ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
22 പന്തുകള്‍ നേരിട്ട ഹാര്‍ദിക് പാണ്ഡ്യ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 42 റണ്‍സോടെ പുറത്താകാതെ നിന്നു.
അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തുകള്‍ നേരിട്ട ധവാന്‍ രണ്ടു സിക്‌സും നാലു ഫോറുമടക്കം 52 റണ്‍സെടുത്തു.
24 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ വിരാട് കോലി രണ്ടു വീതം സിക്‌സും ഫോറുമടക്കം 40 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ അഞ്ചു പന്തില്‍ നിന്ന് 12 റണ്‍സോടെ പുറത്താകാതെ നിന്നു. സഞ്ജു 10 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.
195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.
ഓപ്പണിങ് വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 22 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ആന്‍ഡ്രു ടൈ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിരുന്നു.
പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം ടീമിനെ നയിക്കുന്ന മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ നാലു ഫോറും ഒരു സിക്‌സുമടക്കം വെയ്ഡ് 58 റണ്‍സെടുത്തു.
സ്റ്റീവ് സ്മിത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 46 റണ്‍സെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മാത്യു വെയ്ഡ് മികച്ച തുടക്കമാണ് നല്‍കിയത്. വെയ്ഡ് തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയില്‍ 59 റണ്‍സാണ് ഓസീസ് സ്‌കോറിലെത്തിയത്.
ഇതിനിടെ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സുമായി ഡാര്‍സി ഷോര്‍ട്ട് മടങ്ങി. തന്റെ ആദ്യ ഓവറില്‍ തന്നെ ടി. നടരാജനാണ് ഷോര്‍ട്ടിനെ പുറത്താക്കിയത്.
ഇതിനു പിന്നാലെ എട്ടാം ഓവറിലെ അവസാന പന്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് തകര്‍ത്തടിച്ച് മുന്നേറിയ മാത്യു വെയ്ഡിനെ പുറത്താക്കിയത്. സുന്ദറിന്റെ പന്തിലെ ബൗണ്‍സ് മനസിലാക്കുന്നതില്‍ പിഴച്ച വെയ്ഡിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് പിടിക്കാന്‍ ക്യാപ്റ്റന്‍ കോലിക്ക് സാധിച്ചില്ല. എന്നാല്‍ കോലി ക്യാച്ചെടുത്തെന്ന് ഉറപ്പിച്ച് തിരികെ ക്രീസില്‍ കയറാതിരുന്ന വെയ്ഡിനെ ഉടന്‍ തന്നെ കോലി റണ്ണൗട്ടാക്കുകയായിരുന്നു.
13 പന്തില്‍ രണ്ടു സിക്‌സടക്കം 22 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഷാര്‍ദുല്‍ താക്കൂര്‍ തന്റെ സ്ലോ ബോളില്‍ വീഴ്ത്തുകയായിരുന്നു. മോയസ് ഹെന്റിക്വസ് 18 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. മാര്‍ക്കസ് സ്റ്റോയ്‌നിസ് (16), ഡാനിയല്‍ സാംസ് (8) എന്നിവര്‍ പുറത്താകാതെ നിന്നു.
കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ടി. നടരാജന്‍ ഈ മത്സരത്തിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയ നടരാജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
അതേസമയം യൂസ്‌വേന്ദ്ര ചാഹല്‍ ഈ മത്സരത്തില്‍ നിരാശപ്പെടുത്തി. ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറില്‍ 51 റണ്‍സാണ് ചാഹല്‍ വഴങ്ങിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !