കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ശങ്കരൻ(72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കു 2 മുതൽ 4 വരെ ഡിസിസി യിൽ പൊതുദർശനം. തുടർന്ന് പേരാമ്പ്രയിൽ പൊതുദർശനം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് പേരാമ്പ്രയിലെ വീട്ടുവളപ്പിൽ.
കെ.കരുണാകരന്റെ വിശ്വസ്തനും ഐ ഗ്രൂപ്പിലെ പ്രധാന നേതാക്കളിൽ ഒരാളുമായിരുന്നു. 1998 ൽ കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ കൊയിലാണ്ടിയില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2001 ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി. കോഴിക്കോട് ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചു.
യുഡിഎഫ് ജില്ലാചെയര്‍മാനും കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി (കോയിന്‍സ്) പ്രസിഡന്റുമായി പ്രവർത്തിച്ചു വരികയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ ഒപ്പം നിന്ന ശങ്കരൻ പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയെത്തി. തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
സ്വാതന്ത്ര്യസമരസേനാനി പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടില്‍ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബര്‍ രണ്ടിനാണ് ജനനം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. തവനൂര്‍ റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനകാലത്ത് കെഎസ്‌യു പൊന്നാനി താലൂക്ക് പ്രസിഡന്റായി. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. കേരള വര്‍മ്മയില്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു. 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. 1975ല്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.പഠനകാലത്തുതന്നെ പേരാമ്പ്രയില്‍ ‘യുവത’ എന്ന പേരില്‍ പാരലല്‍ കോളജ് നടത്തി.
നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയില്‍ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ രാഷ്ട്രീയ തട്ടകം പേരാമ്പ്രയായി. 1978ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി. 1980 മുതല്‍ 91 വരെ ഡിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991ലാണ് ഡിസിസി പ്രസിഡന്റായത്. 2001ല്‍ മന്ത്രിയായതോടെ ഈ പദവി ഒഴിഞ്ഞു. 1991ല്‍ ബാലുശ്ശേരിയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി മത്സരം. എ.സി ഷണ്‍മുഖദാസിനോട് പരാജയപ്പെട്ടു. 1996 ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1998 ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് എം.പി. വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി ലോക്‌സഭാംഗമായി. 1999ല്‍ ലോക്‌സഭ പിരിച്ചുവിട്ടതോടെ വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും കെ.മുരളീധരന് വേണ്ടി മാറിക്കൊടുത്തു. 2001ല്‍ കൊയിലാണ്ടിയില്‍ സിറ്റിങ് എംഎല്‍എ പി.വിശ്വനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്ന് 2005 ജൂലൈ ഒന്നിന് രാജിവച്ചു. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നിയമസഭാംഗത്വവും. തുടർന്ന് കെ.കരുണാകരനൊപ്പം ഡിഐസിയില്‍ ചേര്‍ന്നു. 2006 ല്‍ കൊയിലാണ്ടിയില്‍ യുഡിഎഫ് പിന്തുണയോടെ ഡിഐസി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കെ.കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.
ഭാര്യ: വി. സുധ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട്). മക്കള്‍: ഇന്ദു, പ്രിയ (ഇരുവരും അമേരിക്ക), രാജീവ് (എന്‍ജിനീയര്‍, ദുബായ്). മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും അമേരിക്ക), ദീപ്തി.
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന പി ശങ്കരന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വ്യക്തിപരമായി താനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായി തനിക്കും കോൺഗ്രസ് പാർട്ടിക്കും തീരാനഷ്ടമാണെന്നു രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !