മലപ്പുറം - തിരുവനന്തപുരം സൂപ്പർ ഡീലക്സ്‌ എയർബസ്സിന്റെ ആദ്യയാത്ര




മലപ്പുറം-തിരുവനന്തപുരം  സൂപ്പർ ഡീലക്സ്‌ എയർബസ്സിന്റെ ആദ്യയാത്ര മലപ്പുറം സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടു. എറണാകുളം, ആലപ്പുഴവഴി ബസ് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മലപ്പുറത്തുകാരുടെ സ്വപ്നം അങ്ങനെ പൂവണിഞ്ഞു. രാത്രി പത്തിനുശേഷം തിരുവനന്തപുരത്തേക്ക് ബസ്‌ വേണമെന്ന ആവശ്യമാണ്‌ ഇതോടെ യാഥാർഥ്യമായത്‌. ഞായറാഴ്ച വൈകിട്ട്‌ അഞ്ചിന്‌ കെഎസ്‌ആർടിസി ഡയറക്ടർ ബോർഡ്‌ മെമ്പർമാരായ ഫൈസൽ തങ്ങൾ, ആലീസ്‌ മാത്യു എന്നിവർ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്തു.

രാത്രി 10.30ന് മലപ്പുറത്തുനിന്ന്‌ പുറപ്പെട്ട്‌ ബസ് 6.30ന്‌ തിരുവനന്തപുരത്ത്‌ എത്തും. തിരിച്ച്‌ രാത്രി 11ന്‌ പുറപ്പെട്ട്‌ പിറ്റേദിവസം രാവിലെ 7.10ന്‌ മലപ്പുറത്തെത്തും. 411 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്. റിസർവേഷൻ സൗകര്യമുണ്ട്‌. കോട്ടക്കൽ, വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാൾ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവയാണ് സ്റ്റോപ്പുകൾ. കുറഞ്ഞ യാത്രാ സമയത്തിൽ തിരുവനന്തപുരത്ത് എത്താനാകും. ഇന്റർവ്യൂ, സെക്രട്ടറിയറ്റ് ആവശ്യങ്ങൾ, വിദ്യാർഥികൾ, രോ​ഗികൾ എന്നിവർക്കെല്ലാം ആശ്വാസമാണ് സർവീസ്. മെഡിക്കൽ കോളേജ്, ആർസിസി  എന്നിവിടങ്ങളിലേക്ക് പോകേണ്ടവർക്ക് വേണ്ടി ഉള്ളൂരിൽനിന്ന് തിരിഞ്ഞ് കഴക്കൂട്ടംവഴിയാണ് റൂട്ട്. നിലവിൽ തിരുവനന്തപുരത്തേക്ക് അഞ്ച് സൂപ്പർഫാസ്റ്റ് സർവീസുകളാണ് മലപ്പുറത്തുനിന്നുള്ളത്.


രാവിലെ 5.15, 7.40, പകൽ 1.10, വൈകിട്ട് 5.20, രാത്രി 8.40 എന്നിവയാണിത്. ജില്ലാ ട്രാർസ്പോർട്ട് ഓഫീസർ കെ അശോകൻ അധ്യക്ഷനായി. കോഴിക്കോട് സോണൽ ട്രാഫിക് മാനേജർ ജോഷി ജോൺ, എം സി സതീഷ് കുമാർ, കെ വി ഹരികുമാർ എന്നിവർ സംസാരിച്ചു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !