ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിലെ സൗത്ത് ആഫ്രിക്കൻ കോൺസുലേറ്റിലെത്തിയ മലയാളി വ്യവസായിയും ( ഇ എഫ് എസ് ലോജിസ്റ്റിക്സ് ) നിലമ്പൂർ എടക്കര സ്വദേശിയുമായ നജീബ് കളപ്പാടൻ തനിക്ക് അവിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ വൈറലായത്.
നമ്മൾ അഭിമാനത്തോടെ ലോകത്തിനുമുന്നിൽ ഉയർത്തി പിടിക്കുന്ന പാസ്പോർട്ടിന് ഇനി മുതൽ പൗരത്വ നിയമത്തിലൂടെ ഒരു ആധികാരികതയും ഇല്ലാതാവുകയാണ് എന്ന നിരാശ പ്രകടിപ്പിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരുപം
ഇന്ന് 12.1.2020 ജിദ്ദയിലെ സൗത്ത് ആഫ്രിക്കൻ കോൺസുലേറ്റിൽ ഒരു വിസിറ്റ് വിസ അടിച്ച് കിട്ടാൻ വേണ്ടി പോയി. എനിക്ക് കിട്ടിയ ടോക്കൺ നമ്പർ 5. കൗണ്ടറിൽ ഇരിക്കുന്ന സ്ത്രീ ഒന്നാം നമ്പറുകാരനായ ഒരു അറബ് വംശജനായ ആപ്പ്ളിക്കന്റിനോട് എന്തൊക്കെയോ കൂടുതൽ രേഖകൾ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീക്ക് അത്ര സൗമ്യവുമല്ല എന്നാൽ ഗൗരവവുമല്ലാത്ത മുഖഭാവം. എന്തായാലും അദ്ദേഹത്തെ തിരിച്ച് അയച്ചു. രണ്ടാം ടോക്കൺകാരൻ ഒരു സൗദിയാണ്. അദ്ദേഹത്തെയും കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് എന്നാൽ മാന്യമായി വിശദീകരണം നൽകി തിരിച്ചയക്കാനുള്ള പുറപ്പാടിലാണ്.
ഇതിനിടയിൽ എന്റെ അടുത്ത് ഇരിക്കുന്ന ആൾ എന്നോട് ലോഗ്യം പറയൽ തുടങ്ങി. ഉറുദു സംസാരിക്കുന്ന വ്യക്തിയാണ്. അയാളെ ഒരു പ്രാവശ്യം മടക്കി അയച്ചതാണ്. കക്ഷി രണ്ടാം വരവാണ്. അതിന്റെ എല്ലാ ദേഷ്യവും മുഖത്തുണ്ട്. എന്നോട് പതിഞ്ഞ സ്വരത്തിൽ സ്ത്രീയെ പറ്റി കുറ്റം പറയുന്നുണ്ട്.
ആരെയും ഒരു പ്രാവശ്യം തിരിച്ചയക്കാതെ അവർ അപ്ലിക്കേഷൻ സ്വീകരിക്കുകയില്ല എന്നും മറ്റും. അവരാണെങ്കിൽ ഒറ്റക്കാണ് കൗണ്ടറിൽ. ഇടക്ക് ഉള്ളിലേക്ക് മറ്റ് കാര്യങ്ങൾക്ക് വേണ്ടി പോവുന്നത് കൊണ്ട് ഓരോരുത്തർക്കും സമയം നന്നായി എടുക്കുന്നുമുണ്ട്. വിസ അടിച്ച് കിട്ടാൻ മിനിമം 10 ദിവസം എടുക്കുമെന്നും കഴിഞ്ഞ പ്രാവശ്യം അത്രയും സമയം എടുത്തു എന്നും കൂടി അടുത്തിരിക്കുന്നവൻ പറഞ്ഞപ്പോൾ എനിക്കും ചെറുതായി ടെൻഷനും ദേഷ്യവും കയറാൻ തുടങ്ങി. (എനിക്ക് രണ്ട ആഴ്ചക്ക് ശേഷം നാട്ടിൽ പോകാനുള്ളതാണ്.) തൊട്ടടുത്തിരിക്കുന്ന മറ്റുള്ളവരും പതിഞ്ഞ സ്വരത്തിൽ അവരുടെ ദേഷ്യം പ്രകടിപ്പിക്കാൻ തുടങ്ങി.
രണ്ടാം ടോക്കൺകാരനും മടങ്ങി. അടുത്തത് എന്റെ അടുക്കൽ ഇരുന്നിരുന്ന ഉറുദു സ്‌പീക്കിങ് ഗൈ. പുള്ളിയുടെ കയ്യിൽ കഴിഞ്ഞ പ്രാവശ്യം കൂടുതലായി ആവശ്യപ്പെട്ട കൗണ്ടറിൽ നിന്ന് എഴുതിക്കൊടുത്ത ഒരു കുറിപ്പുണ്ട്. എന്തൊക്കെയാണ് കൂടുതൽ വേണ്ടത് എന്ന്. ആ രേഖകളും പ്രസ്തുത കുറിപ്പും കാണിച്ച് കൊടുക്കുമ്പോൾ 2 ദിവസം മുമ്പ് മടക്കിയ ആളാണെന്നുള്ളതിനുള്ള തെളിവുള്ളത് കൊണ്ട് ഇനി മടക്കില്ല എന്ന് പറഞ് ആശ്വാസം കൊള്ളുന്നുമുണ്ട്.
അദ്ദേഹം കൊണ്ടറിലേക്ക് നീങ്ങി. പാസ്സ്‌പോർട്ട് പുറത്തടുത്തപ്പോൾ മനസ്സിലായി പാകിസ്ഥാനിയാണെന്ന്. അതുവരെ എനിക്ക് മനസ്സിലായിരുന്നത് ഒരു നോർത്ത് ഇന്ത്യൻ എന്നായിരുന്നു. എന്തായാലും അദ്ദേഹത്തെ വീണ്ടും മടക്കി. അതോടെ ഉറപ്പിച്ചു ആ സ്ത്രീക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അല്ലെങ്കിൽ അവരുടെ രാജ്യത്തിന്ന് എന്തോ തകരാറുണ്ടെന്ന്.
നാലാം നമ്പർ ടോക്കൺ ഒരു സൗദി ദമ്പതികൾ. അവരുടെ അപ്ലിക്കേഷൻ കുറച്ച് സമയം എടുത്തെങ്കിലും സ്വീകരിച്ചു . അന്ന് ആദ്യമായി സ്വീകരിച്ച അപ്പ്ലിക്കേഷൻ. ഫീ അടച്ചതിന്റെ ബാക്കിക്ക് അവരോട് കുറച്ച് സമയം വെയിറ്റ് ചെയ്യാൻ പറഞ്ഞു.
എന്റെ ഊഴം എത്തി. പക്ഷേ അവർ അതിനിടയിൽ മറ്റെന്തോ ജോലിയിൽ വ്യാപൃതയായി. എന്നോടും ഇരിക്കാൻ പറഞ്ഞു. അങ്ങനെ ടെൻഷനും ദേഷ്യവും അമർത്തി ഞാനും ഇരുന്നു. ഒരു ഇരുപ്പുറക്കാത്ത ഇരുത്തം. ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ എന്റെ ഡോക്യൂമെന്റസ് വാങ്ങി. എല്ലാം ചെക്ക് ചെയ്തു. ഒരിടത്ത് സൗദിയിൽ എത്ര വർഷമായി എന്നത് ഫിൽ ചെയ്യാൻ മറന്നിരുന്നു. 40 വർഷമായി എന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണ് ഒന്ന് തള്ളി. എന്നെ കണ്ടാൽ അത്രയൊന്നും തോന്നാത്തത് കൊണ്ടാവാം. എന്റേത് മറ്റു കുഴപ്പങ്ങളൊന്നും ഇല്ലാതെ സ്വീകരിച്ചു. അപ്പോഴത്തേക്കും നമ്മുടെ പാകിസ്‌താനി ബാക്കി രേഖകളൊക്കെ തയ്യാറക്കി കൗണ്ടറിലേക്ക് നേരിട്ട് വന്ന് എന്റെ വലത് ഭാഗത്ത് തന്നെ നിലയുറപ്പിച്ചു. എന്റേത് സ്വീകരിച്ചത് കണ്ടപ്പോൾ അവന്റെ കണ്ണും തള്ളി.
എനിക്ക് റസീറ്റ് തന്നു. ഞാൻ പൈസ എത്രയെന്ന് ചോദിച്ചു. ഒരു പുഞ്ചിരിയോട് കൂടി ഇന്ത്യക്കാർക്ക് ഫീ ഇല്ല എന്ന് പറഞ്ഞു. (യഥാർത്ഥത്തിൽ ഫീ ഇല്ല എന്ന് എനിക്ക് അറിയാമായിരുന്നു. മുമ്പ് ഒരു പ്രാവശ്യം പോയതിന്റെ ഓർമ്മയുണ്ടായിരുന്നു. പക്ഷേ തൊട്ടടുത്ത് നിൽക്കുന്ന പാക്കും പിന്നിലുള്ള മറ്റുള്ളവരും ഒന്ന് കേട്ടോട്ടെ എന്ന് കരുതി മനഃപൂർവ്വം ചോദിച്ചതാണ്.)
