തിരുവനന്തപുരം: കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും പോലീസിനും മുന്നിൽ ഭാര്യയെ ചേർത്തുപിടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം രാജൻ (47) ആണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഭാര്യ അമ്പിളി (40) ചികിത്സയിലാണ്. ‘പൊലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ലൈറ്റര്‍ പൊലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നുമുള്ള’ ആരോപണത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭാര്യയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇതോടെ പൊലീസ് രാജന്റെ കൈയ്യിലെ ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ പടർന്നത്. മക്കളുടെ മുന്നില്‍ വച്ചാണ് ഇരുവരുടെയും ദേഹത്തേക്ക് തീയാളി പിടിച്ചത്. പപ്പാ, പപ്പാ എന്നു മക്കള്‍ അലറിക്കരയുന്നതും വിഡിയോയില്‍ കേള്‍ക്കാം തുടര്‍ന്ന് ഒരു വിധത്തില്‍ തീ കെടുത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗ്രേഡ് എസ്ഐ അനിൽകുമാറിനും സംഭവത്തിൽ പൊള്ളലേറ്റിരുന്നു. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജനെയും കുടുംബത്തെ ഒഴിപ്പിക്കാന്‍ പൊലീസെത്തിയത്. തുടര്‍ന്നായിരുന്നു ആത്മഹത്യാ ഭീഷണി.
ഒരു വര്‍ഷം മുമ്പ് തൊട്ടടുത്ത അയല്‍വാസി വസന്ത തന്‍റെ മൂന്ന് സെന്‍റ് പുരയിടം രാജന്‍ കയ്യേറിയതായി കാണിച്ച് കേസ് നല്‍കുകയും നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. കയ്യേറിയ വസ്തുവിൽ നിർമാണപ്രവൃത്തികൾ നടത്തരുതെന്ന് കോടതി ഉത്തരവിട്ടുവെങ്കിലും കോവിഡ് വ്യാപനകാലത്ത് രാജൻ ഇവിടെ കുടിൽ കെട്ടി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസമാക്കുകയായിരുന്നു.
തന്റെ വസ്തുവിലാണ് കുടിൽ കെട്ടിയതെന്നു രാജൻ വാദം ഉന്നയിച്ചതോടെ വസന്ത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനാണ് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസം മുൻപ് കമ്മിഷന്റെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കൽ നടപടികൾ നടന്നുവെങ്കിലും രാജന്റെ എതിർപ്പ് മൂലം നടന്നില്ല. തുടർന്ന് കോടതി നിർദേശമനുസരിച്ച് കയ്യേറ്റം ഒഴിപ്പിക്കാൻ ചൊവ്വാഴ്ച ഉച്ചയോടെ അഭിഭാഷക കമ്മിഷനും പോലീസും സ്ഥലത്തെത്തിയത്. വീട് ഒഴിയാൻ ആവശ്യപ്പെടുന്നതിനിടെ രാജൻ വീടിനകത്തു കയറി കന്നാസിൽ കരുതിയ പെട്രോൾ ദേഹത്തൊഴിക്കുകയായിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !