2019ലെ പ്രളയം നികത്താനാകാത്ത നഷ്ടങ്ങളാണ് മലപ്പുറം ജില്ലയ്ക്ക് നല്‍കിയത്. പ്രളയത്തെത്തുടര്‍ന്ന് നിലമ്പൂരിലെ മുണ്ടേരി ഫാമില്‍ നിന്ന് ഇരുട്ടുകുത്തിയിലേക്ക് ചാലിയാര്‍ പുഴയ്ക്കു കുറുകെ ഉണ്ടായിരുന്ന പാലം തകര്‍ന്ന് ഒറ്റപ്പെട്ട വനത്തിനുള്ളിലെ കോളനികളിലേക്ക് ജില്ലയിലെ റവന്യു വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ തൂക്കുപാലമൊരുങ്ങും. മുണ്ടേരിയില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകേ ഉണ്ടായിരുന്ന പാലം ഒലിച്ചുപോയതിനാല്‍ ചാലിയാറിന്റെ അങ്ങേക്കരയിലുള്ള ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി വാണിയംപുഴ എന്നീ നാല് കോളനികളും ഇന്നും പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. ഇപ്പോള്‍ ചങ്ങാടത്തിലാണ് ഇവിടേക്ക് ആള്‍ക്കാരെത്തുന്നതും, അടിയന്തര സഹായവും ഭക്ഷണ സാധനങ്ങളുമെത്തിക്കുന്നതും. അസമയങ്ങളിലും, പുഴയിലെ ജലനിരപ്പ് ഉയരുമ്പോഴും, അടിയന്തര വൈദ്യസഹായം എത്തിക്കാനോ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് . കഴിഞ്ഞ ആഗസ്റ്റ് എട്ടാം തീയതിയിലാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് കോളനിയിലേക്കുള്ള ഏക ആശ്രയമായ പാലം തകര്‍ന്നത്.
ഇതോടെ കരയിലേക്കുള്ള കോളനിവാസികളുടെ സഞ്ചാരവും മുട്ടി. 100 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെ ഈ കോളനികളിലെത്തി ഊരുകൂട്ടങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചു. ഈ ഊരുകൂട്ടങ്ങളില്‍ ഉയര്‍ന്നുവന്ന ഏറ്റവും വലിയ ആവശ്യം പുഴയ്ക്ക് കുറുകേ അടിയന്തരമായി നടപ്പാലമോ തൂക്കുപാലമോ വേണമെന്നുള്ളതായിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടതില്‍ പാലം നിര്‍മ്മാണത്തിന് 3കോടിയോളം രൂപ ചെലവ് വരുമെന്നും കുറഞ്ഞത് 8 മാസമെങ്കിലും സമയമെടുക്കുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. പുതിയ പാലം നിര്‍മാണത്തിന് ഏറെ സമയമെടുക്കുമെന്നതും മൂന്ന് കോടിയോളം ചിലവ് വരുമെന്നതുമാണ് ചെലവ് കുറഞ്ഞ രീതിയില്‍ വേഗത്തില്‍ ഒരു പാലം സാധ്യമാക്കുന്നതിനുള്ള വഴികള്‍ തേടാന്‍ കാരണം. ഈ വിഷയം വിശദമായി പരിശോധിച്ചതിലും പ്രാദേശികമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും സമീപവാസികളായ വിദഗ്ദ്ധരുടേയും മറ്റും സഹായത്തോടെ ചെലവ് കുറഞ്ഞ രീതിയില്‍ വളരെപെട്ടെന്ന് ഒരു തൂക്കുപാലം നിര്‍മ്മിക്കാന്‍ കഴിയും എന്ന് ബോധ്യപ്പെട്ടിരുന്നു. എന്നിരുന്നാലും ഇപ്രകാരം പാലം നിര്‍മ്മാണത്തിനുള്ള മെറ്റല്‍ റോപ്പുകള്‍ ഉള്‍പ്പെടെയുള്ള മെറ്റീരിലിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 3 ലക്ഷം രൂപ മുതല്‍ 5 ലക്ഷം വരെ ചെലവ് പ്രതീക്ഷിക്കുന്നു. പാലം നിര്‍മാണത്തിന് നിലവില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നതുവരെ കാത്തുനില്‍ക്കാതെ എന്നാല്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ഒരു പാലം എന്ന സ്വപനം സാക്ഷാത്കരിക്കുന്നതിന് സഹായ സന്നദ്ധരായി മലപ്പുറം ജില്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ന് ജില്ലാ കളക്ടർ ആദ്യ സംഭാവന നല്‍കി തൂക്കുപാലം നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പാലം നീര്‍മ്മാണത്തിനുള്ള തുക ഒരു റവന്യൂ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിതമായി പിരിക്കുന്നില്ല. മുണ്ടേരിയിലെ നമ്മുടെ സഹോദരങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ്, അതിജീവനത്തിന്റെ കൈത്താങ്ങായി ഒരു പാലം നിര്‍മ്മിക്കുന്നതിനുള്ള മലപ്പുറം ജില്ലയിലെ റവന്യൂ ജീവനക്കാരുടെ മാതൃകപരമായ ഈ ഉദ്യമത്തിന് എല്ലാ വിധഭാവുകങ്ങളും നേരുന്നു. പാലം നിര്‍മ്മാണത്തിനുള്ള ശ്രമദാനത്തിലും പങ്കെടുക്കാന്‍ ജീവനക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ തൂക്കുപാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു.
ഇതിനു പുറമേ സര്‍ക്കാര്‍ ചെലവില്‍ വാഹനയാത്രയ്ക്കുകൂടി അനുയോജ്യമാകുന്ന തരത്തിലുള്ള ഒരു പാലം നിര്‍മ്മിക്കുന്നതിനും ഉടന്‍ പദ്ധതി തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.



