ജിദ്ദ: പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച ക്രൂരതയെ ഐ സി എഫ് നാഷണൽ കമ്മിറ്റി അപലപിച്ചു.രാഷ്ട്രത്തിന്റെയും പ്രജകളുടെയും ക്ഷേമത്തിനും പുരോഗതിക്കും പ്രവർത്തിക്കേണ്ട ഭരണകൂടം നാട്ടിൽ വിഭാഗീയത സൃഷ്ടിച്ചു നാടിനെ കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്ത് സാമുദായിക വിഭജനം നടത്തി നാടിന്റെ ഭരണഘടന പിച്ചിച്ചീന്താണുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റകെട്ടായാണ് പ്രതിരോധിക്കുന്നത്. പ്രതിഷേധ ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ഭരണകൂട ഭീകരതയാണ് മാധ്യമ പ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസം മംഗളൂരുവിൽ നടന്നത്. കുടി വെള്ളമോ പ്രാഥമിക സൗകര്യങ്ങളോ പരസ്പരം സംസാരിക്കാൻ പോലും അനുവദിക്കാതെ ഏഴു മണിക്കൂറാണ് മാധ്യമ പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിലടച്ചത്. ജനകീയ പ്രതിഷേധങ്ങളെ ആയുധങ്ങൾ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും നേരിടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് ഭരണകൂടം മാധ്യമങ്ങൾക്ക് നേരെ തിരിയുന്നത്.
നീണ്ട സമരങ്ങൾ കൊണ്ട് നാം നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും അഖണ്ഡതയും തകർക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ സമൂഹം ഒറ്റകെട്ടായി ചെറുത്തു തോല്പിക്കുമെന്നും ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. നിസാർ കാട്ടിൽ അധ്യക്ഷത വഹിച്ചു ബഷീർ എറണാകുളം, സിറാജ് കുറ്റിയാടി, ഉമർ സഖാഫി മൂർക്കനാട്, എം കെ അഷ്‌റഫലി, മുജീബ് എ ആർ നഗർ, ബഷീർ ഉള്ളണം, ഖാദർ മാഷ് സംബന്ധിച്ചു. റാഫി പതിമംഗലം സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !