1.75 കോടി രൂപയുടെ നിരോധിത ഇന്ത്യൻ കറൻസിയുമായി 6 അംഗ സംഘത്തെ കൊളത്തൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വടകര വില്യാപ്പള്ളി കുനിയിൽ അഷ്‌റഫ്(45), വില്യാപ്പള്ളി കിഴക്കേപ്പനയുള്ളതിൽ സുബൈർ(52), വളാഞ്ചേരി പുറമണ്ണൂർ ഇരുമ്പാലയിൽ സിയാദ്(37), കൊളത്തൂർ പള്ളിയാൽ കുളമ്പ് പൂവളപ്പിൽ മുഹമ്മദ് ഇർഷാദ്(28), കൊളത്തൂർ മൂച്ചിക്കൂടത്തിൽ സാലി ഫാമിസ്(21), ചെർപ്പുളശ്ശേരി ഇടദിൽ മുഹമ്മദ് അഷ്‌റഫ്(39) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
പെരിന്തൽമണ്ണ എഎസ്‌പി രീഷ്‌മ രമേശനു ലഭിച്ച വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് 1,75,85,500 രൂപയുമായി സംഘം പിടിയിലായത്. കുറുപ്പത്താൽ ടൗണിലെ ഫർണിച്ചർ കടയിലിരുന്ന് ഇടപാടു നടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഒരു കോടി രൂപയുടെ നിരോധിത കറൻസി നോട്ടിന് 12 ലക്ഷം രൂപ തിരിച്ചു നൽകാമെന്നാണ് സംഘത്തിന്റെ വാഗ്ദാനം.
സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് എഎസ്‌പി അറിയിച്ചു.എഎസ്‌പിയുടെ നേതൃത്വത്തിൽ സിഐ ആർ.മധു, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്‌ണകുമാർ, എം.മനോജ് കുമാർ, മോഹൻദാസ്, കെ.എം.വിവേക്, മധു പ്രസാദ്, മണി, സുനിൽ, കെ.രജീഷ്, ശ്യാം, ആസിഫ് അലി എന്നിവരടങ്ങുന്ന സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.


