പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിലെ ചാത്തനല്ലൂർ പാടശേഖരത്തിലും പൂപ്പലം പാടശേഖരത്തിലും 250 ഏക്കറോളം സ്ഥലത്ത് വെള്ളം കയറി കൃഷി നശിച്ച സ്ഥലങ്ങളിൽ ടി.എ.അഹമ്മദ് കബീർ എംഎൽഎ സന്ദർശനം നടത്തി. പൂപ്പലം മുട്ടിപ്പാലം മുതൽ പിലാക്കൽ ചിറ മുതൽ താഴത്തെ പൂപ്പലം മീൻ മാർക്കറ്റ് വരെ 250 ഏക്കർ സ്ഥലത്താണ് വെള്ളം കയറി നെൽകൃഷി നശിച്ചത്. ചെറുപുഴയിലേക്ക് ഒഴുകിയെത്തുന്ന തോട് പല ഭാഗത്തും സൈഡുകൾ ഇടിഞ്ഞ് വീണതിനാലാണ് പാടശേഖരങ്ങളിലേക്ക് വെള്ളമെത്തുന്നത്.
അന്‍പത് വർഷം മുന്‍പ് 10 അടി വീതിയിൽ വെട്ടുകല്ല് ഉപയോഗിച്ച് തോടരിക് കെട്ടി സംരക്ഷിച്ചതിന് ശേഷം കാലോചിതമായ യാതൊരു വിധത്തിലും കെട്ടി സംരക്ഷിക്കാത്തതാണ് വെള്ളം കയറാൻ കാരണം. നെൽകൃഷി നശിച്ചതോടെ സ്വർണവും ആഭരണം പണയപ്പെടുത്തിയും ബാങ്ക് ലോണ്‍ വാങ്ങിച്ചും കൃഷി ചെയ്ത നിരവധി കർഷകർ വലിയ സാന്പത്തിക ബാധ്യത വന്ന് ദുരിതത്തിലായിരിക്കുകയാണ്.
പരാതികൾ എംഎൽഎയുമായി കർഷകർ പങ്കുവച്ചു. 35 വർഷമായി പ്രസ്തുത തോട് സംരക്ഷണത്തിന് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്ന് കർഷകർ പറഞ്ഞു.
വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. സി.പി.ഉണ്ണികൃഷ്ണൻ, നാസർ പൂപ്പലം, അബ്ദുൽ റഷീദ് ചാത്തോലി, കുഞ്ഞിമുഹമ്മദ് ചാത്തോലി, കരീം തോട്ടുകൽ, ഹാരിസ്, പി.വിജയൻ, ഷിഹാബ് ചോലക്കൽ, അലി തോട്ടുങ്ങൽ എന്നിവർ എംഎൽഎയോടൊപ്പമുണ്ടായി.
