സുരേന്ദ്രാ.. " സ്വർണ്ണ ഖുർആൻ " പ്രയോഗം നടത്തി അധിക്ഷേപിക്കരുത്: മന്ത്രി ഡോ. കെ.ടി ജലീൽ

0

റംസാൻ കാലത്ത് UAE കോൺസുലേറ്റിൽ നിന്നും കിട്ടിയ സകാത്ത് വകയിലുള്ള ഭക്ഷണ കിറ്റുകളും മുസ്ലീം പള്ളികളിലേക്കുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികളും നൽകിയത് സംബന്ധിച്ചുള്ള വിവാദങ്ങളിൽ മന്ത്രി ഡോ.കെ .ടി ജലീലിൻ്റെ ഇന്നത്തെ FB പോസ്റ്റ് വൈറലാകുന്നു. പാവപെട്ടവർക്ക് വിതരണം ചെയ്യാനുള്ള കിറ്റും പള്ളികളിൽ വിതരണം ചെയ്യാനുള്ള ഖുർആൻ കോപ്പികളും കോൺസുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കി കൊടുത്തത്.ഇതിൻ്റെ പേരിൽ തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റു വാങ്ങാൻ ഒരുക്കമാണന്നും അപ്പീലിന് പോകില്ലന്നും മന്ത്രി ജലീൽ ഫേയ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

FB പോസ്റ്റിൻ്റെ പൂർണ്ണരൂപം താഴെ ..

തൂക്കുമരത്തിലേറാനും 
തയ്യാർ
----------------------------------------
റംസാൻ കാലത്ത് ഭക്ഷണക്കിറ്റുകളും മസ്ജിദുകളിലേക്ക് വിശുദ്ധ ഖുർആൻ്റെ കോപ്പികളും നൽകുക എന്നത് നൂറ്റാണ്ടുകളായി അറബ് സമൂഹം പുലർത്തിപ്പോരുന്ന പരമ്പരാഗത രീതികളാണ്. ഈ പ്രാവശ്യം നോമ്പ് കാലത്ത് രാജ്യമാകെ ലോക്ഡൗൺ ആയിരുന്നതിനാൽ സാധാരണ കൊടുക്കുന്നത് പോലെ തിരുവനന്തപുരത്തെ UAE കോൺസുലേറ്റിന് പാവപ്പെട്ടവർക്ക് സകാത്ത് വകയിലുള്ള ഭക്ഷണക്കിറ്റുകളും മുസ്ലിം പള്ളികളിലേക്കുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികളും നൽകാൻ സാധിച്ചിരുന്നില്ല. അവ രണ്ടും വിതരണം ചെയ്യാൻ സ്ഥലങ്ങളുണ്ടോ എന്നായിരുന്നു കൗൺസൽ ജനറൽ 2020 മെയ് 27ന് എനിക്ക് സന്ദേശമയച്ച് ചോദിച്ചത്. കേരളത്തിലെ മുസ്ലിം പള്ളികളുടെ ചുമതലയുള്ള വഖഫ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലാണ് അവിടങ്ങളിൽ കൊടുക്കാനുള്ള ഖുർആൻ കോപ്പികളുടെ കാര്യവും എന്നോട് തന്നെ ആരാഞ്ഞത്. 

കോൺസുലേറ്റ് തന്നെ നേരിട്ടാണ് ഭക്ഷണക്കിറ്റ് ഒരുക്കുന്നതിനും ബന്ധപ്പെട്ട ഏജൻസിക്ക് അതിൻ്റെ വില (സംഭാവനയല്ല) നൽകുന്നതിനും തയ്യാറായത്. ഒരു രൂപ പോലും ഞാൻ ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല.
വിശുദ്ധ ഖുർആൻ്റെ കോപ്പികൾ രണ്ടു മത സ്ഥാപനങ്ങളെ കോവിഡ് കാലം കഴിഞ്ഞ് പള്ളികൾ പൂർണ്ണാർത്ഥത്തിൽ പ്രവർത്തന ക്ഷമമാകുമ്പോൾ അവിടങ്ങളിലേക്ക് നൽകാൻ വേണ്ടി ഏൽപിക്കുകയും ചെയ്തു. (എടപ്പാൾ പന്താവൂർ അൽ ഇർഷാദ്, ആലത്തിയൂർ ദാറുൽ ഖുർആൻ അക്കാദമി). ആർക്കു വേണമെങ്കിലും ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ചോ നേരിട്ടോ അന്വേഷിച്ച് സംശയനിവാരണം വരുത്താവുന്നതാണ്. 

