കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ദുരന്തം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള എല്ലാവരുടെയും ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവരുടെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ് പോസിറ്റീവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുവരെ 18 പേരാണ് മരിച്ചത്. ഇതില്‍ നാല് കുട്ടികളുമുണ്ട്. മരണമടഞ്ഞവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിട്ട് മൂന്നു മണിയോടെ പൂര്‍ത്തിയാക്കും. മരിച്ചവരില്‍ എട്ടു പേര്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരും ആറു പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുമുള്ളവരാണ്. രണ്ടു പേര്‍ പാലക്കാട് ജില്ലയില്‍നിന്നുള്ളവരുമാണ്. 16 ആശുപത്രികളിലായാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്. 149 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 23 ആളുകളെ ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സയിലുള്ളവരില്‍ 23 പേര്‍ക്ക് ഗുരുതരമായ പരിക്കുകളാണ് ഉള്ളത്.
ഇതിന്റെ വിവരങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 0495- 2376901 എന്നതാണ് നമ്പര്‍. ഇതിന് പുറമെ പരിക്കേറ്റവരെ ചികിത്സിക്കുന്ന ഓരോ ആശുപത്രിയിലും പി.ആര്‍.മാരുടെ നമ്പരുകളുമുണ്ട്. കൂടാതെ ഒരോ ആശുപത്രിയിലും ചുമതലകള്‍ നല്‍കി സബ്കളക്ടര്‍മാരെ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അവിചാരിതമായാണ് നാട്ടില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നത്. ഇത്തരം അപകടങ്ങളില്‍ തീപ്പിടിത്തവും പൊട്ടിത്തെറിയുമൊക്കെ ഉണ്ടാകാറുണ്ട്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ വലിയൊരു ദുരന്തമാകും സംഭവിക്കുക. അങ്ങനെ സംഭവിച്ചില്ല എന്നത് വലിയ ആശ്വാസകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ സാധാരണ നാട്ടുകാരും പ്രത്യേക ഏജന്‍സികളും മികവോടെ പ്രവര്‍ത്തിച്ചു. കൃത്യസമയത്ത് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ പലരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !