നിലമ്പൂർ: സംസ്ഥാനത്തുണ്ടായ പ്രളയത്ത അതിജീവിച്ച് കേരളം പുനർനിർമിക്കാനുള്ള സർക്കാറിന്റെ ഇടപെടൽ പ്രശംസനീയമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. നിലമ്പൂർ പീവീസ് സ്കൂളിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. റീബിൽഡ് കേരളം എന്ന സർക്കാറിന്റെ പ്രധാന ലക്ഷ്യം നിറവേറ്റാനുള്ള ഓരോ വകുപ്പിന്റെയും നടപടികളും അഭിനന്ദിക്കേണ്ടത് തന്നെയാണ്. വിദ്യാഭ്യാസത്തിൽ ഏറ്റവും ഉയർന്ന നിലയിലാണ് കേരളത്തിന്റെ സ്ഥാനം. സാക്ഷരതയിൽ നൂറുശതമാനം കൈവരിച്ച സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഗവർണറായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗവർണർ പറഞ്ഞു. പി.വി അബ്ദുൽ വഹാബ് എം.പി അധ്യക്ഷനായി.
ഗവർണറുടെ ഭാര്യ രേശ്മ ആരിഫ്, ജാസ്മിൻ അബ്ദുൽ വഹാബ്, പി.വി അലിമുബാറക്, ഡോ.എ.എം ആന്റണി, പ്രിൻസിപ്പൽ കെ.സി ദീപ സംബന്ധിച്ചു. അമൽ കോളജ്, അരീക്കോട് എസ്.എസ് കോളജ്, ജെ.എസ്.എസ്, പീവീസ് മോഡൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും ഗവർണറോട് ചോദ്യങ്ങൾ ഉന്നയിച്ചു. വിദ്യാർത്ഥികളെ അഭിനന്ദിച്ചാണ് ഗവർണർ നിലമ്പൂരിൽ നിന്നു മടങ്ങിയത്.
