മലപ്പുറം: വിവിധ പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പദ്ധതികളുടെ അവലോകനം ജില്ലയിൽ കൃത്യമായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ വികസനോന്മുഖമായ കാഴ്ചപ്പാടോടെ പദ്ധതി നിർവ്വഹണം നടത്തണം. നിർവഹണ തലത്തിൽ നേരിടുന്ന പ്രശ്ന പരിഹാരത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇടപെടലുകളോ, നയം മാറ്റമോ ആവശ്യമുണ്ടെങ്കിൽ മാറ്റിയെടുക്കുന്നതിന് വേണ്ട നിർദ്ദേശങ്ങളും പരിഹാരങ്ങളും തയ്യാറാക്കി സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായുള്ള ജില്ലാതല കോഓർഡിനേഷൻ ആന്റ് മോണിറ്ററിംങ്ങ് കമ്മറ്റി(ദിശ)യുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സുസ്ഥിര ആസ്തികൾ സൃഷ്ടിക്കുന്നതിനും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച്, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനും ശ്രദ്ധ നൽകണമെന്നും നിർദ്ദേശിച്ചു. സ്ഥലം ലഭ്യമായ സ്ഥലങ്ങളിൽ അംഗനവാടിക്ക് സ്വന്തം കെട്ടിടം നിർമിക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷൻ, ദേശീയ കുടുംബ സഹായനിധി, എ.ആർ.ബ്ല്യു.എസ്.പി, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എൻ.എച്ച്.എം.പദ്ധതികൾ, ദീൻ ദയാൽ ഉപാധ്യായ ഗ്രാമ് ജ്യോതി യോജന, ദേശീയ ഗ്രാമീണ ലൈവ്ലിഹുഡ് മിഷൻ, ഐ.സി.ഡി.എസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വൽ യോജന തുടങ്ങിയവയുടെ പുരോഗതി അവലോകനം നടത്തി.
യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. ഉബൈദുള്ള എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.അബ്ദുൽ കലാം മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് എ.കെ.നാസർ, രാഹുൽ ഗാന്ധി എം.പിയുടെ പ്രതിനിധിയുടെ ഇ.മുഹമ്മദ് കുഞ്ഞി, ഡെപ്യൂട്ടി കലക്ടർ പി.മുരളീധരൻ, തുടങ്ങിയവർ സംസാരിച്ചു.
