത്തെ നാം അതിജീവിക്കുന്നത് തൊട്ടപ്പുറത്ത് ഒരു ചിങ്ങമുണ്ട് എന്ന പ്രത്യാശ കൊണ്ടാണ്. അത്തരമൊരു പ്രത്യാശയും ഓണസങ്കല്‍പ്പത്തിന്‍റെ ഭാഗമാണ്.

തുടര്‍ച്ചയായി വന്ന രണ്ടു പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവന്നവരാണ് നാം. ആ നഷ്ടങ്ങളില്‍ തളര്‍ന്നുകിടക്കുകയല്ല, അതിജീവിക്കുകയാണ് വേണ്ടത്. ഓണസങ്കല്‍പ്പം പകരുന്ന പ്രത്യാശ അതിജീവനത്തിനും നവകേരള നിര്‍മ്മാണത്തിനും വേണ്ട കരുത്തുകൂടി പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി ഓണാശംസ നേര്‍ന്നു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !