വളാഞ്ചേരി: കഞ്ഞിപ്പുര മൂടാൽ ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക എന്ന ആവശ്യമുന്നയിച്ച് വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പാത വട്ടപ്പാറയിൽ 24 മണിക്കൂർ രാപകൽ സമരം നടത്തും.കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പാചക വാതക ടാങ്കറും ഒരു കണ്ടയ്നർ ലോറിയുമടക്കം നാലു വാഹനാപകടങ്ങളാണ് വട്ടപ്പാറയിലുണ്ടായത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബൈപാസ് പ്രവൃത്തി ആരംഭിച്ചെങ്കിലും തുടർന്ന് വന്ന ഇടത് സർക്കാർ ഫണ്ടനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന് സമീപം നടക്കുന്ന രാപകൽ സമരം രാവിലെ 10ന് മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്.അബൂ യൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്യും.
എംഎൽഎമാരായ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, സി.മമ്മുട്ടി, കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ അധ്യക്ഷ സി.കെ.റുഫീന എന്നിവർ പ്രസംഗിക്കും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ സമാപന പ്രസംഗം നടത്തും .


