കോവിഡ് പ്രതിരോധത്തില്‍ കേരളം മുന്നില്‍ -മുഖ്യമന്ത്രി

0

തിരുവനന്തപുരം: ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുന്‍പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. അത് നിലനിര്‍ത്താനാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ഒറ്റക്കെട്ടായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി കൂടുതല്‍ ശക്തമാവുകയാണ്. നമ്മളിതുവരെ പിന്തുടര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെയാകെ സഹകരണത്തോടെ, വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടു പോകാനായാല്‍ അതിനു തടയിടാന്‍ കഴിയും. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത്തരം പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നത് പ്രധാനമായും മരണനിരക്ക്, രോഗവ്യാപനം, ടെസ്റ്റ് പര്യാപ്തത, രോഗമുക്തി എന്നീ നാല് സങ്കേതങ്ങളുപയോഗിച്ചാണ്.

ഇതില്‍ കേരളത്തിലെ കോവിഡ് മരണനിരക്ക് പരിശോധിച്ചാല്‍ തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മെച്ചപ്പെട്ടതാണ് എന്ന് മനസ്സിലാക്കാം. കേസ് ഫെറ്റാലിറ്റി റേറ്റ്, അതായത് നൂറു കേസുകള്‍ എടുത്താല്‍ എത്ര മരണമുണ്ടായി എന്ന കണക്ക്. ലോക ശരാശരി അത് 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം. കര്‍ണാടകയിലെ കേസ് ഫെറ്റാലിറ്റി റേറ്റ് 1.77 ശതമാനവും തമിഴ്‌നാട്ടിന്‍റേത് 1.42 ശതമാനവും മഹാരാഷ്ട്രയിലേത് 4.16 ശതമാനവും ആണ്. കേരളത്തിന്‍റെ കേസ് ഫെറ്റാലിറ്റി റേറ്റ് 0.39 ശതമാനം മാത്രമാണ്.

ഒരു ദിവസത്തില്‍ എത്ര മരണങ്ങള്‍ ഉണ്ടായി എന്നതും പരിശോധിക്കാം. ജൂലൈ 12ലെ കണക്കുകള്‍ പ്രകാരം ആ ദിവസം കര്‍ണാടകയില്‍ മരണമടഞ്ഞത് 71 ആളുകളാണ്. തമിഴ്‌നാട്ടില്‍ 68 പേര്‍ അതേ ദിവസം മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ 173 പേരുടെ ജീവനാണ് നഷ്ടമായത്. കേരളത്തില്‍ ആ ദിവസം ഉണ്ടായത് 2 മരണങ്ങളാണ്.

പത്തുലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു (ഡെത്ത് പെര്‍ മില്യണ്‍) എന്ന മാനദണ്ഡമെടുത്താല്‍ കേരളത്തില്‍ അത് 0.9 ആണ്. ഇന്ത്യയില്‍ 17.1 ആണ് ഡെത്ത് പെര്‍ മില്യണ്‍. കര്‍ണാടകയില്‍ 11.3ഉം, തമിഴ്‌നാട്ടില്‍ 27.2ഉം, മഹാരാഷ്ട്രയില്‍ 94.2ഉം ആണ്. വളരെ മികച്ച രീതിയില്‍ കോവിഡ് മരണങ്ങളെ നമുക്ക് തടയാന്‍ സാധിച്ചു എന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റുകള്‍ ആവശ്യത്തിനു ചെയ്യുന്നില്ല എന്നതാണ് ചിലര്‍ ഉന്നയിക്കുന്ന മറ്റൊരു പരാതി. പല തവണ അതിനുള്ള മറുപടി കൃത്യമായി തന്നതാണ്. ടെസ്റ്റിന്‍റെ എണ്ണം കൂട്ടണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. ടെസ്റ്റുകളുടെ പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്‌സസ് കേസ് പെര്‍ മില്യണ്‍ എന്നീ സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്.

100 ടെസ്റ്റുകള്‍ ചെയ്യുമ്ബോള്‍ എത്ര ടെസ്റ്റുകള്‍ പോസിറ്റീവ് ആകുന്നുണ്ട് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിനു ടെസ്റ്റുകള്‍ നടക്കുമ്ബോഴാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുക. അതായത് രോഗമുള്ളവര്‍ക്കിടയിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കിടയിലും മാത്രം ടെസ്റ്റുകള്‍ നടത്തുകയും രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാന്‍ ആവശ്യമായ രീതിയില്‍ ടെസ്റ്റുകള്‍ നടത്താതിരിക്കുകയും ചെയ്യുമ്ബോള്‍ ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്.

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചതാണ് എന്നു കാണാം. നിലവില്‍ 2.27 ശതമാനമാണത്. അല്‍പ നാള്‍ മുന്‍പ് വരെ 2 ശതമാനത്തിലും താഴെയായിരുന്നു നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എന്നാല്‍,ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.46 ശതമാനമാണ്. കര്‍ണാടകയില്‍ 4.53ഉം തമിഴ്‌നാട്ടില്‍ 8.57ഉം മഹാരാഷ്ട്രയില്‍ 19.25ഉം തെലുങ്കാനയില്‍ 20.6ഉം ആണ്.

ഒരു പോസിറ്റീവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട് എന്നതിന്‍റെ സൂചകമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്‌സസ് കേസ് പെര്‍ മില്യണ്‍. 50നു മുകളില്‍ അതു സൂക്ഷിക്കുക എന്നതാണ് അഭികാമ്യമായ കാര്യം. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്‌സസ് കേസ് പെര്‍ മില്യണ്‍ ഇപ്പോള്‍ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിനു ഇവിടെ മിനിമം 44 ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. തുടക്കം മുതല്‍ ഒരാഴ്ച മുന്‍പു വരെ നമുക്കത് 50നു മുകളില്‍ നിര്‍ത്താന്‍ സാധിച്ചിരുന്നു. പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച്‌ വീണ്ടും ഉടനടി 50നു മുകളില്‍ ആ നമ്ബര്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.

എങ്കിലും ഇപ്പോള്‍ പോലും ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്‌സസ് കേസ് പെര്‍ മില്യണ്‍ എടുത്താല്‍ കേരളം മറ്റു പ്രദേശങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. അക്കാര്യത്തില്‍ ഇന്ത്യയിലെ ശരാശരി 13 ആണ്. കര്‍ണാടകയില്‍ 22ഉം തമിഴ്‌നാട്ടിലും മഹാരാഷ്ടയിലും ആറുമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വെഴ്‌സസ് കേസ് പെര്‍ മില്യണ്‍. നമ്മുടേതാകട്ടെ 44 ആണ്. അതായത് ടെസ്റ്റുകള്‍ നടത്തുന്ന കാര്യത്തിലും നമ്മള്‍ മുന്നിലാണ് എന്നാണ് അര്‍ഥമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !