എടക്കര: പ്രളയം നാശം വിതച്ച നിലമ്പൂരിന് കൂടുതൽ കേന്ദ്ര സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തഭൂമി സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ 11.45ന് മലയോരത്തെത്തിയ അദ്ദേഹം ആദ്യം സന്ദർശിച്ചത് ഉരുൾപൊട്ടൽ തുടച്ചുനീക്കിയ പാതാർ അങ്ങാടിയിലായിരുന്നു. തുടർന്ന് കവളപ്പാറ ദുരന്തഭൂമിയിലെത്തിയ അദ്ദേഹം ജില്ലാ കളക്ടർ ജാഫർ മാലിക്കിനോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി.
59 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ ഇനിയും 11 പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ലെന്ന വിവരവും കളക്ടർ ധരിപ്പിച്ചു. കൂടുതൽ കേന്ദ്ര സഹായം ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പ് നൽകി. ഭാര്യ രേഷ്മ ആരിഫ് ഖാനും കൂടെണ്ടായിരുന്നു. തുടർന്ന് നിലമ്പൂർ മണ്ഡലത്തിൽ അവശേഷിക്കുന്ന ഏക ദുരിതാശ്വാസ ക്യാമ്പായ പോത്തുകല്ല് സിറ്റി ടവറിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സന്ദർശിച്ചു. കവളപ്പാറ കോളനിയിലെ കുട്ടികളടക്കം 56 പേരാണ് ഇവിടെയുള്ളത്. ഇവരോട് കാര്യങ്ങൾ തിരക്കിയ ഗവർണർ മുഖ്യമന്ത്രിയെയും, പ്രധാനമന്ത്രിയെയും കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് അറിയിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ പൊലീസ് മേധാവി പി കെ അബ്ദുൾ കരീം, പി വി അബ്ദുൾ വഹാബ് എം.പി, ഡെപ്യൂട്ടി കളക്ടർ ജെ.യു. അരുൺ, ഡെപ്യൂട്ടി തഹസിൽദാർ സുബാഷ് ചന്ദ്രബോസ്, പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻ പിള്ള തുടങ്ങി വിവിധ സർക്കാർ വകുപ്പധികൃതരും ഗവർണറെ അനുഗമിച്ചു.