മാത്രമല്ല വിസയും പാസ്‌പോർട്ടും തിരിച്ച് കിട്ടുന്ന തിയ്യതി 19/1/2020 എന്ന് സ്ലിപ്പിൽ എഴുതിയത് വളരെ സൗഹാർദപരമായി എനിക്ക് വിവരിച്ചു തന്നു. പാകിസ്ഥാനി പറഞ്ഞു പേടിപ്പിച്ചതും ടെൻഷൻ അടിച്ചതും വെറുതെയായി എന്ന് മനസ്സിലായി. ഞാൻ ഒരു ഇന്ത്യക്കാരൻ ആയത് കൊണ്ടാവാം എന്ന് ഞാൻ ഊഹിച്ചു.
എന്തായാലും രാജ്യാഅഭിമാനത്തിന്റെ ഉത്തുംഗതത്തിലെത്തുന്ന നിമിഷങ്ങളായിരുന്നു അവരുടെ ആ മറുപടിയും പുഞ്ചിരിയും എനിക്ക് സമ്മാനിച്ചത്.
എന്റെ മതമല്ല അവിടെ നോക്കിയത്. നേരെ മറിച്ച് എന്റെ രാജ്യത്തിനുള്ള അംഗീകാരമാണ്. എന്റെ രാജ്യത്തിന്റെ രാഷ്ട്ര പിതാവ് ആ രാജ്യത്തിന്ന് ചെയ്ത സംഭവനകളാകാം. പിന്നീട് എന്റെ രാജ്യത്തിന്റെ പൂർവിക ഭരണ കർത്താക്കൾ ആ രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ട വർണ്ണ വിവേചനം നേരിട്ട കറുത്ത ജനതയോടൊപ്പം നിന്നതിന്റെ നന്ദി. വർണ്ണ വിവേചന കാലഘട്ടത്തിലെ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ പരസ്യമായി വിമർശിച്ചവരായിരുന്നു നമ്മുടെ സർക്കാർ. നയതന്ത്ര ബന്ധം പോലും വിച്ഛേദിച്ചിരുന്നു ഈ അടുത്ത കാലം വരെ. നമ്മുടെയൊക്കെ മുൻകാല പാസ്‌പോർട്ടിൽ “All countries except South Africa and Rhodesia” ഉണ്ടായിരുന്നു. (Rhodesia ഇപ്പോൾ Zimbabwe യൂടെ ഭാഗമാണെന്നാണ് നെറ്റിൽ സർച്ചിയപ്പോൾ മനസ്സിലായത്).
എന്നാൽ ഇന്നത്തെ എന്റെ ഭാരതത്തെ അതേ വർണവിവേചനത്തിന്ന് കിടപിടിക്കുന്ന മതവിവേചനത്തിൻറെ അതിനപ്പുറം ജാതീയതയുടെ ഭാഗമാക്കാൻ ഇന്നിന്റെ ഭരണാധികാരികൾ ശ്രമിക്കുന്നു. ഞാൻ ഇൻഡ്യാക്കാരനാണെന്ന് അഭിമാനബോധത്തോടെ ലോകത്തിന്റെ ഏത് ഭാഗത്തും ഉയർത്തി കാണിക്കാനുള്ള എന്റെ പാസ്പോര്ട് ഇനി മുതൽ അങ്ങനെ ഒരു ആധികാരികതയും ഇല്ലാതാവുകയാണ് പോലും. അതിന് ഞാൻ മറ്റു രേഖകൾ തപ്പണം പോലും. ഒരു നൂറ്റാണ്ടിനപ്പുറം ആര്യരക്തമുള്ള ഭ്രാമണീയർ മാത്രമുള്ള ഒരു ഭാരതമാണ് അവരുടെ സ്വപ്നം പോലും.
എല്ലാം എല്ലാ രാജാക്കന്മാരുടെയും മുകളിലുള്ള ഈ ലോകത്തിന്റെയും പരലോകത്തിന്റെയും ചക്രവർത്തിക്ക് സമർപ്പിച്ചുകൊണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !