തിരൂർ: ഏഴൂർ ഹയർസെക്കൻഡറി സ്കൂളിൽ കലോത്സവത്തിനിടെ സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥികൾക്കു നേരെ പൂർവവിദ്യാർഥികളുടെ അക്രമം. ആറ് പ്ലസ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടു വിദ്യാർഥികളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും നാലുപേരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തെത്തുടർന്ന് ചൊവ്വാഴ്ച സ്കൂളിന് പ്രിൻസിപ്പൽ അവധിനൽകി.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ ആലത്തിയൂർ സ്വദേശി ഷെബിൻ (17), വൈരങ്കോട് സ്വദേശി അമൽ (17) എന്നിവരെയാണ് കോട്ടയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ തിരൂർ മുത്തൂർ സ്വദേശി അല്ലംപുത്തൂർ മുഹമ്മദ് ഇഷാം (17), സൗത്ത് പല്ലാറിലെ സൂർപ്പിൽ മുഹമ്മദ് സഹദി ഹസ്സൻ (18), വൈലത്തൂരിലെ പെരുളി തലേക്കാട്ട് മുഹമ്മദ് മുർഷിദ് (18), തിരുനാവായ സ്വദേശി മുഹമ്മദ് നാസിം (18) എന്നിവരെയാണ് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


