![]() |
| ബുറേവി ചുഴലിക്കാറ്റിന്റെ പാത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത് |
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം- തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്- റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കെ.എസ്.ഡി.എം.എയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 11 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9.0° N അക്ഷാംശത്തിലും 80.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയില്‍ നിന്ന് ഏകദേശം 320 കിമീ ദൂരത്തിലുമാണ്.
ചുഴലിക്കാറ്റ് ഡിസംബര്‍ മൂന്നിന് ഉച്ചയോടുകൂടിയോ ഡിസംബര്‍ നാലിന് പുലര്‍ച്ചയോടു കൂടിയോ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 3 ന് അര്‍ദ്ധരാത്രിയോടുകൂടി തമിഴ്നാട് തീരത്തെത്തുമെന്നും പ്രതീക്ഷിക്കുന്നു.
കേരളത്തിനുള്ള മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ നാലിന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്.
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
ഡിസംബര്‍ മൂന്നു മുതല്‍ ഡിസംബര്‍ നാലു വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !