മലപ്പുറം കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ 3 പേര്‍ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോയെന്ന് കുട്ടി പറഞ്ഞതുകേട്ട് വിശ്വസിച്ചായിരുന്നു ആക്രമണം. േകസില്‍ ആകെ നാല്‍പത് പ്രതികളാണുള്ളത്. മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു.
പതിനാലുകാരന്റെ നുണക്കഥ
മലപ്പുറം കൊണ്ടോട്ടി ഒാമാനൂരില്‍ യുവാക്കള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയെന്ന് പതിനാലുകാരന്‍ ചമച്ച കഥ കേട്ട് പ്രകോപിതരായവരാണ് യുവാക്കളെ ആക്രമിച്ചത്. രക്തം ഛര്‍ദിച്ചിട്ടും നാട്ടുകാര്‍ അടി നിര്‍ത്തിയില്ലെന്ന് ക്രൂരമര്‍ദനത്തിനിരയായ യുവാക്കൾ മീഡിയാ വിഷൻ ന്യൂസിനോട് പറഞ്ഞു. 40 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് യുവാക്കള്‍.
ഒാണപ്പരീക്ഷ കഴിഞ്ഞ് ഉത്തരപേപ്പര്‍ കിട്ടുമ്പോള്‍ മാര്‍ക്കു കുറയുമെന്ന ആശങ്കയില്‍ കുട്ടി മെനഞ്ഞ കഥയാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസ് സ്ഥിരീകരണം. തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവരെന്ന് കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കൂടി പരിശോധിച്ച ശേഷമാണ് വാഴക്കാട് പൊലീസ് സ്റ്റേഷനിലേക്ക് യുവാക്കളോട് വരാന്‍ പൊലീസ് ആവശ്യപ്പെട്ടത്. പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന വാഴക്കാട് ചീരോത്ത് റഹ്മത്തുല്ല, കൊണ്ടോട്ടി കുറുപ്പത്ത് സഫറുല്ല എന്നിവരെ നാട്ടുകാര്‍ ഒാമാനൂരില്‍ വച്ച് തടഞ്ഞു വച്ചു.
കാറിലുളളവര്‍ തന്നെയാണ് കൈകള്‍ ബന്ധിച്ച് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് കുട്ടി ഉറപ്പിച്ചു പറഞ്ഞതോടെ നാട്ടുകാര്‍ ക്രൂരമര്‍ദനമാരംഭിച്ചു. രക്തം ഛര്‍ദിച്ചിട്ടു പോലും നിര്‍ത്തിയില്ല. പൊലീസ് എത്തിയിട്ടും വിട്ടു കൊടുക്കാതെ മര്‍ദനം തുടര്‍ന്നു. നിരപരാധികളെന്ന് തിരിച്ചറിഞ്ഞ് തടയാന്‍ വന്നവരെയും ആക്രമിച്ചുവെന്നും യുവാക്കള്‍ പറഞ്ഞു. സംഭവത്തില്‍ 40 പേര്‍ക്കെതിരെ വധശ്രമം അടക്കമുളള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

