ഇന്ന് സംസ്ഥാനത്ത് 1553 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. 1950 പേര്‍ രോഗവിമുക്തരായി. കോവിഡ്മൂലം 10 പേര്‍ മരണമടഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ 30,342 സാമ്പിളികള്‍ പരിശോധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് ആകെ 21,516 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.
രാജ്യത്ത് ഒറ്റ ദിവസത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 83,883 ആയി വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 1043 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലാകെ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 38.54 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. 8.16 ലക്ഷം പോസിറ്റീവ് കേസുകള്‍ നിലവിലുണ്ട്. മരണസംഖ്യ 67,400ലെത്തിനില്‍ക്കുന്നു.
തത്തുല്യമായ വര്‍ധന കേരളത്തിലില്ലെങ്കിലും ഇവിടെയും സ്ഥിതി ആശ്വാസത്തിന് വകനല്‍കുന്നതല്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി പോസിറ്റീവ് ആകുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, അത് നമ്മുടെ ജാഗ്രത കുറയ്ക്കാനുള്ള ഒരു സൂചനയല്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ഓണ അവധിയും മറ്റും ആയിരുന്നു. അതുകൊണ്ടുതന്നെ ആളുകള്‍ ടെസ്റ്റിന് പോകാന്‍ പൊതുവെ വിമുഖത പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും അടക്കം ടെസ്റ്റിന്‍റെ എണ്ണത്തില്‍ കുറവുമുണ്ടായി. പൊതുവില്‍ അങ്ങനെ ടെസ്റ്റിന്‍റെ എണ്ണം കുറഞ്ഞത് കൊണ്ടാണ് കേസുകളുടെ എണ്ണത്തിലും കുറവുണ്ടായത്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കൂടുതലുമാണ് എന്നത് പ്രത്യകം ശ്രദ്ധിക്കണം. ടെസ്റ്റുകള്‍ കൂടുന്ന സമയത്ത് കേസുകളുടെ എണ്ണം സ്വാഭാവികമായും കൂടും. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് നമുക്ക് അഞ്ചിനു താഴെ ഈ ഘട്ടത്തില്‍ നിര്‍ത്തേണ്ടതാണ്.
എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അത് എട്ടിന് മുകളിലാണ്. മറ്റൊരു കാര്യം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആണ് മൊത്തം കേസുകളുടെ 50 ശതമാനത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടായത്. പകുതിയിലധികം കേസുകളും കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് വന്നത്. ഇതില്‍ നിന്നും കേസുകള്‍ വ്യാപിക്കുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത് എന്ന് മനസ്സിലാക്കാം.
ഇപ്പോള്‍ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഒക്ടോബര്‍ അവസാനത്തോടുകൂടി കേസുകള്‍ വീണ്ടും വര്‍ധിക്കും എന്നാണ്.
കഴിഞ്ഞ ജനുവരി മുതല്‍ നമ്മള്‍ കോവിഡിനെതിരെ പോരാടുകയാണ്. വ്യാപനം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്നത് പിടിച്ചുനിര്‍ത്താനും നമുക്ക് കഴിഞ്ഞു. അതിലൂടെ നമുക്ക് മരണനിരക്ക് കുറയ്ക്കുവാനും സാധിച്ചു. കഴിഞ്ഞമാസം നമ്മള്‍ പ്രതീക്ഷിച്ച അത്ര രീതിയില്‍ പോസിറ്റീവ് കേസുകളുടെ വര്‍ധന ഉണ്ടായിട്ടില്ല. ജനങ്ങളാകെ ഒരു പരിധിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി എന്നതുകൊണ്ടാണ് അത് സാധ്യമായത്. നമ്മുടെ സംവിധാനങ്ങള്‍ അടക്കം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തു.വിദഗ്ധര്‍ പറഞ്ഞത് ഈ സമയത്ത് 10000നും 20000നും ഇടയില്‍ കേസുകള്‍ വരുമെന്നായിരുന്നു. എന്നാല്‍, അത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. അതേസമയം രോഗവ്യാപനം ഉയരുകയും ചെയ്തു.
