മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ വിയോഗത്തിന് ഒരുവര്‍ഷം; ഇനിയും നീതികിട്ടാതെ കുടുംബം

0

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കിടയില്‍ കെ എം ബി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കെ എം ബഷീര്‍ വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ മദ്യപിച്ച്‌ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ചാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫായ ബഷീര്‍ കൊല്ലപ്പെടുന്നത്. മ്യൂസിയം പോലിസ് സ്റ്റേഷന്റെ മൂക്കിന് കീഴിലുണ്ടായ അപകടത്തില്‍ ഒന്നാംപ്രതിയായ ശ്രീറാമിനെ രക്ഷിച്ചെടുക്കാന്‍ തുടക്കം മുതല്‍ നടന്ന ഉന്നതതല അട്ടിമറികള്‍ കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തതാണ്.

കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാധ്യമലോകവും പൊതുസമൂഹവും ഒരുപോലെ മുറവിളികൂട്ടിയെങ്കിലും സസ്പെന്‍ഷന്‍ കാലാവധിക്കിടെ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ സര്‍ക്കാര്‍ തിരിച്ചെടുത്തതിനും കേരളം സാക്ഷിയായി. ഉന്നതതലത്തില്‍ ബന്ധമുണ്ടെങ്കില്‍ ഒരു കേസ് എങ്ങനെ അട്ടിമറിക്കാമെന്നതിന്റെ പ്രത്യക്ഷ ഉദാഹരമാണ് ഈ കേസ്. ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നും നീതി പുലരുമെന്നുമുള്ള പ്രതീക്ഷയിലാണ് കുടുംബം. ശ്രീറാം വെങ്കിട്ടരാമന്‍ സുഹൃത്ത് വഫ ഫിറോസുമൊത്ത് കവടിയാറില്‍നിന്ന് അമിതവേഗതയില്‍ ഓടിച്ച കാര്‍ പബ്ലിക് ഓഫിസിന് മുന്നില്‍വച്ച്‌ ബഷീറിന്റെ ബൈക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

ഉന്നതപഠനത്തിനായി വിദേശത്തുപോയി തിരികെയെത്തിയ ശ്രീറാമിനെ സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ സര്‍വേ ഡയറക്ടറായി നിയമിച്ചിരുന്നു. ചുമതലയില്‍ പ്രവേശിക്കുന്നതിന് മുമ്ബ് നടത്തിയ പാര്‍ട്ടി കഴിഞ്ഞ് ശ്രീറാം രാത്രി 12.30ന് ശേഷം സുഹൃത്തായ വഫ ഫിറോസിനെ കാറുമായി കവടിയാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കവടിയാറില്‍നിന്നും യാത്ര തുടങ്ങിയ ശേഷം വഫയെ ഡ്രൈവിങ് സീറ്റില്‍നിന്നും മാറ്റി കാര്‍ അമിത വേഗതയില്‍ ഓടിക്കുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തുവച്ചാണ് അപകടം നടന്നത്.

അപകടം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം മ്യൂസിയം ക്രൈം എസ്‌ഐ ജയപ്രകാശും സംഘവും സംഭവസ്ഥലത്തെത്തി. ആ സമയം അപകടത്തില്‍പ്പെട്ട കാര്‍ ബഷീറിന്റെ ബൈക്കിനെ ഇടിച്ച്‌ പബ്ലിക് ഓഫിസിന്റെ മതിലിനോട് ചേര്‍ത്തുനിര്‍ത്തിയ നിലയിലായിരുന്നു. ഡ്രൈവിങ് സീറ്റില്‍നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തേക്കിറങ്ങി അപകടം നടന്ന സ്ഥലത്തുനിന്നും ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പോലിസിന് മൊഴി നല്‍കി. എന്നാല്‍, കേസെടുക്കാന്‍ മടിച്ച പോലിസ്, ശ്രീറാമിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനപോലും നടത്താതെ സ്വകാര്യാശുപത്രിയിലേക്കും പറഞ്ഞയക്കുകയായിരുന്നു. അവിടെ വളരെ വൈകി നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയാത്തതോടെ കേസ് ശ്രീറാമിന്റെ വഴിക്കായിത്തുടങ്ങി.

കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു. ഇത് ശരിയല്ലെന്ന് വഫ തന്നെ മൊഴി നല്‍കി. ഒടുവില്‍ കടുത്ത സമ്മര്‍ദമുയര്‍ന്നപ്പോള്‍ ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തു. പിന്നാലെ ശ്രീറാമിന് സസ്‌പെന്‍ഷന്‍. ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരുദിവസം പോലും ജയിലില്‍ കഴിയാതെ ആശുപത്രിവാസത്തിന് അവസരമൊരുക്കി. അപകടമുണ്ടായ നഗരമധ്യത്തിലെ മ്യൂസിയം സ്റ്റേഷന്‍ പരിസരത്തുള്ള സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാത്തതായിരുന്നു കേസിലെ മറ്റൊരു തിരിച്ചടി. ഒരുവര്‍ഷം പിന്നിടുമ്ബോഴും കാമറകളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ലോക്കല്‍ പോലിസില്‍നിന്ന് പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും ശ്രീറാമിന് അനുകൂലമായ റിപോര്‍ട്ടുകളാണ് പലതവണ സംഘം കോടതിയില്‍ നല്‍കിയത്.

ശ്രീറാം വെങ്കിട്ടരാമനെ ഒന്നും വഫ ഫിറോസിനെ രണ്ടും പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2020 ഫെബ്രുവരി ഒന്നിന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നൂറ് സാക്ഷിമൊഴികളാണുള്ളത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304(II), 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫയ്ക്കുമെതിരേ ചുമത്തിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ മാസങ്ങള്‍ പിന്നിട്ടിട്ടും വിചാരണനടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രണ്ടുതവണ കോടതി നോട്ടീസ് നല്‍കിയെങ്കിലും ശ്രീറാമും വഫയും ഹാജരായില്ല.

കേസിന്റെ ഗൗരവം പരിഗണിച്ച്‌ തുടര്‍വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങളാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(3)യില്‍ പുരോഗമിക്കുന്നത്. ഐഎഎസ് ലോബിയുടെ സമ്മര്‍ദത്തിനൊടുവില്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശപ്രകാരം ശ്രീറാമിനെ സര്‍വീസിലേക്ക് തിരിച്ചെടുത്തു. മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹവും ഒന്നടങ്കം സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധിച്ചെങ്കിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുലുങ്ങിയില്ല. സര്‍വീസ് ചട്ടപ്രകാരം സസ്‌പെന്‍ഷന്‍ നീട്ടാനാവില്ലെന്നും കോടതിയില്‍ ചോദ്യംചെയ്യപ്പെടുമെന്നുമുള്ള വാദങ്ങള്‍ നിരത്തിയാണ് ബഷീറിനോടുള്ള നീതികേടിനെ സര്‍ക്കാര്‍ ന്യായീകരിച്ചത്. ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയതും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതും ഉയര്‍ത്തിയാണ് വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പ്രതിരോധിച്ചത്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !