മൂന്നാര്‍: പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായതില്‍ ഒരു കുടുംബത്തില്‍ നിന്നുളള 31 പേരും. വിവിധ ലയങ്ങളിലായി താമസിച്ചിരുന്ന ബന്ധുക്കള്‍ അടക്കമാണ് 31 പേര്‍. ഇതില്‍ നാലുപേരെ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. മണ്ണിനടിയില്‍ നിന്നും ഇനിയും 28 പേരെയാണ് കണ്ടെത്താനുളളത്. ആകെ 19 വിദ്യാര്‍ത്ഥികളെയാണ് മലവെളളപ്പാച്ചിലില്‍ കാണാതായത്. ഇതില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു.
മറയൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളിലെ വിശാല്‍, ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി സിന്ധുജ, ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി സജ്ജയ് എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇനി പതിനാറ് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ് ലഭിക്കാനുളളത്. മൊത്തം 26 മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്നും ഇതുവരെ ലഭിച്ചത്. ഇനിയും 44 പേരെ കണ്ടെത്താനുളള തിരച്ചില്‍ നടക്കുകയാണ്.
രണ്ട് ആണ്‍മക്കള്‍ അടക്കം കുടുംബത്തിലെ 31 പേരെ ഉരുളെടുത്ത സങ്കടം ഷണ്‍മുഖനാഥനാണ് മാധ്യമങ്ങളോട് വിവരിച്ചത്. ഇടുക്കി ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരനാണ് ഷണ്‍മുഖ നാഥന്‍. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ എ. അനന്തശിവന്‍ ദേവികുളം പഞ്ചായത്തിലെ മുന്‍ അംഗം. അനന്തശിവന്റെ പേരക്കുട്ടിയുടെ ജന്മദിനം ആഘോഷിക്കാന്‍ മൂന്നാറില്‍ നിന്നു കേക്കും വാങ്ങി എത്തിയതാണ് ഷണ്‍മുഖന്റെ മക്കളായ ദിനേശും നിധീഷും. എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥികളാണ് ഇരുവരും. വെള്ളിയാഴ്ച തിരിച്ചെത്താമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പോന്നതാണ്. ഇവരെ അടക്കമാണ് കാണാതായത്. പെട്ടിമുടിയുടെ മൂപ്പനായിരുന്നു അനന്തശിവന്‍. മൂന്നാര്‍ പെട്ടിമുടി വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നു ഇദ്ദേഹം. ഇതിനും മുന്‍പേ പെട്ടിമുടിക്കാരുടെ മൂപ്പന്‍ അനന്തശിവനായിരുന്നു. മൂന്നാറിലെ സഹ.ബാങ്കില്‍ താല്‍ക്കാലിക ജോലിക്കാരനായിരുന്നു. മയില്‍സ്വാമി, ശിവരഞ്ജിനി, ഷണ്‍മുഖയ്യ, ദിനേശ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ലഭിച്ചത്.
അനന്തശിവന്‍ (58), ഭാര്യ വേലുത്തായി (55), മകന്‍ ഭാരതിരാജ (35),ഭാര്യ രേഖ (26), ഇവരുടെ രണ്ട് മക്കള്‍, അനന്തശിവന്റെ സഹോദരന്‍ ഗണേശന്‍ (48), ഭാര്യ തങ്കമ്മ (40), മറ്റൊരു സഹോദരന്‍ മയില്‍സ്വാമി (45), ഭാര്യ രാജേശ്വരി (40), മക്കളായ ശിവരഞ്ജിത്ത് (13), സിന്ദൂജ (12), മയില്‍സ്വാമിയുടെ സഹോദരി പളനിയമ്മ (51), ഭര്‍ത്താവ് പ്രഭു (54), മകന്‍ പ്രതീഷ് (26), ഭാര്യ കസ്തൂരി (24), ഇവരുടെ രണ്ട് കുട്ടികള്‍, പ്രഭുവിന്റെ മരുമകള്‍ മുത്തുലക്ഷ്മി (30), അനന്തശിവന്റെ അമ്മാവന്റെ മകന്‍ രാജ രവിവര്‍മ (35),ഇദ്ദേഹത്തിന്റെ ഭാര്യ, രണ്ട് കുട്ടികള്‍, ഭാര്യാ പിതാവ് ഡ്രൈവര്‍ ഷണ്‍മുഖയ്യ (52), അനന്തശിവന്റെ ഭാര്യയുടെ പിതൃസഹോദരന്‍ (60), ഭാര്യ സരസ്വതി (52), അനന്തശിവന്റെ ഭാര്യയുടെ മറ്റൊരു പിതൃസഹോദരനായ അച്ചുതന്‍ (56), ഭാര്യ പവന്‍ത്തായി (47), മകന്‍ മണികണ്ഠന്‍ (28), സഹോദരിയുടെ ഭര്‍ത്താവ് ഏശയ്യ (55), ഭാര്യ മണി (54), മകന്‍ കപില്‍ദേവ് (26) എന്നിവരെയാണ് ഉരുള്‍ കവര്‍ന്നത്. അടുത്തടുത്ത ലയങ്ങളിലായിരുന്നു ഈ കുടുംബങ്ങള്‍ താമസിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !