മലപ്പുറം: പ്രളയ ബാധിതർക്കുള്ള ധനസഹായ വിതരണം രണ്ടാഴ്ചക്കുള്ളിൽ നടത്താൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു നിർദേശം നൽകി. ജില്ലയിലെ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ജില്ലാകളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ ദുരിതാശ്വാസ ക്യാന്പുകളിൽ താമസിച്ചവർക്കും ബന്ധുവീടുകളിൽ മാറി താമസിച്ചവർക്കുമായി നൽകി വരുന്ന അടിയന്തര ധനസഹായമായ 10,000 രൂപ ഇനിയും ലഭിക്കാത്തവർക്ക് രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യണമെന്നു പ്രിൻസിപ്പൽ സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ആളുകളുടെ പുനരധിവാസത്തിനുള്ള പ്രൊപ്പോസൽ ഉടൻ ജില്ലാ കളക്ടർ മുഖേന സമർപ്പിക്കാനും തഹസിൽദാർമാരോട് സെക്രട്ടറി ആവശ്യപ്പെട്ടു.
വീടും സ്ഥലവും നഷ്ടപ്പെട്ട ട്രൈബൽ വിഭാഗത്തിൽപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിലന്പൂരിലെ വിവിധ കോളനികളിലുള്ളവരെ പ്രീഫാബ് മോഡലിലുള്ള താത്ക്കാലിക ഷെൽട്ടറിലേക്കു മാറ്റാൻ 148 ഓളം ഷെൽട്ടറുകൾ കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കടവ്, ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പാപ്പൊട്ടി, കുന്പളപ്പാറ, കവളപ്പാറ തുടങ്ങിയ കോളനി നിവാസികൾക്കാണ് താത്ക്കാലിക ഷെൽട്ടറുകൾ ഒരുങ്ങുന്നത്.
തണ്ടക്കല്ല് കോളനിയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി മുണ്ടേരി ഫാമിലെ പത്തു ഏക്കർ ഭൂമി കണ്ടെത്തിയതായി കളക്ടർ ജാഫർ മലിക് യോഗത്തിൽ അറിയിച്ചു. തുടർനടപടികൾക്കായി സർക്കാരിലേക്കു വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നുള്ള തീരുമാനത്തിനനുസരിച്ചു ഇതിനായുള്ള തുടർനടപടികൾ ആരംഭിക്കുമെന്നും കളക്ടർ സെക്രട്ടറിയെ അറിയിച്ചു. കാലതാമസം നേരിടുകയാണെങ്കിൽ അടിയന്തിരമായി 18 ക്വാർട്ടേഴ്സുകൾ മുണ്ടേരി ഫാമിൽ അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും കളക്ടർ അറിയിച്ചു. സിസിടി കൗണ്‍സിലിന്റെ തീരുമാന പ്രകാരം 195 ഹെക്ടർ ഭൂമി ഭൂരഹിതരായവർക്കു നൽകാൻ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ഭൂമി റവന്യൂ വകുപ്പിനു കൈമാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതു പ്രളയത്തിൽ ഭൂമി നഷ്ടമായവർക്കായി വിനിയോഗിക്കും.
മഴക്കെടുതികളാൽ വാസയോഗ്യമല്ലാതായ ചളിക്കൽ കോളനിവാസികൾക്കു ടിആർഡിഎമ്മിന്റെ അധീനതയിൽ എടക്കരയിലുള്ള 5.27 ഏക്കർ റവന്യൂ ഭൂമി വിട്ടുകൊടുക്കാൻ നടപടിയായിട്ടുണ്ട്. ഇവിടെ ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ 30 വീടുകൾ നിർമിക്കും. 2.10 കോടി രൂപയുടെ സമഗ്ര ഭവന നിർമാണ പദ്ധതിയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.
പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കു സഹായം വാഗ്ദാനം ചെയ്ത് ജില്ലക്കകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളെയും സംഘടനകളെയും കുറിച്ച് കളക്ടർ വിശദീകരിച്ചു. വിവിധ താലൂക്കുകളിൽ നടക്കുന്ന പുനരധിവാസ പുരോഗതി യോഗത്തിൽ തഹസിൽദാർമാർ വിശദീകരിച്ചു.
യോഗത്തിനു ശേഷം നിലന്പൂരിലെ വിവിധ കോളനികൾ പ്രിൻസിപ്പൽ സെക്രട്ടറി സന്ദർശിച്ചു. യോഗത്തിൽ ജില്ലാകലക്ടർ ജാഫർ മലിക്, അസിസ്റ്റന്റ് കലക്ടർ രാജീവ് കുമാർ ചൗധരി, സബ് കലക്ടർ കെ.എസ് അഞ്ജു, എ.ഡി.എം എൻ.എം മെഹ്റലി, ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ അരുണ്‍ തുടങ്ങിയവർ പങ്കെടുത്തു.