ഓണാവധിക്കാലത്ത് നമ്മുടെ മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിന്‍റെ തോത് വര്‍ധിച്ചിട്ടുണ്ട്. ആളുകള്‍ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്. ഇതിന്‍റെയെല്ലാം ഫലമായി രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. അടുത്ത രണ്ടാഴ്ച പ്രധാനമാണ് എന്നര്‍ത്ഥം. കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടുകൂടി പൊതുവെ എല്ലായിടത്തും തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
കോവിഡിനൊപ്പം തന്നെ ജീവിതം കൊണ്ടു പോവുക എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇളവുകള്‍ കൂടുതലായി നല്‍കുന്നത്. ഇളവുകള്‍ ഉള്ളപ്പോള്‍ തന്നെ വ്യക്തിപരമായി ജാഗ്രതയും നമ്മള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
ലോക്ക്ഡൗണ്‍ നാലാംഘട്ട ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാലത്തും അടച്ചിട്ടുപോകാനാവില്ല. സംസ്ഥാനവും ഉചിതമായ രീതിയില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇങ്ങനെ ഔപചാരികമായ നിയന്ത്രണങ്ങള്‍ ഒഴിവാകുമ്പോള്‍ ഒരുതരത്തിലുമുള്ള നിയന്ത്രണം വേണ്ട എന്നല്ല അതിനര്‍ത്ഥം. നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കോവിഡ് പ്രതിരോധം മാറുകയാണ്. അതായത്, ശരീരിക അകലം പാലിക്കലും രോഗം പകരാനുള്ള എല്ലാ സാധ്യതകളില്‍നിന്നും അകന്നുനില്‍ക്കലും നാം ഓരോരുത്തരും നമ്മുടെ പ്രതിജ്ഞയായി തന്നെ ഏറ്റെടുക്കണം.
വയോജനങ്ങളുമായി കുറച്ചധികം സമ്പര്‍ക്കം ഉണ്ടായ ദിവസങ്ങളാണ് കഴിഞ്ഞു പോയത്. അതുകൊണ്ടുതന്നെ ഈ ഓണ ദിവസങ്ങളുമായി ബന്ധപ്പെട്ട് അടുത്ത 14 ദിവസം നാം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍. ഓണം ക്ലസ്റ്റര്‍ എന്ന തരത്തില്‍ തന്നെ വിപുലീകരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള സ്വയം പരിശ്രമം ഉണ്ടാകണം. വയോജനങ്ങളിലേക്ക് വ്യാപനം കൂടിയാല്‍ മരണനിരക്കും അതിനനുസരിച്ച് വര്‍ധിക്കുമെന്ന് നാം ഓര്‍ക്കണം.
നമ്മള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വ്യാപനതോത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ലെങ്കിലും അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നില്‍ കണ്ട് വേണം ജാഗ്രത പുലര്‍ത്താന്‍. ജാഗ്രത എത്രകാലം തുടരണം എന്നത് പലരും ആലോചിക്കുന്നുണ്ടാകും. വാക്സിന്‍ വരുന്നതുവരെ സോഷ്യല്‍ വാക്സിന്‍ എന്ന തരത്തില്‍ ഈ ജാഗ്രത നാം തുടരുക തന്നെ വേണം. ബ്രേക്ക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്സിനാണ് നാം ഫലവത്തായി നടപ്പാക്കേണ്ടത്. കോവിഡ് ബ്രിഗേഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷം വലിയ സ്വീകാര്യതയാണ് അതിന് ലഭിച്ചത്.
കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 12,804 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 6236 പേര് മെഡിക്കല്‍ പ്രൊഫഷനല്‍സ് ആണ്. അലോപ്പതി, ആയുര്‍വേദ, ഹോമിയോ അടക്കം 2397 ഡോക്ടര്‍മാരും 2605 നഴ്സുമാരും 706 ലാബ് ടെക്നീഷ്യന്‍ മാരും 530 ഫാര്‍മസിസ്റ്റുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രജിസ്റ്റര്‍ ചെയ്തവരൊക്കെ ഒരു കരുതല്‍ ഫോഴ്സായി നമ്മുടെ കൂടെയുണ്ടാകും. വിദഗ്ധര്‍ പ്രവചിച്ചതുപോലെ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഇവരുടെ സേവനം ആശുപത്രികളിലും സിഎഫ് എൽടിസികളിലും ഉപയോഗിക്കാനാകും. ഇവരുടെ ആദ്യ ടീമിനെ കഴിഞ്ഞദിവസം കാസര്‍കോട്ടേക്ക് അയക്കുകയുണ്ടായി. കോവിഡ് ബ്രിഗേഡിലേക്ക് കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ഈ ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ നല്ല തോതില്‍ പാലിച്ചിട്ടുണ്ട്. എന്നാല്‍, തീരേ നിയന്ത്രണങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ ചില കേന്ദ്രങ്ങളിലുണ്ടായി. കടകളിലോ മാര്‍ക്കറ്റുകളിലോ ചെല്ലുന്നവര്‍ പേരെഴുതി ഇടണം എന്നത് നിര്‍ബന്ധമാക്കിയിരുന്നു. അതില്‍ വീഴ്ചയുണ്ടായി. അവിടെ സൂക്ഷിച്ച പേന ഉപയോഗിക്കുന്നതില്‍ പലര്‍ക്കും വിമുഖതയുമുണ്ടായി.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്ന സംവിധാനം കോഴിക്കോട്ട് വിജയകരമായി പരീക്ഷിക്കുകയാണ്. ഒരു കേന്ദ്രത്തില്‍, അത് സര്‍ക്കാര്‍ ഓഫീസിലായാലും ഷോപ്പുകളിലായാലും മാളുകളിലായാലും എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ച ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക എന്നതാണ് രീതി. അതോടെ അവിടെ എത്തിയ ആളിനെക്കുറിച്ച് ഇലക്ട്രോണിക്കായി ആവശ്യമായ വിവരങ്ങള്‍ രേഖയില്‍ വരും. പിന്നീട് ആ ഷോപ്പിലോ സ്ഥലത്തോ കോവിഡ് ബാധയുണ്ടാവുകയാണെങ്കില്‍ അവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും സന്ദേശവും ആവശ്യമായ നിര്‍ദേശവും നല്‍കാന്‍ ഇത് സഹായകമാകും. ഇത്തരം രീതി പൊതുവേ എല്ലായിടത്തും പ്രായോഗികമാക്കാവുന്നതാണ്.
മാസ്ക് ധരിക്കാത്ത 7477 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനര്‍ത്ഥം സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച രീതിയിലുള്ള പ്രതിരോധ ഇടപെടല്‍ കുറയുന്നു എന്നാണ്. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരായ കേസുകളുടെ എണ്ണവും കൂടുന്നുണ്ട്. മാസ്ക് ധരിക്കുന്നത് സ്വന്തം രക്ഷയ്ക്കുവേണ്ടി മാത്രമല്ല, ചുറ്റുമുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനുമാണ്. അക്കാര്യത്തില്‍ നമ്മള്‍ ഓരോരുത്തരും തുടര്‍ന്നും ജാഗ്രത പാലിച്ചേ മതിയാകൂ.
ലോക്ക്ഡൗണിനുശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒമ്പതുലക്ഷം കഴിഞ്ഞിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 9,10,684. അതില്‍ 61 ശതമാനവും (5,62,693) മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് 3,47,991 പേര്‍ വന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരില്‍ 61.26 ശതമാനം പേരും തീവ്ര രോഗവ്യാപനമുള്ള റെഡ്സോണുകളില്‍നിന്നുള്ളവരാണ്.
ഓപ്പണ്‍ സര്‍വകലാശാലാ പ്രഖ്യാപനം
ഇന്നലെ ശ്രീനാരായണ ഗുരു ജയന്തിയായിരുന്നു. ഗുരുവിന് ഉചിതമായ സ്മാരകങ്ങള്‍ ഉണ്ടാവുക എന്നത് ഓരോ മലയാളികളുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്‍റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്‍റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്‍റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കാനുള്ള തീരുമാനം ഇവിടെ പ്രഖ്യാപിക്കുകയാണ്. ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തിലാണ് ഈ ഓപ്പണ്‍ സര്‍വകലാശാലാ നിലവില്‍വരിക.
കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ്ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിക്കുക.
ഏതു പ്രായത്തിലുള്ളവര്‍ക്കും പഠിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും. കോഴ്സ് പൂര്‍ത്തിയാക്കാതെ ഇടയ്ക്ക് പഠനം നിര്‍ത്തുന്നവര്‍ക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് കഴിയും. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രഗല്‍ഭരായ അധ്യാപകരുടെയും വിദഗ്ധരുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും.
സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുതിയ സര്‍വകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമെ നൈപുണ്യ വികസന കോഴ്സുകളും ഓപ്പണ്‍ സര്‍വകലാശാല നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്‍റെ ജനകീയവല്‍ക്കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുക.
സഹായം
ലൈഫ് പദ്ധതിയുടെ ഭാഗമായി സഹകരണവകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് കല്‍പറ്റ വാരമ്പറ്റ റോഡിനടുത്ത് ഒരേക്കര്‍ സ്ഥലം ബോബി ചെമ്മന്നൂര്‍ സംഭാവന നല്‍കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !