എടക്കര: നവീകരണത്തിന് മുന്നോടിയായി നാടുകാണിച്ചുരത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്ന് ഡൽഹി സെൻട്രൽ റോഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് ജി.എസ്.പാർവതി. നാടുകാണിച്ചുരത്തിലെ തകർന്ന ഭാഗങ്ങളിൽ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. മഴവെള്ളം കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങുന്ന ഘടനയുള്ള മണ്ണാണ് നാടുകാണിച്ചുരത്തിലേത്. ആറ് മീറ്റർ വരെ വെള്ളം മണ്ണിനടിയിലേക്ക് ഇറങ്ങുന്നുണ്ട്.
തകർന്ന ജാറത്തിന് സമീപം മുകൾവശത്ത് വലിയൊരു ജലാശയവും നിലനിൽക്കുന്നുണ്ട്. ഭൂമിയിലേക്ക് ഇറങ്ങുന്ന വെള്ളം മണ്ണുമായിച്ചേർന്ന് ദ്രവരൂപത്തിൽ താഴെഭാഗത്ത് പൊന്തിവരും. ഇത് മലയിടിച്ചിലിന് കാരണമാകും. അടുത്ത ദിവസം ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ചുരത്തിലെത്തി വിശദമായ പഠനം നടത്തും. സംഘത്തിന്റെ പഠന റിപ്പോർട്ട് രണ്ട് മാസത്തിനകം സർക്കാരിന് സമർപ്പിക്കും. ആറ് മാസത്തിനകം ചുരത്തിലെ തകർന്ന ഭാഗങ്ങളിലെ പ്രവർത്തി പൂർത്തീകരിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
വൈകിട്ട് അഞ്ചരയോടെയാണ് സയന്റിസ്റ്റ് ജി.എസ്.പാർവതി ചുരത്തിലെത്തിയത്. പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ജി ഗീത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സി.ഇബ്രാഹിം, എഇമാരായ പ്രിൻസ് ബാലൻ, ഫസൽ റഹ്മാൻ, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ.സുകു, വാർഡംഗം അബ്ദുൾ ഹക്കീം എന്നിവരും സംഘത്തിലുണ്ടായിരുന്നു.


