ആരാധനാലയങ്ങളുടെയും ശ്മശാനങ്ങളുടെയും ശരിയായ രേഖകളില്ലാത്ത ഭൂമിയില്‍ പരമാവധി ഒരു ഏക്കര്‍ വരെ ഓരോന്നിന്റെയും ആവശ്യത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചു നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു.
അതുപോലെ മതസ്ഥാപനങ്ങളും വിവിധ കലാ-സാംസ്‌കാരിക സംഘടനകളും വായനശാലകളും ധര്‍മ്മസ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന ശരിയായ രേഖകളില്ലാത്ത ഭൂമിയില്‍, ഓരോ സ്ഥാപനത്തിന്റെയും ആവശ്യം നിറവേറ്റുന്നതിന് വേണ്ട ഭൂമി (ഏറ്റവും കുറഞ്ഞ വിസ്തീര്‍ണം) പതിച്ചു നല്‍കും.
ആരാധനാലയങ്ങളുടെയും ശ്മശാനങ്ങളുടെയും കാര്യത്തില്‍ ഭൂമി സ്വാതന്ത്ര്യത്തിനു മുമ്പു മുതല്‍ കൈവശം വച്ചു വരുന്നതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ നിലവിലെ ഫെയര്‍ വാല്യുവിന്റെ 10 ശതമാനം ഈടാക്കി പതിച്ചു നല്‍കും. പതിച്ചു നല്‍കുന്ന ഭൂമിയുടെ പരമാവധി വിസ്തീര്‍ണം ഒരു ഏക്കര്‍ ആയിരിക്കും.
സ്വാതന്ത്ര്യത്തിനു ശേഷവും കേരളപ്പിറവിയ്ക്കും മുമ്പും കൈവശമുള്ള ഭൂമിയാണെങ്കില്‍ ഫെയര്‍ വാല്യുവിന്റെ 25 ശതമാനം ഈടാക്കി പതിച്ചു നല്‍കും.
കേരളപ്പിറവിയ്ക്കു ശേഷവും 1990 ജനുവരി ഒന്നിനു മുമ്പും കൈവശമുള്ള ഭൂമിയാണെങ്കില്‍ ഫെയര്‍ വാല്യു ഈടാക്കി പതിച്ചു നല്‍കും.
1990 ജനുവരി രണ്ടിനു ശേഷവും 2008 ആഗസ്റ്റ് 25 നു മുമ്പും കൈവശമുള്ള ഭൂമിയാണെങ്കില്‍ കമ്പോളവില ഈടാക്കിയാവും പതിച്ചു നല്‍കുക.
മതസ്ഥാപനങ്ങള്‍ക്കും ധര്‍മസ്ഥാപനങ്ങള്‍ക്കും പതിച്ചു നല്‍കുന്ന ഭൂമി പരമാവധി 50 സെന്റ് ആയിരിക്കും. കലാ - കായിക - സാംസ്‌കാരിക സംഘടനകള്‍ക്കും വായനശാലകള്‍ക്കും പതിച്ചു നല്‍കുന്ന ഭൂമിയുടെ പരമാവധി വിസ്തീര്‍ണം 10 സെന്റ് ആയിരിക്കും. ഈ രണ്ടു വിഭാഗത്തിലും പെടുന്ന സ്ഥാപനങ്ങളും സംഘടനകളും സ്വാതന്ത്ര്യത്തിനു മുമ്പു മുതല്‍ കൈവശം വച്ചു വരുന്ന ഭൂമി ഫെയര്‍ വാല്യുവിന്റെ 25 ശതമാനം ഈടാക്കി പതിച്ചു നല്‍കും. സ്വാതന്ത്ര്യത്തിനുശേഷവും കേരളപ്പിറവിയ്ക്കു മുമ്പുമാണെങ്കില്‍ ഫെയര്‍ വാല്യുവിന്റെ 50 ശതമാനം അടയ്ക്കണം. കേരള പ്പിറവിയ്ക്കുശേഷവും 1990 ജനുവരി ഒന്നിനു മുമ്പും കൈവശത്തിലുള്ളതാണെങ്കില്‍ ഫെയര്‍ വാല്യു ഈടാക്കും. ഇത്തരം സ്ഥാപനങ്ങളും സംഘടനകളും വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്ന ഭൂമി പതിച്ചു നല്‍കുമ്പോള്‍ കമ്പോള വില ഈടാക്കും. ഇങ്ങനെ പതിച്ചു നല്‍കുന്ന ഭൂമിയുടെ പരമാവധി വിസ്തീര്‍ണം 15 സെന്റായിരിക്കും. നഗര ഹൃദയങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങള്‍ പതിച്ചു നല്‍കില്ല.
പതിച്ചു നല്‍കുന്ന ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തുകയോ വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്താല്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും. കുത്തകപ്പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചു നല്‍കുന്നതല്ല. എന്നാല്‍ പാട്ടം പുതുക്കി നല്‍കും.
ഭൂമി പതിച്ചു നല്‍കുന്ന എല്ലാ കേസുകളിലും അനുബന്ധരേഖ സഹിതം വിശദമായ നിര്‍ദ്ദേശം ബന്ധപ്പെട്ട അധികാരികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണ്. ഓരോ കേസിലും സര്‍ക്കാര്‍ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കും.
നിയമവകുപ്പിന്റെ അഭിപ്രായവും ലാന്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !