എടപ്പാൾ: എടപ്പാൾ ജംഗ്ഷനിലെ കോഴിക്കോട് റോഡിൽ വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം മറികടന്നു തൃശൂർ റോഡിലേക്കു പ്രവേശിക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ പഞ്ചറായത് ഗതാഗതക്കുരുക്കിനു വഴിയൊരുക്കി. മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനിടയിലാണ് ബസ് നിരോധിത മേഖലയിലൂടെ കടന്നത്.
വാഹന ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഇരുന്പുബോർഡിലൂടെയും അവിടെയുണ്ടായിരുന്ന കന്പികളിലൂടെയും ബസിന്റെ ടയർ കയറിയതോടെ ടയർ പഞ്ചറായി. ജനങ്ങൾ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകിയിട്ടും ഡ്രൈവർ അതു വകവച്ചില്ല. ടയർ പഞ്ചറായി ബസ് വഴിമുടക്കിയായി മാറിയതോടെ ജനങ്ങൾ ഡ്രൈവർക്കു നേരേ കയർത്തു. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞു ടയർ മാറ്റിയിട്ടതിനു ശേഷം ബസ് ചങ്ങരംകുളം സ്റ്റേഷനിലേക്കു പോലീസ് മാറ്റുകയായിരുന്നു. കണ്ണൂരിൽ നിന്നു എറണാകുളത്തേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് ഇന്നലെ ഉച്ചയ്ക്ക് 2.30 ന് തകരാറിലായത്.


