ജിദ്ദ: ടൂര്‍ണമെന്റ് കണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളില്‍ ഒന്നില്‍ അവസാനം വരെ പൊരുതി നിന്ന ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യെ 4 3 നു പരാജയപ്പെടുത്തികൊണ്ടു മക്കാ ഇന്ത്യന്‍ എഫ് സി സിഫ് ഫൈനലില്‍ കടന്നു. 70 മിനുട്ട് നേരവും ഇഞ്ചോടിഞ്ചു പൊരുതിയ ശേഷം അധിക സമയത്താണ് റിക്കാര്‍ഡ് ജനക്കൂട്ടത്തിനു എന്നും ഓര്‍ത്തു വെക്കാവുന്ന പോരാട്ടത്തില്‍ മക്ക വിജയികളായത്. ആദ്യ സെമിയിലെ എണ്ണം പറഞ്ഞ 7 ഗോളുകള്‍ ഗാലറികളെ ഇളക്കി മറിച്ചു. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ 22 നമ്പര്‍ താരം മുഹമ്മദ് സഫീര്‍ 30 വാര അകലെ നിന്നുള്ള മിന്നുന്ന ലോങ്ങ് റേഞ്ചറിലൂടെ മക്ക കീപ്പര്‍ ജുനൈദിനെ കീഴ്‌പ്പെടുത്തി ലീഡ് നേടി. അടുത്ത നിമിഷം മക്ക സമനില നേടിയെന്നു തോന്നിച്ചു. വലത് വിങ്ങില്‍ നിന്നുള്ള ഫയാസിന്റെ അളന്നു മുറിച്ച ക്രോസ്സ് പക്ഷെ മന്‍സൂറിന് കണക്ട് ചെയ്യാനായില്ല. ഗോള്‍ വഴങ്ങിയതോടെ രണ്ടും കല്‍പിച്ചു ആക്രമിച്ചു കളിച്ച മക്ക 10 ആം മിനുട്ടില്‍ സമനില നേടി. മന്‍സൂറില്‍ നിന്ന് കിട്ടിയ ത്രൂ പാസുമായി ഓടി കയറിയ ഒഡിഷ എഫ് സി താരം ഫയാസ് ഗോള്‍ കീപ്പറെ വിദഗ്ധമായി വെട്ടിച്ചു കടന്നു പന്ത് വലയിലെത്തിച്ചു 1-1.
വേഗതയേറിയ ആക്രമണവും പ്രത്യാക്രമണവും മത്സരത്തെ ആവേശകരമാക്കി. ആദ്യ ഗോളിന്റെ ആവര്‍ത്തനം പോലെ മക്കയുടെ ഫയാസ് സഫ്വാനില്‍ നിന്ന് കിട്ടിയ പാസ് ബ്ലാസ്‌റ്റേഴ്‌സ് കീപ്പറെ വെട്ടിച്ചു കയറി വലയില്‍ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജൂഡ് ഫെലിക്‌സിന്റെ ശ്രമം കീപ്പര്‍ ജുനൈദ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ബാള്‍ കാപ്റ്റന്‍ ഷിജാസ് ഗോള്‍ വര കടത്തി 2-2. മധ്യനിരയില്‍ നിന്ന് ബുജൈരും ജൂഡും അജ്മലും വലത്‌വിങ് കേന്ദ്രീകരിച്ചു മക്ക ഗോള്‍മുഖത്തു നിരന്തരം സമ്മര്‍ദം ചെലുത്തിയെങ്കിലും പ്രതിരോധം ഉറച്ചു നിന്നു. ജൂഡിന്റെ പിന്തുണയില്‍ ബുജൈര്‍ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചപ്പോള്‍ ലീഡ് മാറി മറിഞ്ഞു 3-2. സ്‌റ്റോപ്പര്‍ നൗഫലിനെ മധ്യനിരയിലേക്കു കൊണ്ട് വന്ന മക്കയുടെ തന്ത്രമാണ് കളിയുടെ ഗതി മാറ്റിയത്. മധ്യനിരയിലും മുന്നേറ്റ നിരയിലും നിറഞ്ഞാടിയ നൗഫല്‍, ആസിഫ് കോട്ടയിലിനും ഫയാസിനും ഒട്ടേറെ അവസരങ്ങള്‍ ഒരുക്കി. പിന്നില്‍ നിന്ന് ഫീഡ് ചെയ്തു കയറിയ നൗഫല്‍ വലതു വിങ്ങില്‍ നിന്ന് ഉയര്‍ത്തി കൊടുത്ത ബാള്‍ പറന്നു ഹെഡ് ചെയ്താണ് അപകടകാരിയായ ഫയാസ് വീണ്ടും മക്കക്ക് സമനില നേടി കൊടുത്തത് 3-3. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ മക്കയുടെ കീപ്പര്‍ ജുനൈദ് ഒരു ഉറച്ച ഗോള്‍ രക്ഷപ്പെടുത്തി. ആസിഫ് കോട്ടയിലില്‍ നിന്ന് ഫയാസിലെത്തിയ മികച്ച ഒരു നീക്കത്തില്‍ സമര്‍ത്ഥമായി ഗോള്‍ നേടിക്കൊണ്ട് നൗഫല്‍ മക്ക ഇന്ത്യന്‍ എഫ്‌സിയെ ആദ്യമായി സിഫ് ഫൈനലിലെത്തിച്ചു.
ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ ബോക്‌സില്‍ നിരന്തരം ആക്രമിച്ച മക്ക എതിരാളികള്‍ക്ക് ഗോള്‍ മടക്കാന്‍ അവസരം നല്‍കിയില്ല. പ്രതിരോധ നിരയില്‍ വരുത്തിയ മാറ്റങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതികൂലമായി ബാധിച്ചു. മക്കയുടെ മുഹമ്മദ് ഫയാസ് ആണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടു സി ഡിവിഷന്‍ സെമി ഫൈനലുകളില്‍ നിന്ന് റിഹാബ് എഫ്‌സി യാമ്പുവും എച്ച്പി കംപ്യുടെക്ക് ഐടി സോക്കറും തൂവലും ഫൈനലില്‍ കടന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഐടി സോക്കര്‍ ഹിറാ ഗോള്‍ഡ് എഫ്‌സി ഖുവൈസയെ തോല്‍പിച്ചത്. ഐടി സോക്കറിലെ മുഹമ്മദ് ആഷിക് അലിയാണ് മികച്ച കളിക്കാരന്‍. സി ഡിവിഷനിലെ രണ്ടാം സെമിയില്‍ അധിക സമയത്തും 1-1 എന്ന നിലയില്‍ സമനിലയില്‍ ആയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് സിഹാം ഗോള്‍ഡ് മഹ്ജര്‍ എഫ്‌സിയെ റിഹാബ് എഫ്‌സി യാമ്പു പരാജയപ്പെടുത്തിയത്. യാമ്പുവിന്റെ നൗഫല്‍ ചുക്കനാണ് മാന്‍ ഓഫ് ദ മാച്ച്. ബി ഡിവിഷന്‍ സെമിയില്‍ ഷീരാ ജെഎസ്‌സി ഫാല്‍ക്കണ്‍ എഫ്‌സി 6-1 നു അല്‍ ഹസ്മി ന്യൂ കാസില്‍ എഫ്‌സിയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. ഫാല്‍ക്കണ്‍ എഫ്‌സി യുടെ ഹാസിം ആണ് മികച്ച കളിക്കാരന്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !