തിരൂരങ്ങാടി: രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ദേശ വിരുദ്ധരായി കാണരുതെന്നു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. മമ്പുറം ആണ്ടു നേർച്ചയോടനുബന്ധിച്ചു നടന്ന മമ്പുറം തങ്ങൾ അനുസ്മര പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾക്കു മേൽ ദേശവിരുദ്ധ കുറ്റം ചുമത്തിയും പൗരത്വം നിഷേധിച്ചും രാജ്യത്തു നിന്നു ഇല്ലായ്മ ചെയ്യാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ പാരന്പര്യത്തെ തകർക്കുന്നതുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾക്കും വേണ്ടി പോരാടിയ നേതാവാണ് മമ്പുറം തങ്ങൾ. രാജ്യത്ത് മതേതരത്വം പുലരാൻ തങ്ങളുടെ സൗഹാർദത്തിന്റെ പാതകൾ പിന്തുടരാൻ സമൂഹം തയാറാകണമെന്നും തങ്ങൾ പറഞ്ഞു. കെ.എം സൈതലവിഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു.ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂർ, സി.കെ മുഹമ്മദ് ഹാജി, സിദീഖ് ഹാജി ചെറുമുക്ക്, കെ.പി ശംസുദീൻ ഹാജി സൈതലലവി ഹാജി വേങ്ങര എന്നിവർ പങ്കെടുത്തു. പി.കെ നാസർ ഹുദവി കൈപ്പുറം സ്വാഗതവും സി.എച്ച് ശരീഫ് ഹുദവി നന്ദിയും പറഞ്ഞു.
ഇന്നു രാത്രി പ്രാർഥന സമ്മേളനവും മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്ളുൽ ഖുറാൻ കോളജിൽ നിന്നു ഖുറാൻ മനഃപാഠമാക്കിയ വിദ്യാർഥികൾക്കുള്ള സനദ് ദാനവും നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥന സമ്മേളനം ഉദ്ഘാടനം ചെയ്യും. ദാറുൽഹുദാ വി.സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ സനദ് ദാനം നിർവഹിക്കും. പ്രാർഥാ സദസിനു വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ നേതൃത്വം നൽകും. നേർച്ചയുടെ സമാപന ദിനമായ നാളെ രാവിലെ എട്ടു മുതൽ അന്നദാനം.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !