ഐ.എസ്.എല്ലിൽ ആദ്യ സീസണിനെത്തിയ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ മൂന്നാം തോൽവി. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ തകർത്തത്.
ഇത്തവണയും ഒരു ഗോൾ പോലും നേടാനാകാതെ ഈസ്റ്റ് ബംഗാൾ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
മത്സരത്തിന്റെ 33-ാം മിനിറ്റിൽ സുർചന്ദ്ര സിങ്ങിന്റെ സെൽഫ് ഗോളിലാണ് നോർത്ത് ഈസ്റ്റ് മുന്നിലെത്തിയത്. ക്വെസി അപിയയുടെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. പന്തുമായി മുന്നേറിയ അപിയ ബോക്സിലുണ്ടായിരുന്ന ഇദ്രിസ സില്ലയ്ക്ക് പന്ത് ക്രോസ് ചെയ്തു. പന്ത് നേരിട്ട് വലയിലേക്ക് തിരിച്ചുവിടാൻ സില്ലയ്ക്ക് സാധിച്ചില്ല. എന്നാൽ സില്ലയുടെ കാലിൽ തട്ടിയ പന്ത് താരത്തെ മാർക്ക് ചെയ്യാൻ പിന്നിലുണ്ടായിരുന്ന സുർചന്ദ്ര സിങ്ങിന്റെ കാലിൽ തട്ടി പോസ്റ്റിലേക്ക് പോകുകയായിരുന്നു. ഗോൾ കീപ്പർ ദേബ്ജിത്തിന് പന്ത് തടയാൻ സാധിച്ചില്ല.
പിന്നീട് ഇൻജുറി ടൈമിൽ മലയാളി താരം വി.പി സുഹൈറിന്റെ ക്രോസിൽ നിന്ന് റോച്ചർസെലയാണ് നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ നേടിയത്.
മത്സരത്തിൽ ഉടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫൈനൽ തേർഡിലെ പിഴവുകളാണ് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായത്. ഈസ്റ്റ് ബംഗാൾ താരം ജാക്വസ് മഗോമ മികച്ച ഏതാനും മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. 14 ഷോട്ടുകളാണ് ബംഗാൾ താരങ്ങളുടെ ബൂട്ടിൽ നിന്നും പിറന്നത്.
20-ാം മിനിറ്റിൽ അഷുതോഷ്, മഗോമയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിക്കേണ്ടിയിരുന്ന ഉറച്ച പെനാൽറ്റി റഫറി അനുവദിക്കാതിരുന്നതും കൊൽക്കത്ത ടീമിന് തിരിച്ചടിയായി. ഇരു ടീമുകൾക്കും ലഭിക്കേണ്ടിയിരുന്ന ഏതാനും പെനാൽറ്റി അവസരങ്ങൾ റഫറി നിഷേധിക്കുന്നതിനും മത്സരം സാക്ഷിയായി.
ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റുമായി നോർത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്നു തോൽവികളുമായി ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്.
മൂന്ന് മലയാളി താരങ്ങളാണ് ഇന്ന് ഇരു ടീമിലുമായി കളിക്കാനിറങ്ങിയത്. നോർത്ത് ഈസ്റ്റിന് വേണ്ടി മലയാളി താരം മഷൂർ ആദ്യ ഇലവനിലിറങ്ങി. രണ്ടാം പകുതിയിൽ സുഹൈറും. ഈസ്റ്റ് ബംഗാളിനായി സി.കെ വിനീതും ഇന്ന് ആദ്യ മത്സരം കളിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !