കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ കോഴിക്കോട് മുക്കം സ്വദേശി ബുര്‍ജുവാണ് പിടിയിലായത്. മലപ്പുറം സ്വദേശി ഇസ്മയിലിന്റേതാണ് ശരീരഭാഗങ്ങളെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നാലു കേസുകളില്‍ പ്രതിയായിരുന്നു ഇസ്മയില്‍. രണ്ടുവര്‍ഷം മുമ്ബാണ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വ്യത്യസ്ത ദിവസങ്ങളില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇസ്മയിലിന്റെ സുഹൃത്തുക്കളിലേക്കു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒരു കൊലപാതകം നടത്തിയിരുന്നെന്നും അതില്‍നിന്നു പണം ലഭിക്കാനുണ്ടെന്നും മനസിലാക്കിയത്. ഇത് ബുര്‍ജുവിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പൊലീസിന്റെ കയ്യിലുള്ള ഫിംഗര്‍പ്രിന്റ് അടക്കമുള്ളവയില്‍ നിന്നാണ് ഇസ്മായില്‍ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് നിഗമനത്തിലെത്തിയത്. എന്നാല്‍, ഡി.എന്‍.എ പരിശോധനയ്ക്ക് അടുത്ത ബന്ധുക്കളുടെ രക്തം വേണമായിരുന്നു. ഇതിനായുള്ള അന്വേഷണത്തിലാണ് കിടപ്പിലായ ഇസ്മായിലിന്റെ അമ്മയെ കണ്ടെത്തുന്നത്. ആദ്യം അമ്മ രക്തം എടുക്കാന്‍ സമ്മതിച്ചില്ല. പിന്നീട് പല തവണ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുകയും, ഒരു ഘട്ടത്തില്‍ അമ്മയുടെ രക്തം എടുക്കുകയായിരുന്നു. ഉമ്മയുടെ രക്തപരിശോധനയില്‍ നിന്നും, ഡി.എന്‍.എ പരിശോധനയില്‍ നിന്നും ഇസ്മയിലാണു മരിച്ചതെന്നു സ്ഥിരീകരിച്ചു.
ബിര്‍ജുവിന്റെ പിതാവ് മുക്കത്തെ ഭൂവുടമയായിരുന്നു. ജന്മിയുടെ മകനായ ബുര്‍ജുവിന് വേട്ടയാടുന്ന ശീലമുണ്ടായിരുന്നു. വേട്ടമൃഗങ്ങളെ കൊലപ്പെടുത്തിയതിനു ശേഷം കഷ്ണങ്ങാളാക്കി മുറിക്കുന്നത് ശീലമുള്ള ബുര്‍ജു അത് തന്നെയാണ് ഇവിടെയും പ്രയോജനപ്പെടുത്തിയത്. പിതാവിന്റെ മരണശേഷം ബിര്‍ജുവിനും സഹോദരനും സ്വത്തുക്കള്‍ നല്‍കിയെങ്കിലും ബിര്‍ജു അതെല്ലാം ധൂര്‍ത്തടിച്ചു. ഇതിനിടെ മാതാവില്‍നിന്ന് ബിര്‍ജു പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് മാതാവിനെ കൊലപ്പെടുത്താന്‍ ഇസ്മായിലിനെ ഏര്‍പ്പാടാക്കുന്നത്. ബിര്‍ജുവിന്റെ മാതാവില്‍നിന്ന് ഇസ്മയില്‍ പണം പലിശയ്ക്ക് വാങ്ങി ആദ്യം ബന്ധം സ്ഥാപിച്ചിരുന്നു. ഒരുദിവസം കൊലപാതകം നടത്താന്‍ ആസൂത്രണം ചെയ്‌തെങ്കിലും നടപ്പായില്ല. ഇതിനായി ബിര്‍ജു ഭാര്യയെയും കൊണ്ട് കോയമ്ബത്തൂരിലേക്ക് പോയി സൗകര്യം ഒരുക്കിനല്‍കിയെങ്കിലും തിരികെവന്നപ്പോഴാണ് കൃത്യം നടക്കാതിരുന്നത് മനസിലായത്. അന്നേദിവസം തന്നെ ബിര്‍ജുവും ഇസ്മയിലും ചേര്‍ന്ന് മാതാവിനെ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ചു കൊന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസിനോട് പറയുകയും ചെയ്തു.

ഇരുവരും ചേര്‍ന്ന് ബുര്‍ജുവിന്റെ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നെന്ന് ബുര്‍ജു പൊലീസിനോട് സമ്മതിച്ചു. എന്നാല്‍, കൊലപാതകത്തിനു ശേഷം ഇസ്മയില്‍ നിരന്തരമായി പണത്തിനായി ശല്യപ്പെടുത്തിയിരുന്നെന്നും ഇതാണ് അയാളെയും കൊല്ലുന്നതിലേക്ക് എത്തിച്ചതെന്നും ബുര്‍ജു വെളിപ്പെടുത്തി. ഇസ്മയിലിനെ മദ്യം നല്‍കി മയക്കിയാണു കൊലപ്പെടുത്തിയത്. ശരീരഭാഗങ്ങള്‍ മുറിച്ചു ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. ഇതിനുശേഷം ഇസ്മായിലിന് നല്‍കാനുള്ള പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന ബുര്‍ജുവിനെ പിന്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അവിടെയെത്തിയെങ്കിലും പിടിക്കാനായില്ല. കഴിഞ്ഞദിവസം മുക്കത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !