കളംകുന്ന് മങ്ങാട്ടത്തൊടിക സീനത്തിന്റെ മരണം കൊലപാതകം. ഭര്‍ത്താവ് ചെമ്പന്‍ മുജീബി (40) നെ പൂക്കോട്ടുംപാടം പോലീസ് അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ച പുലര്‍ച്ചെയാണ് സീനത്തിനെ തീ പിടിച്ച് വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീനത്ത് തീകൊളുത്തിയെന്ന കാര്യം മുജീബ് തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. അയല്‍വാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ പൂക്കോട്ടുംപാടം പോലീസ് മരണം സ്‌ഥിരീകരിക്കുകയായിരുന്നു.
കൊലപാതകം ആണെന്ന സംശയത്തില്‍ ഭര്‍ത്താവ് മുജീബിനെ കസ്‌റ്റഡിയില്‍ എടുത്തു. ആദ്യം ആത്മഹത്യ ചെയ്‌തതാണെന്ന് പറഞ്ഞെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സീനത്തിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് മുറിയുടെ വാതില്‍ കയറിട്ട് കെട്ടി അടുത്ത മുറിയില്‍ നിന്നും മണ്ണെണ്ണയില്‍ മുക്കിയ തുണിയില്‍ തീ കത്തിച്ച് എറിയുകയായിരുന്നു എന്നാണ് മൊഴി.
മുജീബിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കളംകുന്നിലെ വീട്ടില്‍ എത്തിച്ച് വാതില്‍ കെട്ടിയ കയര്‍, പ്രതി ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. പൂക്കോട്ടുംപാടം എസ് ഐ രാജേഷ് അയോടനെ കൂടാതെ സീനിയര്‍ സി പി ഒ മാരായ സൈനുല്‍ ആബിദീന്‍, ജാഫര്‍,ജി കെ പ്രദീപ്, അനീഷ്, വിഷ്‌ണു, സുദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