കോവിഡ് കാലത്ത് UAE കോൺസുലേറ്റിൻ്റെ ആയിരം കിറ്റുകൾക്ക് പുറമെ ഉദാരമതികളായ എൻ്റെ സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച ഒൻപതിനായിരം ഭക്ഷ്യക്കിറ്റുകളുമടക്കം പതിനായിരം ഭക്ഷണക്കിറ്റുകളാണ് തവനൂർ മണ്ഡലത്തിൽ വിതരണം ചെയ്തത്. മത ജാതി പാർട്ടി വ്യത്യാസമില്ലാതെയാണ് ഇവയെല്ലാം നൽകിയത്. മണ്ഡലത്തിലെ പാവപ്പെട്ട മുഴുവൻ മൽസ്യതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ബാർബർമാരും സ്വകാര്യബസ് തൊഴിലാളികളും ഇതിൽ ഉൾപ്പെടും. അക്കൂട്ടത്തിൽ ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും  ലീഗുകാരും ഇടതുപാർട്ടിക്കാരും ഒരു പാർട്ടിയിലുമില്ലാത്തവരും എല്ലാമുണ്ട്. 

പാവപ്പെട്ടവർക്ക് സകാത്തിൻ്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മുസ്ലിം പള്ളികളിൽ വിശുദ്ധ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും UAE കോൺസുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തത്. ഇതിൻ്റെ പേരിൽ UDF കൺവീനർ ബെന്നിബഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല. 

വിശുദ്ധ ഖുർആൻ വിതരണം ചെയ്യാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. അവ കോൺസുലേറ്റിന് തന്നെ തിരിച്ച് നൽകാൻ വഖഫ് മന്ത്രിക്ക് നിർദ്ദേശം നൽകണമെന്ന് പറഞ്ഞ്, ബെന്നിബഹനാൻ പ്രധാനമന്ത്രിക്ക് രണ്ടാമതൊരു കത്ത്കൂടി എഴുതിയാൽ നന്നാകും. അതുപ്രകാരം കേന്ദ്ര സർക്കാർ പറയുന്നത് അനുസരിക്കാൻ ഞാൻ സദാസന്നദ്ധനായിരിക്കും. കാരണം, വിശുദ്ധ ഖുർആൻ സമൂഹത്തിൽ ഐക്യമുണ്ടാക്കാൻ അവതീർണ്ണമായ വേദഗ്രന്ഥമാണ്. അല്ലാതെ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം തകർക്കാൻ അവതരിച്ചിട്ടുള്ളതല്ല.  കോൺഗ്രസ് - ലീഗ് നേതൃത്വങ്ങളെ ഇക്കാര്യം പ്രത്യേകം അറിയിച്ചു കൊള്ളട്ടെ. 

'സ്വർണ്ണക്കിറ്റെ'ന്ന് പറഞ്ഞ് പരിഹസിച്ചത് പോലെ 'സ്വർണ്ണഖുർആൻ' എന്ന പ്രയോഗം നടത്തി ദയവു ചെയ്ത് അധിക്ഷേപിക്കരുതെന്ന അഭ്യർത്ഥനയേ എൻ്റെ സുഹൃത്ത്കൂടിയായ കെ. സുരേന്ദ്രരനോട് എനിക്കുള്ളൂ. ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലല്ലോ സുരേന്ദ്രൻ.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !