കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷ എഴുതിയശേഷം കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ദരും നടത്തിയ മൂന്നു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കോളജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തില്‍ പൊങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടത്.
ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജി(20) യെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഇറക്കി വിട്ടത്. ഇനിയുള്ള പരീക്ഷകള്‍ എഴുതിക്കില്ലെന്നും കോളജ് അധികൃതര്‍ കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളജിന് സമീപത്ത് നിന്ന് ബാഗ് കണ്ടെത്തി. പാലത്തില്‍ നിന്ന് ചാടിയിരിക്കാം എന്ന സംശയത്തില്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ കുട്ടി കോപ്പിയടിക്കില്ലെന്നും, പരീക്ഷാ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ച് അഞ്ജുവിന്റെ കുടുംബം രംഗത്തെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു. കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളജില്‍ ബി കോം വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്.
ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്.
എന്നാല്‍ അഞ്ജു പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന പാരലല്‍ കോളജിലെ അധ്യാപകരും ഇത് ശരിവെക്കുന്നു. ഒപ്പം ട്യൂഷന്‍ അധ്യാപകനും പരീക്ഷ എഴുതിയിരുന്ന വിദ്യാര്‍ത്ഥികളും കുട്ടി കോപ്പി അടിച്ചില്ല എന്ന് വെളിപ്പെടുത്തി.
അതേസമയം, ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാര്‍ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കോളജ് അധികൃതര്‍ പറയുന്നു.
കോപ്പിയടിക്കാന്‍ സാധ്യതയില്ലെന്നും ഇത്തരമൊരു ആരോപണം ഉണ്ടായപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കാമെന്നും വിദ്യര്‍ത്ഥിനി പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ആന്റണി പ്രൈവറ്റ് കോളജ് അധികൃതരും പറയുന്നു. ബാഗ് പാലത്തിനു സമീപം വെച്ച് അഞ്ജു വെയിറ്റിംഗ് ഷെഡ് വരെ പോയി തിരിച്ചു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ ആരോപണ വിധേയരായ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !