എടക്കര: പാലുത്പാദനം ലാഭകരമല്ലാത്തത് മൂലം ക്ഷീരോത്പാദന മേഖലയിൽ നിന്നും കർഷകർ പിന്മാറിക്കൊണ്ടിരിക്കുകയാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്.
അന്‍പത് രൂപയുണ്ടായിരുന്ന കാലിത്തീറ്റ ബാഗിന് 1200 രൂപയാണിപ്പോൾ വില.അതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ലെന്നും കർഷകരെ കാര്യമായി ബാധിക്കുന്ന ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജയിൽ വകുപ്പിന് കീഴിലെ നെട്ടുകാൽത്തേരി ഓപ്പണ്‍ പ്രിസണ്‍ ആൻഡ് കറക്ഷണൽ ഹോമിന്റെ നേതൃത്വത്തിൽ പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പോത്തുകൽ പഞ്ചായത്തിലെ അവശതയനുഭവിക്കുന്ന ക്ഷീരമേഖലക്കുള്ള സൗജന്യ തീറ്റപ്പുല്ലും തീറ്റപ്പുൽക്കടയും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി ഓപ്പണ്‍ ജയിലിലെ അന്തേവാസികൾ ഉൽപാദിപ്പിച്ച മൂന്ന് ടണ്‍ വീതം തീറ്റപ്പുല്ലും പുൽക്കടയുമാണ് നിലന്പൂരിലെ പ്രളയ ദുരിത ബാധിത കർഷകർക്കായി വിതരണം ചെയ്തത്.
പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരൻപിള്ള അധ്യക്ഷത വഹിച്ചു. ക്ഷീരവകുപ്പ് ഡയരക്ടർ എസ്.ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്തംഗം ഒ.ടി.ജെയിംസ്, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ വില്യംസ്, പഞ്ചായത്തംഗം ത്രേസ്യാമ്മ ജോർജ്, ക്ഷീരവികസന വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, ക്ഷീരവികസന വകുപ്പ് ജില്ല ക്വാളിറ്റി കണ്ട്രോൾ ഓഫീസർ എ.കെ.ബിന്ദു, പോത്തുകൽ വെറ്ററിനറി സർജൻ ഡോ.മനോജ്, അച്ചൻകുഞ്ഞ്, മനോജ്, അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.


