എല്ലാവരും നിന്നിടത്തു നിൽക്കുക എന്ന് പറയുമ്പോഴും മറ്റെല്ലാ രാജ്യങ്ങളും, അന്യരാജ്യങ്ങളിൽ കുടുങ്ങി പോയ സ്വന്തം പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ട് പോകുന്നുണ്ട്. സ്വന്തം ജീവിതം വിധിക്ക് വിട്ട് കൊടുത്ത്, മരിക്കുമോ ജീവിക്കുമോ എന്ന് ഒരുറപ്പും ഇല്ലാതെ കഴിയുന്നവർ ഇന്ത്യക്കാരായ ഭാഗ്യം കെട്ട മനുഷ്യർ മാത്രമാണ് എന്ന് തോന്നുന്നു.
ഏപ്രിൽ 3 ന് ഒമാൻ എയർവേസിന്റെ ഒരു വിമാനം കൊച്ചിയിൽ വന്നു. കേരളത്തിൽ പെട്ട് പോയ 44 ഒമാൻ പൗരന്മാരെയും കൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വൈകിട്ട് 4.12 ന് പറന്നുയർന്ന വിമാനം ബാംഗ്ലൂരിൽ ഇറങ്ങി അവിടെ നിന്നുള്ള ഒമാൻ പൗരന്മാരെയും കൊണ്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയി.
ഏപ്രിൽ 4 ന് രാവിലെ എട്ട് മണിക്ക് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ, കേരളത്തിൽ കുടുങ്ങിയ 122 ഫ്രഞ്ച് പൗരന്മാർ സ്വദേശത്തേക്ക് തിരിച്ചു പോയി. മുംബൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമുള്ള ഫ്രഞ്ച് പൗരന്മാരെയും കൊണ്ടാണ് ഈ വിമാനം പാരീസിലേക്ക് പോയത്.
ഏപ്രിൽ 6 ന്, മാൽദീവ് എയർ ലൈൻസിന്റെ വിമാനത്തിൽ 189 മാലിദ്വീപ് പൗരന്മാർ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയി.
കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഒരു വിമാനം ജർമനിയിലേക്ക് പറന്നു. കേരളത്തിൽ കുടുങ്ങിയ ജർമൻ പൗരന്മാരെ അവരുടെ രാജ്യം മുൻകൈ എടുത്ത് സ്വദേശത്തേക്ക് തിരിച്ചു കൊണ്ട് പോയി.
ഇതിത്രയും വിശദമായി ഇവിടെ പറയുന്നത്, ഇതൊന്നും വെറുതെ പറയുന്നതല്ല എന്ന് ബോധ്യപ്പെടുത്താനാണ്. എല്ലാവരും നിന്നിടത്തു നിൽക്കുക എന്ന് പറയുമ്പോഴും മറ്റെല്ലാ രാജ്യങ്ങളും, അന്യരാജ്യങ്ങളിൽ കുടുങ്ങി പോയ സ്വന്തം പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ട് പോകുന്നുണ്ട്. സ്വന്തം ജീവിതം വിധിക്ക് വിട്ട് കൊടുത്ത്, മരിക്കുമോ ജീവിക്കുമോ എന്ന് ഒരുറപ്പും ഇല്ലാതെ കഴിയുന്നവർ ഇന്ത്യക്കാരായ ഭാഗ്യം കെട്ട മനുഷ്യർ മാത്രമാണ് എന്ന് തോന്നുന്നു.
നമ്മൾ എത്ര കേരളീയരാണോ, അത്രമാത്രമോ അതിൽ കൂടുതലോ കേരളീയരാണ് പ്രവാസികൾ എന്നത് മുഖ്യമന്ത്രി നെഞ്ചിൽ തട്ടി പറഞ്ഞതാണെങ്കിൽ അദ്ദേഹം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിലെ പ്രവാസികളെ നാട്ടിൽ എത്തിക്കാൻ അടിയന്തിരമായി ഇടപെടാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി, നാട്ടിൽ വരാൻ ആഗ്രഹമുള്ളവരെ, ഘട്ടം ഘട്ടമായെങ്കിലും നാട്ടിൽ എത്തിക്കണം. ഒരു ലക്ഷം ഐസൊലേഷൻ കിടക്കകൾ സജ്ജമാണ് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളത്തിന് ഇത് അസാധ്യമായ കാര്യമല്ല. വേണ്ടി വന്നാൽ കൂടുതൽ സ്വകാര്യ ആശുപത്രികൾ സർക്കാർ ഏറ്റെടുത്തു കൊണ്ട് പ്രവാസികളെ വിമാനത്താവളത്തിൽ നിന്നും നേരെ ഐസൊലേഷൻ വാർഡുകളിലേക്ക് കൊണ്ട് പോകാൻ കഴിയും.ഇത് പ്രായോഗികമല്ല എന്ന് പറയാൻ നമുക്ക് നൂറു വാദങ്ങൾ ഉന്നയിക്കാം. പക്ഷെ പ്രായോഗികമാക്കാൻ, കേരളം ഇത് വരെ പ്രകടിപ്പിച്ച ഇച്ഛാശക്തിയും നിശ്ചയ ദാർഢ്യവും മതിയാകും. അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യം, ആവശ്യമുള്ള രാജ്യങ്ങളിലേക്ക് നമ്മുടെ പൗരന്മാർക്ക് വേണ്ടി മെഡിക്കൽ സംഘങ്ങളെ അയക്കുക എന്നതാണ്. വിവിധ മലയാളി സംഘടനകളും വ്യക്തികളുമായി സഹകരിച്ചു അതാത് രാജ്യങ്ങളിൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കണം. UAE യിൽ ഇപ്പോൾ ഇങ്ങനെ നടക്കുന്നുണ്ട് എന്നാണറിഞ്ഞത്. സൗദിയിലും ചിലയിടങ്ങളിൽ ഉണ്ട്. പക്ഷെ, അതിൽ സർക്കാരിന്റെയോ എംബസ്സിയുടെയോ മുൻകൈയും സഹായവും ഉണ്ടാവേണ്ടതാണ്.
മറക്കരുത് നമ്മൾ. കേരളം നേടിയ എല്ലാ അഭിവൃദ്ധിയുടെയും അസ്ഥിവാരം പ്രവാസി മലയാളികളുടെ വിയർപ്പാണ്. കൃഷിയോ വ്യവസായമോ ഇല്ലാത്ത കേരളത്തെ ഒന്നാം നമ്പറായി നില നിർത്തുന്നത് അവരാണ്. പ്രവാസികൾ. കേരളത്തിന് ഒരു പ്രതിസന്ധി ഉണ്ടായാൽ നമ്മളെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കുന്നത് അവരാണ്,പ്രവാസികൾ. തിരിച്ചു, അവർക്ക് നമ്മളുണ്ട് എന്നുറപ്പ് കൊടുക്കേണ്ട സമയമാണ്. അത് ചെയ്യണം. അതിന് നമ്മൾ ഇനി എന്ത് വില കൊടുക്കേണ്ടി വന്നാലും.
Shahina Nafeesa
www.facebook.com/shahinanafeesa
നിങ്ങളുടെ വീക്ഷണങ്ങൾ ലോകത്തോട് പറയൂ .. മീഡിയവിഷൻലൈവ്.ഇൻ ലൂടെ
Post Your content or Ideas : [email protected]
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !