രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ് എഫ്.സി

0

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ് എഫ്.സി. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരട്ട ഗോളുകളുമായി അരിഡാനെ സന്റാനയാണ് ഹൈദരാബാദിനായി തിളങ്ങിയത്. ഹാളിചരൺ നർസാരിയാണ് ശേഷിച്ച ഒരു ഗോൾ നേടിയത്. ജാക്വസ് മഗോമയാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ടു ഗോളുകളും നേടിയത്.

26-ാം മിനിറ്റിൽ ജാക്വസ് മഗോമയിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. ഈസ്റ്റ് ബംഗാളിന്റെ ഐ.എസ്.എൽ ചരിത്രത്തിലെ ആദ്യ ഗോളായിരുന്നു ഇത്. ആന്തണി പിൽകിങ്ടൺ നൽകിയ ത്രൂ ബോൾ സ്വീകരിച്ച മാറ്റി സ്റ്റെയ്ൻമാൻ ഉടൻ തന്നെ അത് മഗോമയ്ക്ക് മറിച്ചു. മഗോമയുടെ കരുത്തുറ്റ ഷോട്ടിൽ ഒന്ന് തൊടാൻ മാത്രമേ ഹൈദരാബാദ് ഗോൾകീപ്പർ സുബ്രതാ പോളിന് സാധിച്ചുള്ളൂ. പന്ത് വലയിൽ.

ഇതിനു പിന്നാലെ 28-ാം മിനിറ്റിൽ ഒപ്പമെത്താൻ ലഭിച്ച അവസരം നിഖിൽ പൂജാരി നഷ്ടപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് യാസിർ നൽകിയ ക്രോസ് ആരാലും മാർക്ക് ചെയ്യാതെ നിന്ന നിഖിലിന് വലയിലെത്തിക്കാനായില്ല.

45-ാം മിനിറ്റിലും ഹൈദരാബാദിനെ ദൗർഭാഗ്യം പിന്തുടർന്നു. മുഹമ്മദ് യാസിറിനെ ഷെഹ്നാജ് സിങ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അരിഡാനെ സന്റാനയ്ക്ക് വലയിലെത്തിക്കാനായില്ല. ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്ജിത്ത് രക്ഷപ്പെടുത്തി. ഒരു ഗോൾ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ബംഗാളിനെ ഹൈദരാബാദ് നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

15 സെക്കൻഡുകൾക്കുള്ളിൽ രണ്ടു ഗോളുകളാണ് ഹൈദരാബാദ് ഈസ്റ്റ് ബംഗാളിന്റെ വലയിലെത്തിച്ചത്. 56-ാം മിനിറ്റിൽ യാസിറിന്റെ ഉഗ്രൻ ഫ്രീ കിക്കിൽ നിന്ന് അരിഡാനെ സന്റാനയാണ് ഹൈദരാബാദിന് ഒപ്പമെത്തിച്ചത്. യാസിറിന്റെ ഫ്രീ കിക്കിൽ ചെറുതായൊന്ന് തലവെയ്ക്കേണ്ട കാര്യമേ സന്റാനയ്ക്കുണ്ടായിരുന്നുള്ളൂ.

ആദ്യ ഗോൾ നേടി 15 സെക്കൻഡുകൾക്കുള്ളിൽ തന്നെ ഹൈദരാബാദ് രണ്ടാം ഗോളും നേടി. ജാക്വസ് മഗോമയിൽ നിന്ന് പന്ത് റാഞ്ചിയ മുഹമ്മദ് യാസിർ തന്നെയാണ് രണ്ടാം ഗോളിനും പിന്നിൽ. പന്തുമായി മുന്നേറിയ യാസിർ അത് ലിസ്റ്റന് മറിച്ചു. ലിസ്റ്റൻ ഉടൻ തന്നെ മാർക്ക് ചെയ്യാതെ നിന്നിരുന്ന സന്റാനയ്ക്ക് പാസ് നൽകി. സന്റാനയുടെ ഷോട്ട് വലയിൽ. ഒരു ഗോളിന് പിന്നിൽ നിന്ന ഹൈദരാബാദ് വെറും 15 സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഒരു ഗോളിന് മുന്നിൽ.

പിന്നാലെ 68-ാം മിനിറ്റിൽ ഹൈദരാബാദ് മൂന്നാം ഗോളും സ്വന്തമാക്കി. യുവതാരം ലിസ്റ്റൻ കൊളാകോയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ ലിസ്റ്റൻ രണ്ട് ഈസ്റ്റ് ബംഗാൾ താരങ്ങളെ മനോഹരമായി ഡ്രിബിൾ ചെയ്ത് മുന്നോട്ടുകയറി നൽകിയ പാസ് വലയിലേക്ക് തിരിച്ചുവിടേണ്ട കാര്യമേ ഹാളിചരൺ നർസാരിക്ക് ഉണ്ടായിരുന്നുള്ളൂ.

81-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയ മഗോമ ഹൈദരാബാദിന് വെല്ലുവിളി ഉയർത്തി. പിൽക്കിങ്ടൺ എടുത്ത ഫ്രീ കിക്ക് ഒരു ഹെഡറിലൂടെ മഗോമ വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഇരു ടീമുകൾക്കും ഏതാനും അവസരങ്ങൾ കൂടി ലഭിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല.

ജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് കയറി. നാലാം തോൽവി നേരിട്ട ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !